ഗായിക കെ.എസ്. ചിത്രയുടെ മകള്‍ നന്ദന (എട്ട്)യുടെ മൃതദേഹം വ്യാഴാഴ്ച രാത്രി ചെന്നൈയില്‍ കൊണ്ടുവന്നു. ശവസംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് നാലുമണിയ്ക്ക് വടപളനിക്കടുത്തുള്ള എവിഎം ശ്മശാനത്തില്‍ നടക്കും.
വ്യാഴാഴ്ച ദുബയ് എമിറേറ്റ് ഹില്‍സിലുള്ള ചിത്രയുടെ മലയാളി സുഹൃത്തിന്റെ വീട്ടിലെ നീന്തല്‍കുളത്തിലാണ് നന്ദന മുങ്ങിമരിച്ചത്. കുളത്തില്‍ വീണുകിടക്കുന്ന കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷാര്‍ജയിലെ എ.ആര്‍. റഹ്മാന്‍ ഷോയില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ചയാണു ചിത്രയും ഭര്‍ത്താവ് വിജയശങ്കറും നന്ദനയും ദുബായിലെത്തിയത്.
കുട്ടിയുടെ സൗകര്യാര്‍ഥമാണു ഹോട്ടലില്‍ പോകാതെ ചിത്ര സുഹൃത്തിന്റെ വില്ലയില്‍ താമസിച്ചത്. അപകടവിവരമറിഞ്ഞു ചിത്ര തളര്‍ന്നുവീണു. ശാരീരികാസ്വാസ്ഥ്യമുണ്ടായ ഭര്‍ത്താവ് വിജയശങ്കറിന് ആശുപത്രിയില്‍ ചികില്‍സ ലഭ്യമാക്കി.
ചിത്രയ്ക്കും വിജയശങ്കറിനും വിവാഹം കഴിഞ്ഞു 15 വര്‍ഷത്തിനു ശേഷം 2003ലാണ് നന്ദന ജനിച്ചത്.
മരണവിവരമറിഞ്ഞതോടെ, ചെന്നൈ ദശരഥപുരത്തു ചിത്രയുടെ വീടായ ‘ശ്രുതിയിലേയ്ക്ക് ആരാധകരും സുഹൃത്തുക്കളും ഓടിയെത്തി. ഷാര്‍ജയിലെ സംഗീതപരിപാടി കഴിഞ്ഞു ഞായറാഴ്ചയാണു ചിത്രയും കുടുംബവും മടങ്ങിവരാനിരുന്നത്.
തിരുവനന്തപുരം കരമന ജഡ്ജസ് റോഡില്‍ കൃഷ്ണശാന്തി എന്ന പുതിയ വീട്ടിലേക്ക് ഏപ്രില്‍ 22നു മാറാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് കുടുംബത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ദുരന്തമുണ്ടായത്.
ചെന്നൈയിലെ കോട്ടൂര്‍പുരത്തുള്ള കിഡ്‌സ് സെന്‍ട്രല്‍സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു നന്ദന. പൂട്ടാതെകിടന്ന വാതിലിലൂടെ പുറത്തുകടന്ന നന്ദന അബദ്ധത്തില്‍ നീന്തല്‍ക്കുളത്തില്‍ വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. ഈ സമയത്ത് ചിത്ര അടുത്തില്ലായിരുന്നു.
ചിത്രയുടെ ദുബയിലുള്ള ഒട്ടേറെ ആരാധകരും സുഹൃത്തുക്കളും കുട്ടിയുടെ മരണവിവരമറിഞ്ഞ് എത്തിയിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റിന് അവധിയായിരുന്നെങ്കിലും ഒരുദ്യോഗസ്ഥനെ നിയമിച്ചാണ് എംബസിയില്‍നിന്നുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല