അജിത് പാലിയത്ത്: ഷെഫീല്ഡ് കേരളാ കള്‍ച്ചറല്‍ അസോസ്സിയേഷന്‍ തുടങ്ങിയിട്ട് 2015 നവംബറില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാകുന്നു. ഷെഫീല്‍ഡ് മലയാളി കുടുംബങ്ങളുടെ കലാ സാംസ്‌കാരിക സാമൂഹ്യ ഉന്നമനത്തിനായി തുടങ്ങിയ ഈ കൂട്ടയ്മ്മയ്ക്ക് യൂക്കെയിലെ മലയാളി സമൂഹത്തിന് തന്നെ അഭിമാനിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ നല്കുവാന്‍ സാധിച്ചു. ഈ ആഘോഷനാളുകളില്‍ അസ്സോസ്സിയേഷന്റെ കഴിഞ്ഞ നാളുകളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുകയാണ്.
ഇംഗ്ലണ്ട് മലയാളിയുടെ പ്രബുദ്ധമായ പ്രവാസജീവിതത്തിന് നിറമുള്ള ഒത്തിരി കഥകള്‍ പറയുവാനുണ്ട്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ പച്ചപ്പ് നിറഞ്ഞ ഊഷരഭൂമിയില്‍ നിന്ന് സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും നിറച്ചാര്‍ത്ത് തേടി കടലുകടന്ന മലയാളി, പാശ്ചാത്യനാടുകളിലും ഗള്‍ഫ് രാജ്യങ്ങളിലും ആദ്യനാളുകളില്‍ വാസമുറപ്പിച്ചു. എങ്കിലും പുതിയ ആകാശവും പുതിയ ഭൂമിയും പുതിയ ജീവിതവും എന്നും സ്വപ്നം കാണുന്ന സാധാരണക്കാരനായ ഒരു
ശരാശരി മലയാളി പിന്നീട് യുക്കേയിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് കണ്ടത്.
ലണ്ടനിലും പരിസരപ്രദേശങ്ങളിലും മലയാളി സമൂഹം എത്തിയിട്ട് നാല്പ്പത്തിന് മേല്‍ വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. എന്നാല്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമായിരുന്നു ഇത്. രണ്ടായിരമാണ്ടോടുകൂടിയാണ് ഇംഗ്ലണ്ടിലേക്ക് ആതുര സേവനരംഗത്തെ തൊഴില് സാദ്ധ്യതകളെ മുതലെടുത്ത് മലയാളികള്‍ എത്തിത്തുടങ്ങിയതെങ്കിലും ഷെഫീല്ഡില് 2001 വര്‍ഷത്തോടെയാണ് വലിയ അര്‍ത്ഥത്തിലുള്ള കുടിയേറ്റം തുടങ്ങിയത്. യുക്കെയിലെ സ്റ്റീല്‍ സിറ്റി എന്നറിയപ്പെട്ടിരുന്ന ഷെഫീല്‍ഡില്‍ കുടിയേറിയ മലയാളികളില്‍ പലരും ഇന്ത്യയുടെ പല ഭാഗങ്ങളിലും കേരളത്തിലുമായി ജോലി ചെയ്തിരുന്നവര്‍ ആയിരുന്നെങ്കിലും ഗണ്യമായ ഭാഗം ഗള്‍ഫ് മേഖലകളില്‍ ജോലി ചെയ്തിരുന്നവരായിരുന്നു.
കുടിയേറ്റം നടത്തിയ നാടുമായി സമരസപ്പെട്ടുപോകാനാണ് എക്കാലവും മലയാളി ജനത ശ്രമിച്ചിട്ടുള്ളത്. ഇത് മനസ്സിലാകി ഷെഫീല്‍ഡ് മലയാളി സമൂഹം സാധാരണയായി ഓരോ വര്‍ഷങ്ങളിലും നടത്തുന്ന ഓണപ്പരിപാടികളിലും ക്രിസ്മസ്സ് ന്യൂഇയര്‍ തുടങ്ങി വാര്‍ഷീക പൊതുയോഗങ്ങളും അല്ലാതെ നിരവധി തദ്ദേശ സാമൂഹ്യ പരിപാടികള്‍ നടത്തുവാന്‍ തുടങ്ങിയത്. അസ്സോസ്സിയേഷന്‍ അംഗങ്ങളുടെ സാഹിത്യപരമായ കഴിവുകള്‍ പുറത്തുകൊണ്ടുവരുവാന്‍ യുക്കെ മലയാളി
അസോസിയേഷനുകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി അജിത് പാലിയത്തിന്റെ നേതൃത്വത്തില്‍ അസ്സോസ്സിയെഷനുവേണ്ടി ‘തളിര്’ മാസിക പ്രകാശനം ചെയ്തു. കെട്ടിലും മട്ടിലും പുതുമയുമായി ഇറക്കിയ മാസിക, യുക്കെയിലെ പല അസ്സോസ്സിയേഷനുകളും ചോദിച്ച് വാങ്ങുകയുണ്ടായി എന്നുള്ളത് അഭിമാനത്തോടെ ഇന്നും ഓര്‍ക്കുന്നു. അങ്ങനെ പല പല നൂതന ആശയങ്ങളും പ്രാവര്‍ത്തികമാക്കി മലയാളിക്ക് വളരാനുള്ള മണ്ണാക്കി അസ്സോസ്സിയേഷന്‍ പ്രവര്‍ത്തനങ്ങളെ മാറ്റുകയായിരുന്നു പിന്നീട് ഷെഫീല്ഡ് മലയാളികള്‍.
മറ്റേത് രാജ്യത്ത് നിന്നും കുടിയേറിയ പൗരന്മാര്‍ക്ക് എത്തിച്ചേരാന്‍ പറ്റാത്ത തലങ്ങളില്‍ പോലും ഷെഫീല്‍ഡ് മലയാളികള്‍ക്ക് എത്തിപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് തികച്ചും അഭിനന്ദാര്‍ഹമാണ്. ഇതിന്റെ ഉത്തമോദാഹരണമാണ് ഇവിടുത്തെ വ്യാപാരമേഖല. അതുപോലെ അസ്സോസ്സിയേഷന്‍ പരിപാടികളിലും മറ്റ്
സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്ത് വളര്‍ന്ന് വന്ന നമ്മുടെ കുട്ടികള്‍ ഇന്ന് ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉയര്‍ന്ന ഓഫീസ്സ് ഉദ്യോഗസ്ഥരായും മാറുന്ന കാഴ്ചയാണ് പിന്നീടു കണ്ടത് . ഇവിടെ താമസ്സമാക്കിയ പല കുടുംബങ്ങളും പിന്നീട് മറ്റ് പച്ചപ്പ് തേടി കടല് കടക്കുകയോ മറ്റ് സ്ഥലങ്ങളിലേക്ക് ജോലിപരമായി താമസ്സം മാറുകയോ ചെയ്‌തെങ്കിലും ഷെഫീല്‍ഡ് മലയാളി സമൂഹം, ഇംഗ്ലീഷ് സമൂഹത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് കൊണ്ട് വളര്‍ന്നു വന്നു.
മുപ്പതു കുടുംബങ്ങളുമായി 2005 നവംബറില്‍ തുടങ്ങിയ ഈ കൂട്ടയ്മ്മയുടെ ആദ്യ പേര് ‘ഷെഫീല്ഡ് കേരള സമാജം’ എന്നായിരുന്നു. പിന്നീട് ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസോസ്സിയേഷന്‍ എന്ന പേര് സ്വീകരിച്ചു. തുടക്കത്തില്‍ കമ്മറ്റി അംഗങ്ങളുടെ സംഭാവനകളായിരുന്നു അസ്സോസ്സിയേഷന്‍ പരിപാടികള്‍ നടത്തുവാന്‍ സ്വീകരിച്ചതെങ്കിലും പിന്നീട് പ്രാദേശിക കൗന്‍സിലില്‍ നിന്നും ഗ്രാന്‍ഡ് മേടിച്ചും വ്യക്തിഗത സംഭാവനകള്‍ കൊണ്ടും അസ്സോസ്സിയേഷന്‍ നന്നായി മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിച്ചു. ഇതില്‍ എടുത്ത് പറയേണ്ടുന്ന അസ്സോസ്സിയേഷന്‍ വ്യക്തിയാണ് ബെന്നി ജോര്‍ജ്ജ്.
കേരളത്തിന്റെ പാരമ്പര്യവും തനിമയും സംസ്‌കാരവും പകര്‍ന്നു നല്കാന്‍ അസ്സോസ്സിയേഷന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നു. സാമൂഹ്യ പ്രവര്‍ത്തനങ്ങളോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്കുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉന്നമനത്തിനായി എന്നും നിലകൊള്ളുന്ന ഈ കൂട്ടയ്മ്മ യുക്കെ മലയാളി സമൂഹത്തില്‍ വേറിട്ട് നില്ക്കുകയാണ്.
തനതു പ്രവര്‍ത്തനങ്ങളുടെ പത്ത് വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തില്‍ വിവിധ പരിപാടികളാണ് തെയ്യാറാക്കിയിരിക്കുന്നത് ‘ദശവര്‍ഷോത്സവം’ എന്ന പേരില്‍ നടത്തുന്ന ലൈവ് ഗാനമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തെത്തിയ നജീം അര്‍ഷദാണ് ഗാനമേളക്ക് നേതൃത്വം നല്കുന്നത്. നജീമിനൊപ്പം ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം അരുണ്‍ ഗോപനും കൈരളി ടിവിയിലൂടെ പ്രശസ്തയായ വൃന്ദ ഷമീക്കും ചേരുന്നു.
ഈ വാര്‍ഷീക സമ്മേളനം വിജയകരമാക്കുവാന്‍ പ്രസിഡണ്ട് ഷാജു സി ബേബിയുടെ നേതൃത്വത്തില്‍ അസ്സോസ്സിയേഷന്‍ കമ്മറ്റി അംഗങ്ങളായ സ്റ്റാന്‍ലി ജോസഫ് (സെക്രട്ടറി), ഷിബു ജോര്‍ജ്ജ് (ജോയിന്റ് സെക്രട്ടറി), ബിബിന്‍ ജോസ് (ട്രഷറര്‍), റോജന്‍ ജയിംസ്സ്!, ശ്രീകുമാര്‍ വാരകില്‍, എബ്രഹാം ജോര്‍ജ്ജ്, ആനി പാലിയത്ത് എന്നിവര്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങികഴിഞ്ഞു. അസ്സോസ്സിയേഷന്റെ ഈ പത്താം വര്‍ഷ ആഘോഷത്തിന്റെ സ്മരണികയായി അജിത് പാലിയത്ത്, വര്‍ഗീസ് ഡാനിയേല്‍ എന്നിവരുടെ പത്രാധിപസമിതിയിലൂടെ ‘പ്രയാണം’ എന്ന സുവനീറും പുറത്തിറക്കുന്നു.
നവംബര്‍ എട്ടിന് വൈകുന്നേരം നാല് മുതലാണ് പൊതുസമ്മേളനവും ലൈവ് ഗാനമേളയും ഒരുക്കിയിരിക്കുന്നത്. ഈ ദൃശ്യശ്രവ്യ വിരുന്നില്‍ സകുടുംബം പങ്കെടുക്കാന്‍ എസ്‌കെസിഎ ഭാരവാഹികള്‍ ഏവരേയും സസന്തോഷം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജു സി ബേബി (07846593330), ബിബിന്‍ ജോസ് (07807791368)
സമ്മേളന വിലാസം: Lady Mabel Hall, Ecclesfield School, Chapeltown Road, Sheffield S35 9WD
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല