കൊച്ചി: നടന് തിലകനെതിരായ വിലക്ക് ഫെഫ്ക നീക്കി. ഫെഫ്കയുടെ എക്സിക്യൂട്ടിവ് കമ്മറ്റിയാണ് തിലകനെതിരേ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയത്.
തന്നെ സ്നേഹിക്കുന്നവര്‍ ഫെഫ്കയില്‍ ഉണ്ടെന്നും അതിനുള്ള തെളിവാണ് ഇതെന്നും തന്നെ സ്നേഹിക്കുന്നവര്‍ അമ്മയില്‍ ഉണ്ടോ എന്നാണ് ഇനി അറിയേണ്ടതെന്നും തിലകന് പ്രതികരിച്ചു.
വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരിലാണ് തിലകനെ താരസംഘടനയായ അമ്മയും സാങ്കേതികവിദഗ്ധരുടെ സംഘടനയായ ഫെഫ്കയും വിലക്കേര്‍പ്പെടുത്തിയത്. തിലകന്റെ ദുര്‍വ്വാശികളും മറ്റ് ചില നടപടികളുമാണ് വിലക്കിലേക്ക് നയിച്ചതെന്നായിരുന്നു ഫെഫ്ക വ്യക്തമാക്കിയത്.
എന്നാല്‍ മലയാളസിനിമയില്‍ ഒരു ഗൂഡസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ സംഘമാണ് സിനിമയെ നിയന്ത്രിക്കുന്നതെന്നും തിലകന് ആരോപിച്ചിരുന്നു. സൂപ്പര്‍സ്റ്റാറുകളുടെ ഇമേജ് നോക്കിയാണ് മലയാള സിനിമ നീങ്ങുന്നത്. ഇത്തരം സൂപ്പര്‍ സ്റ്റാറുകള്‍ക്കെതിരേ ശബ്ദിച്ചതിനാണ് തനിക്ക് വിലക്കേര്‍പ്പെടുത്തിയതെന്നും അമ്മയും ഫെഫ്കയും മാഫിയാ സംഘടനകളാണെന്നും തിലകന് ആരോപിച്ചിട്ടുണ്ടായിരുന്നു.
ഖേദം പ്രകടിപ്പിച്ചാല്‍ തിലകനുമായി സഹകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഫെഫ്ക അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തിലകന് ഇതിന് തയ്യാറായിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല