സ്വന്തം ലേഖകന്‍: നന്നായി പഠിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് ചൈനയില്‍ പന്നിയിറച്ചി സ്കോളര്‍ഷിപ്പ്. ചൈനയിലെ ഷിജിയാങ് പ്രവിശ്യയിലാണ് സ്കൂള്‍ കുട്ടികള്‍ക്ക് പന്നിയിറച്ചി സ്കോളര്‍ഷിപ്പായി നല്‍കുമെന്ന് സ്കൂള്‍ അധികൃതര്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ സ്കോളര്‍ഷിപ്പ് നല്‍കിപ്പോരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെന്ലിങ് സിറ്റിയിലെ ഷിക്യാഓട്ടോ മിഡില്‍ സ്കൂളിലാണ് മികച്ച 45 വിദ്യാര്‍ത്ഥികള്‍ക്ക് പന്നിയിറച്ചി സ്കോളര്‍ഷിപ്പ് നല്‍കിയത്. പുതിയ അധ്യയന വര്‍ഷത്തോട് അനുബന്ധിച്ചാണ് സ്കോളര്‍ ഷിപ്പുകള്‍ വിതരണം ചെയ്തത്.
ഒന്നാം സ്ഥാനം സ്വന്തമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് 2.5 കിലോ പന്നിയിറച്ചിയാണ് സമ്മാനമായി ലഭിച്ചത്. രണ്ടാം സ്ഥാനക്കാര്‍ക്ക് 1.5 കിലോ പന്നിയിറച്ചിയും ലഭിച്ചു. ഒന്നാം സ്ഥാനക്കാരന് മുമ്പ് നല്‍കിയിരുന്നത് 50 യുവാന്‍ ആയിരുന്നു. പിന്നീട് അതേ മൂല്യത്തിലുള്ള പന്നിയിറച്ചി നല്കാന് തീരുമാനിക്കുകയായിരുന്നു.
മിടുക്കനായ തങ്ങളുടെ കുട്ടി സമ്മാനമായി നേടിയ ഇറച്ചി ഒരുമിച്ചിരുന്ന് കഴിക്കുമ്പോള്‍ കുടുംബത്തിന് തീര്‍ച്ചയായും അഭിമാനം തോന്നുമെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. ആകെ 84 കിലോ പന്നിയിറച്ചി സ്കോളര്‍ഷിപ്പിന്റെ ഭാഗമായി വിതരണം ചെയ്ത കണക്കുകളും അധ്യാപകര്‍ നിരത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല