കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് കടന്നിരിക്കാമെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കുറ്റവാളികളുടെ പട്ടിക ഇന്ത്യ പാകിസ്താന് കൈമാറിയ സാഹചര്യത്തിലാണ് കറാച്ചിയില്‍ നിന്നും കൂടുതല്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് ദാവൂദ് മാറിയതെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, പാകിസ്താന്‍ വിട്ട ദാവൂദ് എവിടെയാണ് ഒളിവില്‍ കഴിഞ്ഞിരിക്കുന്നതെന്ന് വ്യക്തമല്ല. ആഫ്രിക്കന്‍, ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമേ ഓസ്‌ട്രേലിയ യൂറോപ്, യു.എസ് എന്നിവിടങ്ങളിലും ദാവൂദിന് ബിസിനസ് ബന്ധങ്ങളുണ്ട്.
ദാവൂദ് പാകിസ്താന്‍ വിട്ടെങ്കിലും അദ്ദേഹത്തിന്റെ പല സംഘാംഗങ്ങളും പാകിസ്താനില്‍ തന്നെ ഒളിവില്‍ കഴിയുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.എസ് പ്രേത്യേകസേനയുടെ ആക്രമണത്തില്‍ മെയ് രണ്ടിനു അല്‍ ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്താനില്‍ ഒളിവില്‍ കഴിയുന്ന കുറ്റവാളികള്‍ക്ക് സ്വന്തം സുരക്ഷിതത്വത്തില്‍ ആശങ്കയുള്ളതായും രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരം കിട്ടിയിട്ടുണ്ട്.
ലാദനു നേരെ യു.എസ് സേന നടത്തിയതുപോലെയുള്ള ആക്രമണം തങ്ങള്‍ക്കു നേരെയും ഉണ്ടായേക്കുമെന്നാണ് ഇവരില്‍ അധികവും ഭയക്കുന്നത്. ലാദന്‍ വധത്തിനു ശേഷം അമേരിക്കയ്ക്കു പിന്നാലെ ഇന്ത്യയും ഇത്തരം സുചനകള്‍ നല്‍കിയിരുന്നു.
ഇന്ത്യ കൈമാറിയ കൊടുംകുറ്റവാളികളുടെ പട്ടികയില്‍ രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങളിലും മറ്റ് കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടവരുടെ പേരുകളാണുള്ളത്. ഇവരില്‍ അധികവും പാകിസ്താന്‍ സ്വദേശികളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല