ലണ്ടന്‍: ദിവസം അല്‍പം മദ്യപിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പഠന റിപ്പോര്‍ട്ട്. ദിവസവും അല്‍പം സ്‌മോള്‍ ആസ്വദിച്ച് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതകള്‍ കുറക്കും.
കുറഞ്ഞ അളവില്‍ ആല്‍ക്കഹോള്‍ ശരീരത്തിലെത്തുന്നത് രക്തത്തിലെ കൊളസ്‌ട്രോള്‍ ലെവല്‍ മെച്ചപ്പെടുത്തുകയും അതുവഴി ദഹനവുമായി ബന്ധപ്പെട്ട രക്തത്തിലെ ഘടകങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍.
ഈ പ്രക്രിയ വഴി ഹൃദയത്തെ സംരക്ഷിക്കുകയും രക്തക്കുഴലുകളില്‍ രക്തം കട്ടയാവുന്നത് തടയുകയും ചെയ്യാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷ് ഓണ്‍ലൈന്‍ മെഡിക്കല്‍ ജേണലിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അമിത മദ്യപാനം കൊണ്ടുള്ള ദോഷം പറയുന്നതിനേക്കാള്‍ നല്ലത് അല്‍പം കഴിക്കാന്‍ നിര്‍ദേശം നല്‍കുന്നതാണെന്ന സന്ദേശത്തോടെയാണ് ജേര്‍ണല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്ക് ഒരു മീഡിയം ഗ്ലാസ് വൈനോ, ഡബിള്‍ ജിന്നോ, വൈകുന്നേരങ്ങളില്‍ നിര്‍ഭയം കഴിക്കാം. പുരുഷന്‍മാര്‍ക്ക് രണ്ട് മീഡിയം ഗ്ലാസ് മദ്യം വരെ രാത്രി കഴിക്കാമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഈ പഠനത്തില്‍ ആല്‍ക്കഹോളുകളെ വര്‍ഗീകരിക്കുകയോ, ചുവന്ന വൈന്‍ നല്ലതാണെന്ന് പറയുകയോ ചെയ്തിട്ടില്ല.
ഇപ്പോഴത്തെ എന്‍.എച്ച്.എസ് നിര്‍ദേശ പ്രകാരം സ്ത്രീകള്‍ ആഴ്ചയില്‍ പരമാവധി 14യൂണിറ്റും പുരുഷന്‍മാര്‍ 21യൂണിറ്റും മാത്രമേ കഴിക്കാന്‍ പാടുള്ളൂ. അല്‍പം മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എന്‍.എച്ച്.എസും പറയുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല