നായിക പിണങ്ങിപ്പോയതോടെ ‘വിണ്ണൈത്താണ്ടിവരുവായാ’ എന്ന തമിഴ് സിനിമയുടെ ഹിന്ദി റീമേക്ക് പ്രശ്നതിലായി. ഗൗതംമേനോന്‍ സംവിധാനം ചെയ്ത സിനിമ ഹിന്ദിയില്‍ പുനരാവിഷ്‌കരിക്കുന്നതിന്റെ ജോലികള്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. ബോളിവുഡിലും സിനിമയൊരുക്കുന്നത് ഗൗതംമേനോന്‍ തന്നെ.
ചിമ്പുവും തൃഷയും തമിഴില്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് ഹിന്ദിയില്‍ ജീവന്‍നല്‍കുന്നത് പ്രതീക് ബബ്ബറും അമി ജാക്‌സണുമാണ്. ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ച തൃഷയ്ക്കുതന്നെ ഈ നായികാവേഷം ലഭിക്കുമെന്നായിരുന്നു തുടക്കത്തില്‍ കരുതിയിരുന്നത്. എന്നാല്‍, ‘മദ്രാസ്പട്ടണം’ എന്ന തമിഴ്ചിത്രത്തിലൂടെ കഴിഞ്ഞവര്‍ഷം പ്രേക്ഷകരുടെ ഹൃദയംകവര്‍ന്ന ബ്രിട്ടീഷ്‌സുന്ദരിയെയാണ് ഗൗതംമേനോന്‍ തിരഞ്ഞെടുത്തത്.
അഭിനേതാക്കള്‍ക്ക് പരിശീലനക്കളരി ഒരുക്കിയപ്പോഴാണ് പ്രശ്‌നം തുടങ്ങിയത്. തമിഴ്ചിത്രം നന്നായി സ്വീകരിക്കപ്പെട്ടതിന്റെ പ്രധാനകാരണം കഥാപാത്രങ്ങളുടെ ആത്മാവറിഞ്ഞുകൊണ്ടുള്ള ആവിഷ്‌കാരമായിരുന്നു. ഹിന്ദിയിലും അത്തരത്തില്‍ പൂര്‍ണഫലം ലഭിക്കണമെന്നതിനാലാണ് നടീനടന്മാര്‍ക്കെല്ലാം പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ സാഹചര്യങ്ങളുമായി പരിചയിക്കാനും കഥയെയും കഥാപാത്രത്തെയും ആഴത്തില്‍ അറിയാനുമുള്ള ഈ ശ്രമത്തോട് നായിക അനുകൂലമായി പ്രതികരിക്കുകയും ചെയ്തു.
പരിശീലനത്തിനുവേണ്ടി ഇംഗ്ലണ്ടില്‍നിന്ന് മുംബൈയിലെത്തിയ അമി ജാക്‌സണ് പക്ഷേ, അത്ര നല്ല അനുഭവമല്ല ഉണ്ടായത്. പരിശീലനപരിപാടി നിശ്ചയിച്ച സമയത്ത് തുടങ്ങാത്തത് താരത്തെ വല്ലാതെ അലോസരപ്പെടുത്തി. ഇതില്‍ കുപിതയായ താരം സംവിധായകനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടു കിട്ടിയതുമില്ല. അതോടെ രോഷമേറിയ നായിക പരിശീലനം അവസാനിപ്പിച്ച് സ്ഥലം വിട്ടു. നേരെ ഇംഗ്ലണ്ടിലേക്കു പറന്നുകളഞ്ഞുവെന്നാണ് കഥ. ഏതാനും ദിവസങ്ങള്‍ക്കുശേഷം, ചിത്രീകരണം നിര്‍ത്തിവെച്ചെന്ന വാര്‍ത്തയാണ് വന്നത്. ഗൗതംമേനോന്‍ ഹിന്ദി സിനിമ ഉപേക്ഷിച്ചെന്ന വ്യാഖ്യാനവും പിന്നാലെയുണ്ടായി.
എന്നാല്‍, ഇതിലൊരു വാസ്തവവുമില്ലെന്ന് സംവിധായകന്‍ വിശദീകരിക്കുന്നു. കുറച്ചുദിവസത്തേക്ക് ചിത്രീകരണം നിര്‍ത്തിവെച്ചെന്നത് ശരിതന്നെ. എന്നുവെച്ച് സിനിമ ഉപേക്ഷിച്ചെന്ന് അര്‍ഥമില്ല. പ്രതീക്ബബ്ബറിന്റെ ‘ധോബിഘട്ട്’ എന്ന ഹിന്ദിചിത്രം ജനവരിയില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ആമിര്‍ഖാന്‍നിര്‍മിച്ച് ഭാര്യ കിരണ്‍റാവു സംവിധാനം ചെയ്യുന്ന ആ ചിത്രത്തിന്റെ പ്രചാരണപരിപാടിയുടെ ഭാഗമായി നായകന് അല്പദിവസം മാറിനില്‍ക്കേണ്ടിവന്നതിനാലാണ് ചിത്രീകരണത്തിന് അവധി നല്‍കിയത്. പരിശീലനത്തിന്റെ പേരില്‍ അമി ജാക്‌സണുണ്ടായിരുന്ന പിണക്കം മാറിയെന്ന സൂചനയും സംവിധായകന്‍ നല്‍കി. നായികയുടെ ഹിന്ദി പഠനം നന്നായി പുരോഗമിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല