ഉമ കൃഷ്ണന്‍, തൃഷയ്ക്ക് അമ്മ മാത്രമല്ല. കൂട്ടുകാരിയും ചേച്ചിയുമൊക്കെയാണ്. അമ്മയോട് പറയാത്തതായി ഒന്നുമില്ല. ആകാശത്തിന് കീഴിലുള്ള എല്ലാ കാര്യവും അമ്മയോട് പറയാറുണ്ടെന്ന് ‘വിണ്ണൈതാണ്ടിവരവായ’യുടെ സെറ്റില്‍വച്ച് തൃഷ തുറന്നുപറഞ്ഞിരുന്നു. ലൊക്കേഷനുകളിലും പരിപാടികളിലും തൃഷയ്ക്ക് കൂട്ടുപോകുന്നതും ഉമ തന്നെയാണ്.
എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ തൃഷയ്‌ക്കൊപ്പം നില്‍ക്കാന്‍ ഉമ പലപ്പൊഴും വിസമ്മതിച്ചിരുന്നു. പക്ഷെ ഉമ ഇപ്പോള്‍ തീരുമാനം മാറ്റിയിരിക്കുകയാണ്. അതെ ഉമയും തൃഷയും ഒന്നിച്ചഭിനയിക്കുന്നു. വസുമതി അരിയുടെ പരസ്യത്തിലാണ് ഉമ തൃഷയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടുന്നത്. ഈ പരസ്യത്തിന്റെ ഷൂട്ടിംങ് അതീവ രഹസ്യമായാണ് നടത്തിയത്. ചെന്നൈയിലെ ഒരു സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം.
ഉമയെ ചലച്ചിത്ര രംഗത്തേക്ക് കൊണ്ടുവരാന്‍ കമലഹാസന്‍ ഉള്‍പ്പെടെയുള്ള നായകന്‍മാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മകളുടെ കരിയറില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനായി ഉമ അവസരങ്ങള്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഈ പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെടാന്‍ ഉമയെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഉമ തയ്യാറായിട്ടുമില്ല.
പരസ്യം തെന്നിന്ത്യന്‍ ടെലിവിഷന്‍ ചാനലുകളില്‍ ഉടന്‍ പ്രത്യക്ഷപ്പെടും. ഇതിന്റെ ഹിന്ദി പതിപ്പില്‍ മാധുരി ദീക്ഷിതാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല