1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2011

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഅറകളിലെ സമ്പത്ത് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികളുമായി സുപ്രീംകോടതി നിയമിച്ച വിദഗ്ദ്ധ സമിതി മുന്നോട്ട് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍. മൂല്യനിര്‍ണയപരിശോധനയ്ക്ക് ദേവപ്രശ്‌നം തടസമല്ലെന്ന് വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ സിവി. ആനന്ദബോസ് പറഞ്ഞു. ദേവപ്രശ്‌നവും അറയിലെ സമ്പത്ത് തിട്ടപ്പെടുത്തുന്നതുമായി ഒരു ബന്ധവുമില്ല. ഈ മാസം 22 ന് നടക്കുന്ന സമിതിയുടെ യോഗം അറ തുറക്കുന്നതിനെപ്പറ്റി അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അറ തുറക്കരുത് എന്ന് സുപ്രീംകോടതി പറഞ്ഞാലേ അതില്‍ നിന്ന് പിന്‍തിരിയാനാവുകയുള്ളൂ. കോടതിയുടെ ഉദ്യോഗസ്ഥരെന്ന നിലയിലാണ് വിദഗ്ദ്ധ സമിതിയിലെ അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സമിതിക്ക് കേസുമായി ബന്ധമില്ലാത്തതിനാല്‍ ദേവപ്രശ്‌നവും അതില്‍ കണ്ടെത്തിയ കാര്യങ്ങളും നോക്കേണ്ട കാര്യമില്ല. അറ തുറക്കുന്നതിനുള്ള രൂപരേഖ പൂര്‍ത്തിയായിട്ടുണ്ട്. അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാനാണ് സമിതി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദേവപ്രശ്‌നത്തിലെ കണ്ടെത്തലുകള്‍ സുപ്രീംകോടതിയില്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കൊട്ടാരം. അറ തുറക്കരുതെന്നുകാണിച്ച് ചില സംഘടനകള്‍ മുഖ്യമന്ത്രിക്കും വിദഗ്ദ്ധ സമിതിക്കും നിവേദനം നല്‍കി. ദേവപ്രശ്‌നത്തില്‍ അറ തുറക്കരുതെന്ന് കണ്ടതിനാല്‍ അത് കോടതിയെ ബോധ്യപ്പെടുത്താനാണ് രാജകുടുംബത്തിന്റെ ശ്രമം.

എന്നാല്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കേസ് ഇനി സെപ്തംബറിലേ സുപ്രീംകോടതി പരിഗണിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ നിലവില്‍ അറ തുറന്ന് പരിശോധിയ്ക്കുന്നതിന് മറ്റു പ്രതിബന്ധങ്ങളൊന്നും വിദഗ്ധസമിതിയ്ക്ക് മുന്നിലില്ല. അറ തുറക്കരുതെന്ന് രാജകുടുംബം ആവശ്യപ്പെട്ടാല്‍ അതിനെ എതിര്‍ക്കുമെന്ന് കേസിലെ വാദി ഭാഗം അഭിഭാഷകന്‍ അനന്തപദ്മനാഭന്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.