ബെന്നി അഗസ്റ്റിന്‍: നഴ്‌സുമാരുടെ ആഗോള സമ്മേളനത്തിനായി ലണ്ടനിലെ ഗ്ലാസ്‌കോ ഒരുങ്ങി. ജൂണ്‍ 18 മുതല്‍ 22 വരെയാണ് റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് കോണ്‍ഗ്രസും വാര്‍ഷിക ജനറല്‍ ബോഡി യോഗവും (ആര്‍ സി എന്‍ 2016) നടക്കുക്ക. വിവിധ രാജ്യങ്ങളിലായി 5600 പ്രതിനിധികള്‍ ഇത്തവണ സമ്മേളനത്തില്‍ പങ്കെടുക്കും. ഗ്ലാസ്‌കോയിലെ സ്‌കോട്ടിഷ് എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററിലാണ് സമ്മേളനം നടക്കുക. രാജ്യാന്തര പ്രദര്‍ശനവും വിദ്യാഭ്യാസ സെഷനുകളും മികച്ച ഗവേഷണങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന സമ്മേളനത്തില്‍ ആഗോളതലത്തില്‍ നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. ആരോഗ്യ മേഖലയിലെ വിദഗ്ധരും നഴ്‌സുമാരും അഞ്ച് ദിവസം നീളുന്ന സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
1916 ല്‍ 34 അംഗങ്ങളുമായി ആരംഭിച്ച നഴ്‌സുമാരുടെ പ്രഫഷണല്‍ സംഘടനയായ കോളജ് ഓഫ് നഴ്‌സിംഗ് ഇന്ന് നാലര ലക്ഷത്തിലേറെ നഴ്‌സുമാര്‍ അംഗങ്ങളായുള്ള പ്രബല സംഘടനയാണ്. 1919 ല്‍ കോളജ് ഓഫ് നഴ്‌സിങ്ങിന്റെ ശക്തമായ പ്രചാരണത്തെ തുടര്‍ന്നാണ് നഴ്‌സസ് ആക്റ്റ് നിലവില്‍ വന്നത്. 1939 ല്‍ ജോര്‍ജ് ആറാമന്‍ റോയല്‍ എന്ന പദവി സംഘടനയ്ക്ക് നല്‍കുകയായിരുന്നു. 1976 ല്‍ റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് (ആര്‍ സി എന്‍) ട്രേഡ് യൂണിയന്‍ സംഘടനയായി രജിസ്റ്റര്‍ ചെയ്തു. നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ആര്‍ സി എന്‍ നേടിയിട്ടുണ്ട്.
യൂറോപ്പിലും ആഗോളതലത്തിലും ആരോഗ്യ നയങ്ങളും നഴ്‌സിംഗ് നയങ്ങളും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് ആര്‍ സി എന്‍ വഹിക്കുന്നത്. നിലവില്‍ ഇരുപതിനായിരത്തിലേറെ മലയാളി നഴ്‌സുമാര്‍ ആര്‍ സി എന്‍ അംഗങ്ങളായുണ്ട്. യു കെ നഴ്‌സിംഗ് മേഖലയിലെ 60 ശതമാനം പേരും ഇതില്‍ അംഗങ്ങളാണ്. നഴ്‌സുമാരുടെ പ്രശ്‌നങ്ങളും തൊഴില്‍ സംബന്ധമായ കാര്യങ്ങളും സഹായങ്ങളും ജോലി കണ്ടെത്തുവാനുള്ള സഹായങ്ങളും നല്‍കി വരുന്ന ആര്‍ സി എന്‍ ആരോഗ്യമേഖലയില്‍ വിവിധ സ്ഥാപനങ്ങളും നടത്തി വരുന്നുണ്ട്.
ആഗോളതലത്തില്‍ ആരോഗ്യമേഖലയും നഴ്‌സിംഗ് മേഖലയും നേരിടുന്ന പ്രശ്‌നങ്ങള്‍ ഇത്തവണ വിശദമായി ചര്‍ച്ച ചെയ്യുമെന്നും ഈ മേഖലയിലെ പുതിയ നയരൂപീകരണം സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് സമ്മേളനം തുടക്കം കുറിയ്ക്കുമെന്നും സമ്മേളനത്തില്‍ വോട്ടിംഗ് അധികാരമുള്ള പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട മലയാളിയും ഉക്മ നഴ്‌സസ് ഫോറം പ്രസിഡന്റുമായ എബ്രഹാം ജോസ് പറഞ്ഞു. മലയാളി നഴ്‌സുമാരുടെ തൊഴില്‍ സംരക്ഷണം ഉറപ്പ് വരുത്താനും മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ ഉറപ്പ് വരുത്താനും ഇന്ത്യന്‍ സമൂഹത്തിന് ഗുണപരമായ നയരൂപീകരണം നടത്താനും ആത്മാര്‍ഥമായ ശ്രമം ഉണ്ടാകുമെന്നും അബ്രഹാം ജോസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല