അപ്പച്ചന്‍ കണ്ണഞ്ചിറ
ആത്മീയ-സാമൂഹിക മേഖലകളില്‍ സ്തുത്യര്‍ഹ പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്ന താമരശ്ശേരി രൂപതയുടെ രജതജൂബിലി പ്രവാസി സമൂഹം ലെസ്റ്ററില്‍ പ്രൗഢഗംഭീരമായി ആഘോഷിക്കുന്നു.ഏപ്രില്‍ പതിനാറിന് നടക്കുന്ന തെയ്റോ രജതോത്സവവും താമരശേരി രൂപതാ സംഗമവും രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനി ഉദ്ഘാടനംചെയ്യും.
ആഘോഷവും സംഗമവും അവിസ്മരണീയമാക്കുന്നതിന് യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള താമരശേരി രൂപതാംഗങ്ങള്‍ തീരുമാനിച്ചു.
ലങ്കാസ്റ്റര്‍ രൂപതയിലെ സീറോമലബാര്‍ ചാപ്ലൈന്‍ റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍, ഫാ. തോമസ് കളപ്പുരയ്ക്കല്‍ തുടങ്ങിയ താമരശേരി രൂപതാംഗങ്ങളായ വൈദികര്‍ ആഘോഷത്തിന്‍റെ സംഘാടനത്തിന് ചുക്കാന്‍പിടിക്കുന്നു.
കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലം ആത്മീയത, ആതുരസേവനം, വിദ്യാഭ്യാസം, കൃഷി, സംസ്കാരം തുടങ്ങിയ വിഭിന്ന മേഖലകളില്‍ ശ്രദ്ധേയമായ കര്‍മപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയും സുവര്‍ണ നേട്ടങ്ങള്‍ കൈവരിക്കുകയുംചെയ്തതിനെ സ്മരിച്ചുകൊണ്ട് മുത്തുക്കുടകള്‍ വഹിച്ച 25 പേരും 25 വീതം ഫ്ളവര്‍ഗേള്‍സും താലപ്പൊലിയേന്തിയ വനിതകളും, ദീപങ്ങളേന്തിയവരും, പേപ്പല്‍ പതാകകള്‍ വഹിച്ചവരും വാദ്യമേളങ്ങളുടെ അകന്പടിയോടെ വിശിഷ്ടാതിഥികളെ പള്ളിയിലേക്ക് ആനയിക്കും.താമരശേരി രൂപതയില്‍നിന്നുള്ള അഞ്ചു വൈദികരും മൂന്നു കന്യാസ്ത്രീകളും യുകെയില്‍ ആത്മീയ സേവനമനുഷ്ഠിക്കുന്നുണ്ട്.
ഏപ്രില്‍ പതിനാറിന് രാവിലെ പത്തിന് സ്വീകരണം, തുടര്‍ന്ന് ആരോധന, ആഘോഷമായ സമൂഹബലി, സ്നേഹവിരുന്ന്, സാംസ്കാരിക സമ്മേളനം,കലാസായാഹ്നം എന്ന ക്രമത്തിലാണ് പരിപാടികള്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഈ സംഗമം വന്‍വിജയമാക്കിത്തീര്‍ക്കാന്‍ താമരശേരി രൂപതയില്‍നിന്നുള്ള എല്ലാവരെയും ലെസ്റ്ററിലേക്ക് സ്വാഗതംചെയ്യുന്നതായി ഫാ. മാത്യൂ ചൂരപ്പൊയ്കയിലും ഫാ. തോമസ് കളപ്പുരയ്ക്കലും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. മാത്യുവിനെ(07772026235) ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല