പരസ്പരവിശ്വാസത്തിന്റെയും ദൃഢതയാര്‍ന്ന വിവാഹജീവിതത്തിന്റെയും പേരില്‍ മലയാളചലച്ചിത്രലോകത്ത് പ്രശസ്തരായ രണ്ടുപേര്‍കൂടി മോചനത്തിനൊരുങ്ങുന്നു. നടി കല്‍പനയും ഭര്‍ത്താവും സംവിധായകനുമായ അനിലുമാണ് വിവാഹമോചനത്തിനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച് കല്‍പന കുടുംബകോടതിയെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഇവരുടെ വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ രണ്ടുപേരും കുറേനാളായി പിരിഞ്ഞാണ് താമസിക്കുന്നത്. അടുത്ത കാലത്ത് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കല്‍പന താനും അനിലും ഇപ്പോഴും ഒന്നിച്ചാണെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ അഭിമുഖത്തില്‍ പലേടത്തും അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാകുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ കല്‍പനയുടെ ഭാഗത്തുനിന്നും ഉണ്ടാവുകയും ചെയ്തിരുന്നു.നേരത്തേ സഹോദരി ഉര്‍വശിയും മനോജ് കെ ജയനും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ചെല്ലാം വാര്‍ത്തകള്‍ വരുമ്പോള്‍ കല്‍പനയുടെയും- അനിലിന്റെയും ബന്ധം ഏറെ പ്രതിപാദിക്കപ്പെട്ടിരുന്നു.
വിവാഹമോചനത്തിന്റെ കാര്യത്തില്‍ കല്‍പന പലപ്പോഴും ഉര്‍വശിയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ കല്‍പനയും ഇപ്പോള്‍ ഉര്‍വശിയുടെ പാതയിലാണ്. ഇവരുടെ മുതിര്‍ന്ന സഹോദരി കലാരഞ്ജിനി നേരത്തേ തന്നെ വിവാഹമോചനം നേടിയിട്ടുണ്ട്. അനിലുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായതോടെയാണത്രേ ഇവര്‍ വിവാഹമോചനം എന്ന തീരുമാനമെടുത്തത്. വിവാഹമോചന വാര്‍ത്തയോട് കല്‍പനയും അനിലും ഇതേവരെ പ്രതികരിച്ചിട്ടില്ല. ഇവര്‍ക്ക് ഒരു മകളുണ്ട്.
നടി ജ്യോതിര്‍മയിയുടെ വിവാഹമോചനക്കേസില്‍ കോടതി ശനിയാഴ്ച വിധി പറയാനിരിക്കെയാണ് കല്‍പ്പനയുടെ വിവാഹമോചനവാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല