ഇന്ദ്രജാല ലോകത്ത് പുതിയ വിസ്മയം തീര്‍ക്കാന്‍ പ്രമുഖ മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്. രാജ്യത്തെ ഒന്‍പതു നഗരങ്ങളിലെ 10 ദിനപ്പത്രങ്ങളുടെ തലക്കെട്ടുകള്‍ മുമ്പേ പ്രവചിച്ച് ചരിത്രം കുറിക്കുകയാണ് മുതുകാടിന്റെ പുതിയ ഉദ്യമം. മലയാള മനോരമ, മാതൃഭൂമി എന്നിവയുള്‍പ്പെടെയുള്ള പത്രപത്രങ്ങളുടെ തലക്കെട്ടാണ് മുതുകാട് പ്രവചിച്ചിരിക്കുന്നത്.
ഞായറാഴ്ച ഇറങ്ങുന്ന പത്രങ്ങളുടെ പ്രധാന തലക്കെട്ടുകള്‍ എഴുതിയ പേപ്പര്‍ എഴു പെട്ടുകളിലാക്കി പൂട്ടി സീല്‍ ചെയ്ത് ദില്ലിയിലെ കാത്തലിക് സിറിയന്‍ ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ പ്രവചനം ശരിയാവുകയാണെങ്കില്‍ ലോക മായാജാലരംഗത്ത് ഇത് വന്‍ വാര്‍ത്തയായി മാറും. ദേശീയോദ്ഗ്രഥനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിഷന്‍ ഇംപോസിബിള്‍ എന്നു പേരിട്ടിരിക്കുന്ന ജാലവിദ്യയിലൂടെയാണു മുതുകാട് പുതിയ പരീക്ഷണം നടത്തുന്നത്.
ഓള്‍ ഇന്ത്യ മലയാളി അസോസിയേഷനാണ് വെള്ളിയാഴ്ച നടന്ന പരിപാടി ഒരുക്കിയത്. ഞായറാഴ്ച രാവിലെ 9.30ന് ഇതേ സദസ്സിനു മുന്നില്‍ പെട്ടിതുറക്കും. ഒരേ നഗരത്തിലെ പത്രങ്ങളുടെ തലക്കെട്ടുകള്‍ മുന്‍പു പലരും പ്രവചിച്ചിട്ടുണ്ട്. എന്നാല്‍, വ്യത്യസ്ത നഗരങ്ങളിലെ പത്ര തലക്കെട്ടുകള്‍ പ്രവചിക്കുന്നതു ലോക ചരിത്രത്തില്‍ ആദ്യമാണെന്നു ഗോപിനാഥ് മുതുകാട് പറഞ്ഞു.
ദില്ലിയിലെ ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, ഹൈദരാബാദിലെ ദി ഹിന്ദു, മുംബൈയിലെ ഇന്ത്യന്‍ എക്‌സ്പ്രസ്, ബാംഗൂരിലെ ഡെക്കാണ്‍ ഹെറാള്‍ഡ്, ചെന്നൈയിലെ ഡെക്കാണ്‍ ക്രോണിക്കിള്‍, കൊല്‍ക്കത്തയിലെ ദി ടെലിഗ്രാഫ്, തിരുവനന്തപുരത്തെ മലയാള മനോരമ, കൊച്ചിയിലെ മാതൃഭൂമി, കോഴിക്കോട്ടെ ദേശാഭിമാനി തുടങ്ങിയ പത്രങ്ങളുടെ നാളത്തെ പ്രധാന തലക്കെട്ടാണു പ്രവചിച്ചിരിക്കുന്നത്.
കടലാസിന്റെ ഒരുവശത്തു സദസ്സിലുണ്ടായിരുന്ന ഏഴു പേര്‍ പേരെഴുതി ഒപ്പിട്ടു. ഇതേ കടലാസിന്റെ മറുഭാഗത്ത് പത്രങ്ങളുടെ പേരും അതിനു നേരെ തലക്കെട്ട് എഴുതാനുള്ള സ്ഥലവും അടയാളപ്പെടുത്തിയിട്ടുണ്ട്.
ശേഷം, ഈ കടലാസുമായി വേദിയില്‍ തയാറാക്കിയിരുന്ന കൂട്ടിനകത്തേക്കു കയറിയ മുതുകാട് തലക്കെട്ടുകള്‍ എഴുതിയ ശേഷം കടലാസ് ഒരു പെട്ടിക്കുള്ളിലാക്കി. ഈ പെട്ടി പിന്നീട് ഏഴു പെട്ടികള്‍ക്കുള്ളിലാക്കി പൂട്ടി. ഓരോ പെട്ടിയും സദസ്സിലുണ്ടായിരുന്ന പ്രമുഖര്‍ വേദിയിലെത്തി പൂട്ടിയശേഷം താക്കോല്‍ അവരുടെ കയ്യില്‍ സൂക്ഷിച്ചു.
ശേഷം അരക്കിട്ടു പൂട്ടിയ പെട്ടി സഞ്ചിയിലാക്കി ലോക്കറിനുള്ളില്‍ വച്ചു. ലോക്കറിന്റെ താക്കോല്‍ ഓംചേരി എന്‍.എന്‍. പിള്ളയുടെയും ബാങ്ക് മാനേജര്‍ റീബയുടെയും കൈവശം ഏല്‍പ്പിച്ചതോടെ മാന്ത്രികവിദ്യയുടെ ഒന്നാം ഘട്ടം അവസാനിച്ചു.
ഞായറാഴ്ച രാവിലെ 9.30നു ബാങ്ക് ലോക്കറില്‍ നിന്നു പെട്ടിയെടുത്തു തുറക്കും. ഏഴു പെട്ടികളും തുറന്നു തലക്കെട്ടുകള്‍ എഴുതിയ പേപ്പര്‍ വായിക്കുന്നതു വരെ മജീഷ്യന്‍ വേദിയിലെ കൂട്ടില്‍ തന്നെയാകും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല