സ്വന്തം ലേഖകന്‍: നടിയെ തട്ടിക്കൊണ്ടുപോയ സംഭവം, പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു, സിനിമാ രംഗത്തുള്ള കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തി. നടിയെ ഉപദ്രവിച്ച കേസിനു വഴിയൊരുക്കിയ ഗൂഢാലോചന കണ്ടെത്താന്‍ പൊലീസ് നടത്തുന്ന ചോദ്യം ചെയ്യലിനോട് പള്‍സര്‍ സുനി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയിലില്‍നിന്ന് എഴുതിയ കത്തിലെ ഉള്ളടക്കം മാത്രമാണ് സുനി ആവര്‍ത്തിന്നത്.
ഗൂഢാലോചനയെക്കുറിച്ച് സുനി ഒന്നും വെളിപ്പെടുത്തുന്നില്ല. സുനിയെ മര്‍ദിച്ചിട്ടില്ലെന്ന നിലപാട് പൊലീസ് കോടതിയെ അറിയിക്കും. കൂട്ടുപ്രതി സുനിലിനെയും(മേസ്തിരി സുനില്‍) പള്‍സര്‍ സുനിയെയും രണ്ടാം ദിവസവും തൃക്കാക്കര സ്‌റ്റേഷനിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും. തൃക്കാക്കര അസി.പൊലീസ് കമീഷണര്‍ പി.പി. ഷംസിന്റെ സാന്നിധ്യത്തില്‍ ഇന്‍ഫോപാര്‍ക്ക് സി.ഐ പി.കെ. രാധാമണിയാണ് ചോദ്യം ചെയ്യുന്നത്. ആക്രമണത്തിനിരയായ നടിയുടെ ആദ്യ മൊഴിയെടുത്തത് ഇന്‍ഫോപാര്‍ക്ക് സി.ഐയായിരുന്നു.
ജില്ല ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ ഒളിച്ചു കടത്തി പുറത്തുള്ളവരുമായി സംസാരിച്ച കേസിലാണ് കഴിഞ്ഞ ദിവസം പള്‍സര്‍ സുനിയെയും കേസിലെ മൂന്നാം പ്രതി സുനിലിനെയും(മേസ്തിരി സുനില്‍) ഇന്‍ഫൊപാര്‍ക്ക് പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങിയത്. നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാല് തവണ ജയിലില്‍നിന്ന് വിളിച്ചതായും പണം ആവശ്യപ്പെട്ടായിരുന്നു ഇതെന്നും സുനി സമ്മതിച്ചു. കാക്കനാട്ടെ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്.
അതേസമയം, സുനിയെ പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയാണെന്നും അതിനാല്‍ കസ്റ്റഡി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിഭാഗം അപേക്ഷ നല്‍കി. കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. ഗൂഢാലോചനയെക്കുറിച്ച് ചോദിച്ച് പൊലീസ് പീഡിപ്പിക്കുകയാണെന്നും മരണമൊഴിയെടുക്കാന്‍ ആവശ്യപ്പെടുമെന്നും വ്യാഴാഴ്ച രാവിലെ വൈദ്യപരിശോധനക്ക് കൊണ്ടുവന്നപ്പോള്‍ സുനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മിമിക്രി താരം കെ.എസ്.പ്രസാദ്, നിര്‍മാതാവ് ആന്റോ ജോസഫ് തുടങ്ങിയവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ സുഹൃത്തുക്കളായ ഹസന്‍ കോയ, അസീസ് എന്നിവരെയും ആലുവ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തി മൊഴിയെടുത്തു. പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ കഴിഞ്ഞ ടോന്‍സ് എന്നയാളുടെ മൊഴിയും രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല