സ്വന്തം ലേഖകൻ: ഹൃദ്രോഗങ്ങൾ വർധിക്കുന്നതിനു പിന്നിൽ അനാരോഗ്യകരമായ ഭക്ഷണശീലവും വ്യായാമമില്ലായ്മയും സമ്മർദവുമൊക്കെയാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പലരും സമയക്കുറവിന്റെ പേരുപറഞ്ഞ് വ്യായാമത്തിൽ നിന്നു വിട്ടുനിൽക്കുന്നവരാണ്. എന്നാൽ കഠിനമായി വർക്കൗട്ട് ചെയ്തില്ലെങ്കിലും ഹൃദ്രോഗത്തെ ചെറുക്കാൻ ചില ശീലങ്ങൾ കൂടെകൂട്ടിയാൽ മതി.
അതിൽ പ്രധാനമാണ് പടികൾ കയറൽ എന്നു വ്യക്തമാക്കുന്ന പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പലരും ലിഫ്റ്റുകളെ ആശ്രയിക്കുന്നവരാണ്, എന്നാൽ അതിനുപകരം പടികൾ കയറുന്നത് ശീലമാക്കുന്നതിലൂടെ ഹൃദ്രോഗത്തെ ഒരുപരിധിവരെ ചെറുക്കാനാവുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ദിവസവും അമ്പതു സ്റ്റെപ്പുകൾ കയറുന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് പഠനത്തിൽ വ്യക്തമായത്. അമേരിക്കയിലെ ടൂലേയ്ൻ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ.
അതിരോസ്ക്ലിറോസിസ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദിവസവും അമ്പതു ചുവടുകൾവെക്കുന്നത് ഹൃദ്രോഗസാധ്യത ഇരുപതുശതമാനത്തോളം കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. കാർഡിയോ റെസ്പിറേറ്ററി ഫിറ്റ്നസ് നേടിയെടുക്കുന്നതിൽ പടികൾ കയറുന്നതിന്റെ സ്ഥാനം വലുതാണെന്ന് ഗവേഷകർ കണ്ടെത്തി.
നിലവിൽ പ്രത്യേകിച്ച് വ്യായാമങ്ങൾ ഒന്നും ചെയ്യാത്തവരിൽ ഈ രീതി ശീലമാക്കുന്നത് ഗുണംചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്. യുകെ ബയോബാങ്ക് ഡാറ്റയിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് വിലയിരുത്തലിൽ എത്തിയത്. പ്രായപൂർത്തിയായ 450,000 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്.
ഹൃദ്രോഗസാധ്യത, കുടുംബപശ്ചാത്തലം, റിസ്ക് ഫാക്റ്ററുകൾ, ജീവിതശൈലി, പടികൾ കയറുന്ന ശീലം തുടങ്ങിയവ ആസ്പദമാക്കിയാണ് ഗവേഷണം നടത്തിയത്. തുടർന്നാണ് ദിവസവും പടികൾ കയറുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല