മെല്‍ബണ്‍: ചരിത്രം തിരുത്തിക്കുറിച്ച നാല് മണിക്കൂറും 44 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തില്‍ റഷ്യയുടെ സ്വെറ്റ്‌ലാന കുസെറ്റ്‌സോവയെ തോല്‍പിച്ച് ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് ഫ്രാന്‍സെസ്‌ക ഷിയാവോണ്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌കോര്‍: 6-4, 1-6, 16-14. ഗ്രാന്‍സ്ലാം വനിതാ സിംഗിള്‍സിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമായിരുന്നു ഇത്. മുപ്പതാം ഗെയിമിലാണ് ഷിയാവോണ്‍ അവസാന സെറ്റ് സ്വന്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തന്നെ ബാര്‍ബൊറ സഹ്‌ലവോവ സ്‌ട്രൈക്കോവയും റെജീന കുളികോവയും തമ്മിലുള്ള നാലു മണിക്കൂറും 19 മിനിറ്റും നീണ്ടുനിന്ന മത്സരത്തിന്റെ റെക്കോഡാണ് ഷിയാവോണും കുസെറ്റ്‌സോവയും തകര്‍ത്തത്.
അതേസമയം, മുന്‍ ലോകനമ്പര്‍ മരിയ ഷറപ്പോവ നാലാം റൗണ്ടില്‍ അട്ടിമറിക്കപ്പെട്ടു. ജര്‍മനിയുടെ ആന്ദ്രെ പെട്‌കോവിച്ചാണ് മൂന്ന് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചത്. സ്‌കോര്‍: 6-2, 6-3. തോളെല്ലിന്റെ പരിക്കിന്റെ ചികിത്സയ്ക്കുശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ ഷറപ്പോവ 30 അണ്‍ഫോഴ്‌സ്ഡ് എററുകള്‍ വരുത്തിയാണ് തോല്‍വി വഴങ്ങിയത്.
ഇതോടെ ഇത്തവണ മത്സരിച്ച രണ്ട് മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്മാരുടെയും പോരാട്ടം അവസാനിച്ചു. ജസ്റ്റിന്‍ ഹെനിന്‍ നേരത്തെ പുറത്തായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല