സുഗതകുമാരി
ഇത്രയധികം ദാരുണവും ദയനീയവുമായ ഒരു സംഭവം ഈയിടെയൊന്നും ഉണ്ടായിട്ടില്ല. അങ്ങനെ പറഞ്ഞാല്‍ പോരല്ലോ; ലജ്ജാവഹം എന്നുകൂടി പറയേണ്ടേ. ഒറ്റയ്ക്ക് ട്രെയിനില്‍ യാത്രചെയ്തു എന്നതാണോ ആ കുട്ടി ചെയ്ത തെറ്റ്. ഇറങ്ങാനുള്ള സമയമായിരിക്കുന്നു. നാളെ പെണ്ണുകാണാന്‍ വരികയാണ്. കാത്തിരിക്കുന്ന ആ പെണ്‍കുട്ടിയുടെ മനസ്സിന്റെ അവസ്ഥ, പെട്ടെന്ന് ആക്രമിക്കപ്പെട്ടപ്പോഴുള്ള ആ പരിഭ്രാന്തി… ഇതെല്ലാം നമുക്ക് ഊഹിച്ചുകൂടേ.
അവള്‍ എത്ര ഭയന്നുകാണും. എത്ര നിലവിളിച്ചുകാണും. അമ്മേ എന്നായിരിക്കും, അങ്ങനെയല്ലേ എല്ലാ കുട്ടികളും നിലവിളിക്കുക. ആരും കേട്ടില്ല. ആരും കേട്ടില്ലേ, അതോ കേട്ടവരും മിണ്ടാതെ, ശ്രദ്ധിക്കാതിരുന്നോ? ചങ്ങല വലിച്ച് നിര്‍ത്താന്‍ ആര്‍ക്കും സാധിച്ചില്ലേ. നിലവിളി കേട്ടപ്പോള്‍ ആരോ ചാടുന്നതുകണ്ടു എന്നൊക്കെ പറയുന്നു. അപ്പോള്‍ ചങ്ങല വലിച്ചൊന്നു നിര്‍ത്തി എന്താണെന്നു നോക്കാന്‍ ആരും ഇല്ലായിരുന്നോ അവിടെ. ഇത്ര ക്രൂരവും ഇത്ര ഉദാസീനവും നിസ്സംഗവുമായിപ്പോയല്ലോ നമ്മുടെ സമൂഹം.
അപ്പോള്‍, ആരെങ്കിലും കണ്ടിരുന്നെങ്കില്‍ വീണിടത്തുനിന്നും ആ കുട്ടിയെ എടുത്തു രക്ഷിച്ചുകൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അവിടെനിന്നു വലിച്ചിഴച്ച് എവിടെയോ കൊണ്ടിട്ടാണല്ലോ അവളെ ഉപദ്രവിച്ചത്… എന്താണ് ഞാനിതിനെയൊക്കെ പറയേണ്ടത്. എന്ത് ഭാഷയാണ് ഉപയോഗിക്കേണ്ടത്. മനസ്സ് തകരുന്ന വേദന തോന്നുകയാണ്. ഒരുപാട് ഭയം തോന്നുന്നു നമ്മുടെ പെണ്‍കുട്ടികളെക്കുറിച്ചോര്‍ക്കുമ്പോള്‍. ആയിരക്കണക്കിന് പെണ്‍കുട്ടികള്‍, സ്ത്രീകള്‍ യാത്രചെയ്യുന്നുണ്ട് ട്രെയിനില്‍. അവര്‍ക്കെന്തു സുരക്ഷിതത്വമാണുള്ളത്. ഈ റോഡില്‍ എന്ത് സുരക്ഷിതത്വമാണവര്‍ക്കുള്ളത്.
ഈ വിധത്തില്‍ ക്രൂരന്മാരും ക്രിമിനലുകളും മദ്യപാനികളും ഇങ്ങനെ ഇഷ്ടംപോലെ നടക്കുന്ന ഈ നാട്ടില്‍ എന്തു സുരക്ഷിതത്വമാണ് നമ്മുടെ പെണ്‍മക്കള്‍ക്കുള്ളത്. ഞാന്‍ വനിതാകമ്മീഷനിലിരുന്നപ്പോള്‍ സ്ത്രീകളുടെ ട്രെയിനിലുള്ള സുരക്ഷിതത്വത്തെപ്പറ്റി വളരെ വളരെ ചര്‍ച്ച നടത്തുകയും സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റ് മധ്യഭാഗത്തേക്കു മാറ്റി സ്ഥാപിക്കണമെന്നും അതിന് പ്രത്യേക നിറം കൊടുക്കണമെന്നും അതില്‍ ഗാര്‍ഡിനെ പ്രത്യേകം നിയമിക്കണമെന്നും പറഞ്ഞ് ശുപാര്‍ശകള്‍ കൊടുക്കുകയും കേന്ദ്രഗവണ്‍മെന്റിലേക്കൊക്കെ എഴുതുകയും ചെയ്തിരുന്നു. കുറച്ചുകാലത്തേക്കൊക്കെ നടപ്പാക്കുകയും ചെയ്തതായിട്ട് എനിക്കോര്‍മയുണ്ട്. പിന്നീടതൊക്കെ മാറി. ഒരു ട്രെയിനിലുമില്ല ഇപ്പോള്‍ മധ്യഭാഗത്ത് ലേഡീസ് കമ്പാര്‍ട്ടുമെന്റ്? -അറിഞ്ഞുകൂടാ.
റെയില്‍വേ മധ്യഭാഗത്തേക്ക് സ്ഥാപിച്ച വനിതാ കമ്പാര്‍ട്ടുമെന്റുകള്‍ പിന്നെ എങ്ങനെ മാറി? എന്തുകൊണ്ട് ഇത്ര അശ്രദ്ധയോടെ അവഗണിച്ചു? റെയില്‍വേമന്ത്രി നിയമമൊക്കെ പാസാക്കിയതാണ്. പിന്നെ അതെവിടെപ്പോയി. ഒരു കാര്യം നടപ്പിലാക്കിക്കഴിഞ്ഞാല്‍ അത് പാലിക്കുന്നുണ്ടോ എന്ന് എപ്പോഴും നോക്കിനടക്കാന്‍ പറ്റില്ലല്ലോ. അത് ചെയ്യേണ്ടത് ആ ഉദ്യോഗസ്ഥരല്ലേ. നടക്കുന്നില്ലെങ്കില്‍ ഉത്തരവാദപ്പെട്ടവരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് അവരല്ലേ. റെയില്‍വേയാണ് നടപടിയെടുക്കേണ്ടത്. യാചകനിരോധനമെന്നു പറഞ്ഞാല്‍ അത് നടക്കണം.
മറ്റു സംസ്ഥാനത്തും നടപ്പാക്കിയാലേ ഇങ്ങോട്ടവര്‍ വരാതിരിക്കൂ. തമിഴ്‌നാട്ടിലടക്കം ഇത് കര്‍ക്കശമായി നടപ്പാക്കണം. പാര്‍ലമെന്റിലടക്കം ഉന്നയിക്കണം. ശക്തമായ നടപടി വേണം. റെയില്‍വേ എന്തുചെയ്യുന്നെന്ന് നോക്കാം. റെയിവേക്ക് ശരിയായ ഒരനാസ്ഥയുണ്ട് ഇക്കാര്യത്തില്‍. റെയില്‍വേ സംരക്ഷണസേനയുണ്ടായിട്ട് എവിടെ അവരൊക്കെ? അവരെയൊക്കെ എവിടെ വിന്യസിച്ചിരിക്കുന്നു. നമുക്കറിഞ്ഞു കൂടാ. രാത്രി ട്രെയിനുകളില്‍ സ്ത്രീകള്‍ തനിച്ച് യാത്രചെയ്യുമ്പോള്‍ സംരക്ഷണമില്ല എന്നൊക്കെ പറയുന്നത് ഒരിക്കലും പൊറുക്കാനാവാത്ത വീഴ്ചകളാണ്.
റെയില്‍വേ ഉദ്യോഗസ്ഥരാരും ആ പെണ്‍കുട്ടിയെ ആസ്പത്രിയില്പ്പോലും തിരിഞ്ഞുനോക്കിയില്ലെന്നറിയുന്നു. കുറ്റബോധം കൊണ്ടായിരിക്കും. അവിടെ പോകാന്‍ അവര്‍ക്ക് ധൈര്യമില്ലായിരിക്കും, അതുകൊണ്ടാണ്. എല്ലാ ട്രെയിനിലും മധ്യഭാഗത്തായിരിക്കണം സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റ്. അതിന് പോലീസ് സംരക്ഷണവും പ്രത്യേകം ഏര്‍പ്പാടാക്കണം. മാത്രമല്ല, ട്രെയിനില്‍ അലഞ്ഞുതിരിയുന്നവരെ കയറാന്‍ അനുവദിക്കരുത്. ഇതിനൊക്കെ നിയമങ്ങളുണ്ടല്ലോ. പലതും വില്പനയ്ക്കും ഭിക്ഷാടനത്തിനുമൊക്കെ കയറിവരുന്നവര്‍ ക്രിമിനലുകളാണോ എന്നൊന്നും അറിയാനൊക്കില്ലല്ലോ.
പ്രത്യേകിച്ച് സ്ത്രീകള്‍ തനിച്ച് യാത്രചെയ്യുന്ന കമ്പാര്‍ട്ടുമെന്റുകളില്‍ വളരെ ശക്തമായ പോലീസ് സംരക്ഷണം ഉണ്ടാവണം. ഇതൊക്കെ നാലുദിവസത്തേക്ക് നിലനിന്നാല്‍ പോരാ. ഇപ്പോള്‍ ഒരു കുട്ടി അതിഭീകരമായി കൊലചെയ്യപ്പെട്ടു. ഇനിയിപ്പോള്‍ പെട്ടെന്ന് എന്തെങ്കിലുമൊന്ന് ചെയ്യും. കുറച്ചുദിവസം കഴിയുമ്പോള്‍ വീണ്ടും പഴയപടിയാകും. അപ്പോള്‍ ഈ നിയമങ്ങള്‍ ഉണ്ടായാല്‍പ്പോരാ, അത് നടപ്പിലാക്കണം. നടപ്പിലായാല്‍ മാത്രംപോരാ, അത് നീണ്ടുനില്ക്കണം. ആറുമാസത്തേക്ക് ഇങ്ങനെ നടപടിയെന്തെങ്കിലും എടുത്തിട്ട് പിന്നെ, പതുക്കെപ്പതുക്കെ തണുക്കും; അതാണ് മലയാളിയുടെ പതിവ്.
ഈയൊരു പാവപ്പെട്ട പെണ്‍കുട്ടിയുടെ, വിവാഹം സ്വപ്നം കണ്ട് അമ്മയുടെ അടുക്കലേക്കോടിപ്പോയ പെണ്‍കുട്ടിയുടെ വിധി ഒരു കുഞ്ഞിനും ഇനി വരാതിരിക്കട്ടെ. ഒരാള്‍ക്കും അത് വരാതിരിക്കട്ടെ. ഈശ്വരന്‍ അവള്‍ക്ക് ശാന്തി നല്‍കട്ടെ. കണ്ണീരില്‍ മുങ്ങിയ ആ അമ്മയെയും വീട്ടുകാരെയുമൊക്കെ ഞാന്‍ മനസ്സില്‍ കാണുകയാണ്. അവരുടെ മുന്നില്‍ ഒരു സമാധാനവും പറയാന്‍ സമൂഹത്തിനില്ല. കൊന്നുകളഞ്ഞു എന്നു മാത്രമാണ് നമുക്ക് ഏറ്റുപറയാനുള്ളത്. നമ്മുടെ അശ്രദ്ധകൊണ്ട്, അനാസ്ഥകൊണ്ട്, കൊള്ളരുതായ്മകൊണ്ട് ആ പെണ്‍കുട്ടിയെ നമ്മള്‍ കൊന്നുകളഞ്ഞിരിക്കുന്നു. ഈശ്വരന്‍ പൊറുക്കട്ടെ.
കടപ്പാട് : മാതൃഭുമി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല