1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2017

വര്‍ഗീസ് ഡാനിയേല്‍ (യുക്മ പി ആര്‍ ഒ): എണ്‍പതുകളുടെ അവസാനം വരെയുള്ള സ്‌കൂള്‍ ജീവിതത്തില്‍ മറക്കാനാവാത്ത ഒരാഴ്ചക്കാലം ഉണ്ടായിരുന്നു. ‘സേവന വാരം’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ ദിവസങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു ഒരു ഉത്സവ പ്രതീതിയായിരുന്നു അന്നുണ്ടായിരുന്നത്. സ്‌കൂളും പരിസരപ്രദേശങ്ങളും വൃത്തിയാക്കുക, വീടുകള്‍ ഓലമേഞ്ഞുകൊടുക്കുക, കാര്‍ഷീക വിളകള്‍ സ്‌കൂളില്‍ കൊണ്ടുവന്നു പാചകം ചെയ്ത് എല്ലാ വിദ്യാര്‍ത്ഥികളും കൂടെ ഒരുമിച്ചിരുന്ന് ഭക്ഷിക്കുക, മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നീ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി, ഗാന്ധിയന്‍ ചിന്തകളെ കുട്ടികളിലേക്ക് പകര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഗാന്ധിജയന്തിയോടനുബന്ധിച്ച് എല്ലാ സ്‌കൂളുകളിലും ഇത് ചെയ്തിരുന്നു.

സ്‌കൂള്‍ ജീവിതത്തിലേക്ക് എത്തി നോക്കുവാന്‍ പ്രേരിപ്പിക്കുന്ന റെജി നന്തിക്കാട്ടിന്റെ എഡിറ്റോറിയലാണു മുകളിലെ വരികള്‍ക്കാധാരം. ഒക്ടോബര്‍ 2 നു ഭാരതം മാഹാത്മാഗാന്ധിയുടെ 148 ാമത് ജന്മദിനം ആഘോഷിച്ചു. ഭാരതീയര്‍ക്ക് വ്യക്തമായ ദിശാബോധവും ധാര്‍മ്മീക ശക്തിയും പകര്‍ന്ന സ്വാതന്ത്ര്യ സമര നേതാവായിരുന്ന രാഷ്ട്ര പിതാവിനെ വിസ്മരിക്കുവാന്‍ ഭരണ നേതൃത്വം ശ്രമിക്കുമ്പോള്‍ രാജ്യം അപകടത്തിലേക്കാണു പോകുന്നത് എന്ന ശക്തമായ മുന്നറിയിപ്പ് നല്‍കുന്ന എഡിറ്റോറിയലില്‍ ഗാന്ധിയന്‍ ദര്‍ശ്ശനങ്ങള്‍ക്ക് വേണ്ട പ്രാധാന്യം നല്‍കുവാനും വര്‍ഗ്ഗീയ ചിന്തകളെ പാടെ ഉന്മൂലനം ചെയ്യുവാനും ആഹ്വാനം ചെയ്യുന്നു.

ഈലക്കത്തിന്റെ മുഖചിത്രം ഈ വര്‍ഷത്തെ (2017) നൊബേല്‍ സമ്മാന ജേതാവായ ബ്രിട്ടീഷ് എഴുത്തുകാന്‍ കസുവോ ഇഷിഗുറോയുടേതാണു. ജപ്പാനില്‍ ജനിച്ച കസുവോ അഞ്ചു വയസ്സുള്ളപ്പോള്‍ കുടുംബത്തോടൊപ്പം ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു. 1989 ല്‍ പ്രസിദ്ധീകരിച്ച ‘ ദ റിമെയിന്‍സ് ഒഫ് ദ ഡേ ‘ എന്ന നോവലാണ് കസുവോയെ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്. കസുവോയെ പ്രശസ്തിയിലേക്കുയര്‍ത്തിയ ഈ നോവല്‍ 1989 ല്‍ മാന്‍ ബുക്കര്‍ പ്രൈസ് നേടുകയും 1993 ല്‍ സിനിമയാക്കുകയും ചെയ്തു. ‘ദ റിമെയിന്‍സ് ഒഫ് ദ ഡേ ‘ യുടെ മലയാള പരിഭാഷ ‘ ഒടുവില്‍ അവശേഷിച്ചത് ‘ എന്ന പേരില്‍ ഡി സി ബുക്‌സ് അടുത്തയാഴ്ച്ച പ്രസിദ്ധീകരിക്കുന്നുണ്ട്.

ഭാഷയും ഭാഷാപരമായ പ്രകാശനങ്ങളുമൊന്നാകെ വിശകലനാത്മക രീതിശാസ്ത്രത്താല്‍ സാംസ്‌കാരീക വിഷയമായി രൂപാന്തരപ്പെടുന്ന പ്രക്രിയക്ക് മുന്‍കൈവന്നതിനെ പറ്റി പ്രതിപാതിച്ചുകൊണ്ടു ഡോ. സി ജെ ജോര്‍ജ്ജ് എഴുതിയ ‘വായനയുടെ പൂക്കാലം’ എന്ന ലേഖനത്തില്‍ സാഹിത്യകൃതികളുടെ വിശകലനം അനുഭവപരമായ അനുഭൂതിപരമായ സൗന്ദ്യര്യപരമായ തലങ്ങളെ ആഴപ്പെടുത്തുകയും സൂക്ഷമവത്കരിക്കുകയും ചെയ്യുന്ന സാംസ്‌കാരീകമായ മനസ്സിലാക്കലും ആധുനീക മനസ്സിന്റെ ആത്മവിമര്‍ശനങ്ങളുമായിതീരുന്ന പ്രവൃത്തിയായി ഉയര്‍ത്തിക്കാട്ടുന്നു. സാഹിത്യം പഠനവിഷയമാക്കിയവര്‍ക്കും വായനാശീലമുള്ളവര്‍ക്ക് ഒരു മുതല്‍ കൂട്ടാണു ഈ ലേഖനം എന്നു അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു.

ഒരു അനുഭവക്കുറിപ്പ് പോലെ തോന്നിക്കുന്ന ശ്രീ പി ജെ ജെ ആന്റണിയുടെ ‘അഛനും അമ്മയും പ്രത്യയശാസ്തവും’ എന്ന കഥ നമ്മുടെ ചുറ്റുമുള്ള രാഷ്ട്രീയ കുടുംബങ്ങളുടെ ഒരു നേര്‍ച്ചിത്രം വരച്ചുകാട്ടുന്നു.

സ്‌നേഹം ശരീരത്തിലല്ല മനസ്സിലാണു ഉണ്ടാവേണ്ടത് എന്നു വായനക്കാരെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു സീമ മേനോന്‍ ‘അതീതം’ എന്ന കഥയില്‍ കൂടി. തെല്ല് നെഞ്ചിടിപ്പും ആകാക്ഷയും നിറഞ്ഞ, സുരേഷ് എം ജി മലയാള വിവര്‍ത്തനം ചെയ്ത, ബ്രോം സ്റ്റോക്കറുടെ കഥ ‘ഡ്രാക്കുളയുടെ അതിഥി’ വായനക്കാരില്‍ ഉദ്വേഗം ജനിപ്പിക്കുമെന്നതില്‍ സംശയം വേണ്ട.

ഇറ്റാലിയന്‍ നോവലിസ്റ്റായ ഉംബേര്‍ത്തോ എക്കോയുടെ ‘ഓണ്‍ ബ്യൂട്ടി: എ ഹിസ്റ്ററി ഒഫ് എ വെസ്റ്റേണ്‍ ഐഡിയ’ എന്ന പുസ്തകത്തെ ആസ്പദമാക്കി ലാസര്‍ ഡി സില്‍വ എഴുതിയ ലേഖനം ‘കലാചരിത്രത്തിന്റെ ചിത്രതാളുകള്‍’, പ്രേംകുമാര്‍ കെ പി പരിഭാഷപ്പെടുത്തിയ പാക്കിസ്ഥാനി എഴുത്തുകാരി സാബിന്‍ ജാവേരി ജില്ലാനിയുടെ കഥ ‘അങ്ങനെ ലോകം അങ്ങ് മാറിപോയി’, ഡോണാ മയൂരയുടെ കവിത ‘ഉന്മീലനം’ ജോര്‍ജ്ജ് അറങ്ങാശ്ശേരിയുടെ സ്മരണകളിലേക്ക് ഒരു മടക്കയാത്ര എന്ന പംക്തിയില്‍ ‘ശശിയുടെ കുസൃതികള്‍’, വി ജയദേവിന്റെ കവിത ‘വഴിയില്‍’, വിനീത് രാജിന്റെ കവിത ‘നേര്‍ക്കാഴ്ച’, എന്നിവയും യുക്മ യൂത്തില്‍ ബീനാ റോയി എഴിതിയ ‘ലെറ്റ് മീ ബീ’ എന്ന ഇംഗ്ലീഷ് കവിതയും ഈലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ജ്വാല ഒക്ടോബര്‍ ലക്കം വായിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

https://issuu.com/jwalaemagazine/docs/october_2017

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.