റോസ്യു: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്കെതിരെ വെസ്റ്റിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു.
വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സ് തുടക്കം തകര്‍ച്ചയോടെയായിരുന്നു. 40 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. എന്നാല്‍ ക്രിക്ക് എഡ്വേഡ്‌സ് വിന്‍ഡീസിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുകയായിരുന്നു. ക്രിക്ക് 110 റണ്‍സെടുത്തു. 73 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ശിവ് നാരായണ്‍ ചന്ദര്‍പോളും വിന്‍ഡീസ് സ്‌കോര്‍ ഉയര്‍ത്തി.
ഇന്ത്യക്ക് വേണ്ടി ഹര്‍ഭജന്‍ സിംഗ് മൂന്ന് വിക്കറ്റും പ്രവീണ്‍കുമാര്‍ രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ ഇശാന്ത് ശര്‍മ്മയ്ക്ക് ഒരു വിക്കറ്റ് നേടാനേ കഴിഞ്ഞുള്ളൂ.
നാലാം ദിനത്തില്‍ ആറിനു 308 എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ പിന്നീട് തകരുന്ന കാഴ്ചയാണ് കണ്ടത്. വിന്‍ഡീസിന്റെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യന്‍ സ്‌കോര്‍ 347ല്‍ ഒതുക്കി. വിന്‍ഡീസിനുവേണ്ടി ഫിഡല്‍ എഡ്വേഡ്‌സ് അഞ്ച് വിക്കറ്റുകള്‍ നേടി.
നാല് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ എട്ടു റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാംദിവസം കളി തുടങ്ങിയത്. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ മുരളി വിജയ് പുറത്തായി. അഞ്ചു റണ്‍സ് മാത്രമെടുത്ത വിജയ് എഡ്വേഡ്‌സിന്റെ പന്തില്‍ കീപ്പര്‍ കാള്‍ട്ടണ്‍ ബോയ്ക്കു പിടികൊടുത്തു. പിന്നീടെത്തിയ രാഹുല്‍ ദ്രാവിഡ് 11 പന്തു മാത്രം നേരിട്ട് മടങ്ങി. രണ്ടിന് 18 എന്ന നിലയില്‍ തകര്‍ച്ചയുടെ വക്കിലായിരുന്ന ഇന്ത്യയ്ക്ക് മുകുന്ദ്, ലക്ഷ്മണ്‍ കൂട്ടുകെട്ടാണ് ആശ്വാസമാകുന്നത്. വി വി എസ് ലക്ഷ്മണന്‍ 56ഉം അഭിനവ് മുകുന്ദ് 62ഉം റണ്‍സ് വിരാട് കോഹ്‌ലി 30 ഉം സുരേഷ് റെയ്‌ന 50ഉം റണ്‍സെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല