കൊല്‍ക്കത്ത: നാലാം സീസണ്‍ ഐ.പി.എല്ലില്‍ അയിത്തം കല്‍പ്പിച്ചിരുന്ന സൗരവ് ഗാംഗുലിക്ക് ഒടുവില്‍ ആശ്വാസകരമായ വാര്‍ത്തയെത്തി. പൂനെ വാരിയേര്‍സിനു വേണ്ടി കളിക്കാനാണ് കൊല്‍ക്കത്തയുടെ രാജകുമാരന് അവസരമൊരുങ്ങിയിരിക്കുന്നത്. പരിക്കേറ്റ ആശിഷ് നെഹ്‌റയ്ക്ക് പകരമായിരിക്കും ദാദ പൂനെയ്ക്കുവേണ്ടി കളിക്കുക.
ഗാംഗുലി നാളെ വാരിയേര്‍സിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. വാരിയേര്‍സിന്റെ ബാക്കിയുള്ള നാലുകളികളിലും ദാദ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ നെഹ്‌റയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഗാംഗുലിയുമായി ബന്ധപ്പെടുമെന്നും വാരിയേര്‍സ് ഡയറക്ടര്‍ അഭിജിത് സര്‍ക്കാര്‍ പറഞ്ഞു.
നാലാം ഐ.പി.എല്‍ സീസണിന്റെ ലേലത്തില്‍ ഗാംഗുലിയെ വാങ്ങാന്‍ ഫ്രാഞ്ചൈസികളൊന്നും തയ്യാറായിരുന്നില്ല. കഴിഞ്ഞ സീസണിലെ ടീമായ കൊല്‍ക്കത്ത പോലും ദാദയെ കൈവെടിഞ്ഞു. കളിക്കാന്‍ താന്‍ തയ്യാറായിരുന്നെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ദാദയെ ടീമിലെടുക്കാന്‍ ആരും താല്‍പ്പര്യം കാണിച്ചില്ല. ഒടുവില്‍ കൊച്ചിക്കുവേണ്ടി ഗാംഗുലി കളിച്ചേക്കുമെന്നുവരെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല