ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ മഹാരാഷ്ട്രാ കായികതാരം കടലിൽ മുങ്ങി മരിച്ചു. നെറ്റ്ബോൾ താരം മയുരേഷ് പവാർ ആണ് മരിച്ചത്. 19 വയസായിരുന്നു.
ഇന്നലെ ശംഖുമുഖം കടപ്പുറത്തായിരുന്നു സംഭവം. മയുരേഷ് കൂട്ടുകാർക്കൊപ്പം കടലിൽ ഇറങ്ങിനിന്ന് ഫോട്ടോ എടുക്കുമ്പോൾ തിരയിൽ പെടുകയായിരുന്നു.
കൂട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണ് മരണകാരണമെന്ന് ജില്ലാ കലക്ടർ ബിജു പ്രഭാകർ പറഞ്ഞു.
മൃതദേഹം ഇന്നു രാവിലെ മുംബൈ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. മഹാരാഷ്ട്രയിൽ നിന്നുള്ള മൂന്നു പ്രതിനിധികളും കേരള നെറ്റ്ബോൾ അസോസിയേഷൻ പ്രതിനിധിയും മൃതദേഹത്തെ അനുഗമിക്കും.
വെള്ളായണി ഇൻഡോർ സ്റ്റേഡിയത്തിലെ ചണ്ഡിഗഡുമായുള്ള മത്സരത്തിനു ശേഷം കൂട്ടുകാർക്കൊപ്പം കടപ്പുറത്ത് എത്തിയതായിരുന്നു മയൂരേഷ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല