യു കെ മലയാളികല്‍ക്കിടയിലെ ആനുകാലിക സംഭവങ്ങള്‍ പ്രതിപാദിക്കുന്ന ; ആക്ഷേപഹാസ്യ ലേഖനപരമ്പര ദൃക്‌സാക്ഷി ഇന്ന് മുതല്‍ NRI മലയാളിയില്‍ ആരംഭിക്കുന്നു.
ഉദിഷ്ട കാര്യത്തിന്‍റെ ഉപകാരസ്മരണയ്ക്ക്
അസോസിയേഷനിലെ ഓണാഘോഷ പരിപാടിക്കായി മാവേലിയുടെ വേഷം കെട്ടാന്‍ വിധിക്കപെട്ട കുഞ്ഞാണ്ടി ചേട്ടന്‍, മുഖ്യ പ്രഭാഷകന്‍ വേദി വിട്ട നേരം നോക്കി അല്‍പ്പം ശുദ്ധവായു ശ്വസിക്കാനും കൂട്ടത്തില്‍ ഒരു ചെറുത് വീശാനും, കൂടെ ആത്മാവിനു ഒരു പുക നല്‍കാനുമായി കൂട്ടതിലുള്ളവന്മാരുടെ കണ്ണ് വെട്ടിച്ചു നേരെ കാര്‍ പാര്‍ക്കിലെത്തി. പെട്ടെന്നാണ് ഒറ്റയ്ക്ക് കിടക്കുന്ന ഒരു ചെരുപ്പ് മഹാബലി തമ്പുരാന്റെ കണ്ണില്‍ പെട്ടത്. തന്നെ പോലെ ഒറ്റപ്പെട്ടവനായ ആ ചെരിപ്പിനോട് സഹതാപം തോന്നിയ മാവേലി തന്റെ കുട വയറിന്റെ ഭാരം കണക്കിലെടുക്കാതെ കുനിഞ്ഞു ആ ചെരുപ്പ് കൈയ്യിലെടുത്തു. അപ്പോഴാണ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ അതുപെട്ടത്. ആ ചെരിപ്പിന്റെ അടിയില്‍ പതിഞ്ഞിരിക്കുന്ന ഒരു രൂപം, ഇക്കാലത്ത് ദൈവങ്ങളുടെ രൂപം മരത്തിലും ഭിത്തിയിലും തേങ്ങയിലുമൊക്കെ കാണാറുള്ളത് കൊണ്ട് മാവേലി ആകാംഷയോടെ വീണ്ടും അതിലേക്കു നോക്കി.
ബ്രിട്ടീഷ് മലയാളികളുടെ കണ്ണിലുണ്ണി സാക്ഷാല്‍ വ്യക്തി ഹത്യനോസിന്റെ രൂപമായിരുന്നു അതില്‍ പതിഞ്ഞിരുന്നത് . പിന്നെ എല്ലാം പെട്ടന്നായിരുന്നു. വിവരം അറിഞ്ഞു അസോസിയേഷന്‍ അംഗങ്ങള്‍ കാര്‍ പാര്‍ക്കില്‍ ഓടി കൂടി. വിശിഷ്ട വസ്തുവിനെ ഒരു വെള്ള തുണിയില്‍ പൊതിഞ്ഞു ചില്ലിട്ട കൂട്ടില്‍ ഭദ്രമായി വയ്ക്കുവാന്‍ തീരുമാനമായി. വളര്‍ന്നു വരുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കുശുമ്പ് , കുന്നായിമ്മ, വ്യക്തിഹത്യ , മുതലായ കാര്യങ്ങളില്‍ ഗവേഷണം നടത്തുവാന്‍ ഇത് ഉപകാരപ്പെടട്ടെ എന്ന് , പ്രസംഗിക്കാന്‍ ഒരു വിഷയവും കിട്ടാതെ വിഷമിച്ചിരുന്ന പ്രസിഡന്റ് ‘മൈക്ക് തീനി’ എന്ന് വട്ട പേരുള്ള ചെക്കുളം ചാക്കപ്പന്‍ ഉറക്കെ ഉത്‌ഘോഷിച്ചു! കൂട്ടത്തിലുണ്ടായിരുന്ന അമ്പലം വിഴുങ്ങി സെക്രട്ടറി ഈ അത്ഭുതം ഇ മെയില്‍ വഴി യുകെയിലെ മുഴുവന്‍ മലയാളികളെയും അറിയിക്കണമെന്നും തുടര്‍ന്ന് ആഴ്ചയിലൊരിക്കല്‍ അസോസിയേഷന്റെ നേതൃത്തത്തില്‍ ഒരു നൊവേന നടത്താമെന്നും , അതിലൂടെ കിട്ടുന്ന നേര്‍ച്ച കാഴ്ചകള്‍ അടിച്ചു മാറ്റി പുട്ടടിക്കാമെന്നും ഇക്കാര്യത്തില്‍ വിദഗ്ധനായ സെക്രട്ടറിയും കൂട്ടിച്ചേര്‍ത്തു.
ഒപ്പം പ്രാര്‍ഥനയുടെ ഒരു കോപ്പി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു ഇത് ഷെയര്‍ ചെയ്യുന്നവന് ലോട്ടോ അടിക്കും എന്നും , ഇതിന്റെ 100 കോപ്പി എടുത്തു ഷെയര്‍ ചെയ്യുന്നവന് പുണ്യം കിട്ടുമെന്നും ഒക്കെ വെറുതെ തള്ളിവിടുക. എന്തായാലും കമ്മറ്റിയില്‍ എല്ലാത്തിനും തീരുമാനമായി. കാര്യങ്ങള്‍ മുന്നോട്ടു നീക്കാന്‍ അമ്പലം വിഴുങ്ങിയെ തന്നെ തെരഞ്ഞെടുത്തു. അത് കേട്ട നിമിഷം സെക്രട്ടറിയുടെ മനസില്‍ ഒരു മുട്ടന്‍ ലെഡു പൊട്ടി ! അന്ന് രാത്രി സെക്രട്ടറിക്ക് ഉറക്കം വന്നില്ല, തിരിഞ്ഞും മറിഞ്ഞും ഉരുണ്ടുമൊക്കെ നോക്കി. ഒരു രക്ഷയുമില്ല. ശബരിമലയിലും മലയാറ്റൂരുമൊക്കെ മുളവച്ച് നേര്‍ച്ചയിടാന്‍ ആളെ കയറ്റുന്നതും ഭണ്ഡാരപെട്ടി നിറഞ്ഞു കവിയുന്നതും പോലെ , അസോസിയേഷനിലേക്ക് ഭക്ത ജനങ്ങള്‍ ഒഴുകിയെതുന്നതും ഭണ്ഡാരപെട്ടി നിറഞ്ഞു കവിയുന്നതും അതിന്റെ മുകളില്‍ കിടന്നു താന്‍ പണ്ടാരമടങ്ങുന്നതും സ്വപ്നം കണ്ടു , നമ്മുടെ സെക്രട്ടറി ഓണാഘോഷതിമിര്‍പ്പില്‍ വലിച്ചു കേറ്റിയ സോമരസതിന്റെ ആലസ്യത്തില്‍ പുതപ്പിനുള്ളില്‍ ഉരുണ്ടു മറിഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ അറിയാതെ പുലമ്പികൊണ്ടേയിരുന്നു ‘വിശുദ്ധ വ്യക്തി ഹത്യനോസേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണേ’.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല