മകരജ്യോതി ദിനമായി വരാറുള്ള ജനുവരി 14ന് ശബരിമലയില്‍ വന്‍ ദുരന്തമുണ്ടാകുന്നത് ഇത് മൂന്നാം തവണ. കൃത്യം പന്ത്രണ്ട് കൊല്ലം മുമ്പ് 1999 ജനവരി 14നു മകരജ്യോതി നാളില്‍ പമ്പ ബേസ് ക്യാമ്പിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 53 പേരാണ് അന്നു മരിച്ചത്. ഇതില്‍ ഭൂരിഭാഗവും കേരളത്തിനു പുറത്തുനിന്നെത്തിയ തീര്‍ഥാടകരായിരുന്നു.
മകജ്യാതി കണ്ടുകഴിഞ്ഞു മടങ്ങുകയായിരുന്ന തീര്‍ഥാടകരാണ് അന്നും ദുരന്തത്തിന് ഇരയായത്. ആയിരക്കണക്കിന് പേര്‍ മകരജ്യോതി ദര്‍ശനത്തിനായി പമ്പയ്ക്ക് സമീപം തടിച്ചുകൂടിയിരുന്നു.
കുന്നുകളിലും കെട്ടിടങ്ങളിലും മരക്കൊമ്പുകളിലും വാഹനങ്ങള്‍ക്കു മുകളിലും തേങ്ങാക്കൂമ്പാരങ്ങള്‍ക്കുമേലുമൊക്കെ കയറിനിന്നാണ് ഭക്തര്‍ ജ്യോതീദര്‍ശനം നടത്തിയത്. തിരക്കിനിടെ ഒരു കയര്‍ പൊട്ടുകയും ഒരു കുന്നിന്റെ വശങ്ങള്‍ ഇടിയുകയും ചെയ്തു. ഇതിനിടയില്‍ ഒരു തേങ്ങാക്കൂമ്പാരത്തിനുമേല്‍ കയറിനിന്നിരുന്നവര്‍ വഴുതിവീണതാണു ദുരന്തത്തിനിടയാക്കിയത്. പിന്നീട് ഒരു ഇലക്ട്രിക് പോസ്റ്റിന്റെ സ്‌റ്റേ വയര്‍ പൊട്ടിയതും ഒരു ബസ്സിനുമേല്‍ കയറിനിന്നിരുന്നവര്‍ നില തെറ്റി വീണതും ദുരന്തത്തിന് ആക്കം കൂട്ടി.
1952 ജനവരി 14ന് സന്നിധാനത്ത് വെടിമരുന്നിന് തീപിടിച്ച് 64 പേര്‍ മരിച്ചതാണ് ആദ്യസംഭവം. ക്ഷേത്രത്തിനടുത്തു വെടിമരുന്ന് സൂക്ഷിച്ച ഷെഡ്ഡിന് ഉച്ചയ്ക്ക് 3.30നാണ് അന്ന് തീപിടിച്ചത്. പടക്കം പൊട്ടിയപ്പോള്‍ തെറിച്ച തീപ്പൊരി വെടിമരുന്നു ഷെഡ്ഡില്‍ ചെന്നു വീണാണ് അപകടമുണ്ടായത്.
എരുമേലിക്കടുത്ത് പമ്പാവാലിയില്‍ 2009 ഫിബ്രവരി 17ന് ബസ് മറിഞ്ഞ് 15 അയ്യപ്പന്മാരും കണമലയില്‍ ലോറി മറിഞ്ഞ് 2010 ജനവരി 12ന് 11 അയ്യപ്പന്മാരും മരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല