ജോണിക്കുട്ടി പിള്ളവീട്ടില്‍ (ചിക്കാഗോ): മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന 48 മണിക്കൂര്‍ അഖണ്ഡ ജപമാലയും 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും ഭക്തിനിര്‍ഭരമായി. ഒക്‌ടോബര്‍ 29നു വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച 48 മണിക്കൂര്‍ അഖണ്ഡ ജപമാലയും 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും അഭിവന്ദ്യ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്തു.
വൈകുന്നേരം നടന്ന വിശുദ്ധ കുര്‍ബാനയില്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് മുഖ്യകാര്‍മികനും ഇടവക വികാരി ഫാ. തോമസ് മുളവനാല്‍, അസിസ്റ്റന്റ് വികാരി ഫാ. സുനി പടിഞ്ഞാറേക്കര എന്നിവര്‍ സഹകാര്‍മികരുമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ കാലഘട്ടങ്ങളില്‍ നടന്നതും, സഭ ഔദ്യോഗികമായും ശാസ്ത്രീയമായും പഠിപ്പിച്ചിട്ടുള്ളതും അംഗീകരിച്ചിട്ടുള്ളതുമായ നൂറില്‍പ്പരം ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ പള്ളികളില്‍ നിന്നുള്ള നിരവധി വിശ്വാസികളും വൈദീകരും സിസ്റ്റേഴ്‌സും, അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് പിതാവും ജപമാലയിലും പ്രദര്‍ശനങ്ങളിലും പങ്കെടുത്തു.
ഒക്‌ടോബര്‍ 31നു ശനിയാഴ്ച വൈകുന്നേരം 7 മണിക്കുള്ള വിശുദ്ധ കുര്‍ബാനയോടെ അഖണ്ഡ ജപമാലയും ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും സമാപിച്ചു. സമാപന ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത് രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ടും സഹകാര്‍മികരായി റവ.ഫാ. തോമസ് മുളവനാല്‍, റവ.ഫാ. ഏബ്രഹാം മുത്തോലത്ത് എന്നിവരായിരുന്നു. ദിവ്യകാരുണ്യത്തോടുള്ള ഭക്തിയും വിശ്വാസവും ആഴപ്പെടാന്‍ ഈ പ്രദര്‍ശനം സഹായിച്ചുവെന്ന് വിശ്വാസികള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല