ലണ്ടന്‍:ലോകത്തില്‍ എവിടെച്ചെന്നാലുംസ്വന്തമായി വീടു വാങ്ങുക എന്നത് മലയാളിയുടെ ആഗ്രഹങ്ങളില്‍ ഒന്നാമത്തേതാണ് . യു കെയിലേക്ക് കുടിയേറിയ മലയാളികളില്‍ ഭൂരിപക്ഷവും ആദ്യ അഞ്ചു വര്‍ഷത്തിനുള്ളില്‍ തന്നെ വീട് സ്വന്തമാക്കിയിരുന്നു.ഇല്ലാത്ത വീടും സ്ഥലവും വാങ്ങുകയും വില്‍ക്കുകയും പണയപ്പെടുത്തുകയും ചെയ്യുന്ന ഭൂമാഫിയ കഥകള്‍ നാട്ടില്‍ നിന്നു കേള്‍ക്കുന്ന നമ്മുടെയെല്ലാം ധാരണം ബ്രിട്ടനിലെ സവിധാനം വളരെ സുരക്ഷിതമാണെന്നാണ്.വീടിന്‍റെ വില മുഴുവന്‍ കാണിക്കുകയും കാര്യങ്ങളെല്ലാം വക്കീലന്മാര്‍ കൈകാര്യം ചെയ്യുമ്പോള്‍ സംശയിക്കേണ്ട കാര്യവുമില്ല.എന്നാല്‍ ഭൂമാഫിയയുടെ കാര്യത്തില്‍ ബ്രിട്ടണും അത്ര പുറകിലൊന്നുമല്ലെന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ ബ്രിട്ടണിലെ ഭൂമാഫിയ ഭൂമി തട്ടിയെടുക്കുന്ന കാര്യത്തിലും മറ്റുമല്ല ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ വീടും മറ്റും പണയംവെച്ചും അല്ലാതെയുംപണം സമ്പാദിക്കുന്ന കാര്യത്തിലാണ്.
ഇന്റര്‍നെറ്റ് സൗകര്യമുള്ള ഒരു കമ്പ്യൂട്ടറില്‍ മൂന്നോ നാലോ മൗസ്ക്ലിക്ക് കൊണ്ടുതന്നെ ഒരാളുടെ വീടിനെക്കുറിച്ചും സ്ഥലത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിക്കും. ആ വീടിന്റെ ഉടമസ്ഥന്റെ പേര് വിലാസം, ഏത് വര്‍ഷമാണ് അത് വാങ്ങിയത്, എത്രരൂപ മതിപ്പുവില വരും തുടങ്ങിയ കാര്യങ്ങളെല്ലാംതന്നെ വളരെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും. അങ്ങനെയുള്ള കാര്യങ്ങളെല്ലാം അറിഞ്ഞുകഴിഞ്ഞാലുടന്‍ നിങ്ങളുടെ വീടിന്റെയും സ്ഥലത്തിന്റെയും പേരിലുള്ള വ്യാജ ഡോക്യുമെന്റുകള്‍ ശരിയാക്കുകയായി. പിന്നെ നിങ്ങള്‍പോലും അറിയാതെ നിങ്ങളുടെ വീടിന്റെയും സ്ഥലത്തിന്റെയും പേരില്‍ ലോണോ മറ്റ് കടങ്ങളോ എടുക്കും.
വീടിന്റെയും സ്ഥലത്തിന്റെയും യഥാര്‍ത്ഥ ഉടമ വില്‍ക്കാനോ, അല്ലെങ്കില്‍ സ്വന്തം ആവശ്യത്തിന് ഒരു ലോണ്‍ എടുക്കാനോ ചെല്ലുമ്പോള്‍ മാത്രമായിരിക്കും തന്റെ വസ്തു പണയംവെച്ച് വേറൊരാള്‍ വന്‍തുക കടമെടുത്തിട്ടുണ്ട് എന്ന വസ്തുത തിരിച്ചറിയുന്നത്. ബ്രിട്ടണില്‍ ഇപ്പോള്‍ കേള്‍ക്കുന്നത് അത്തരം കഥകളാണ്.
2003വരെ വാട്ടര്‍മാര്‍ക്ക് കൊണ്ട് സുരക്ഷിതമാക്കിയ രേഖകളായിരുന്നു വീട്ടുടമസ്ഥര്‍ക്ക് രജിസ്റ്റര്‍ ഓഫീസുകളില്‍നിന്ന് നല്‍കിയിരുന്നത്. എന്നാല്‍ കാര്യങ്ങളെല്ലാം ഓണ്‍ലൈന്‍ ആയതോടെ വാട്ടര്‍മാര്‍ക്ക് ഇല്ലാത്ത രേഖകള്‍ കൊടുക്കാന്‍ തുടങ്ങി. ഇതാണ് തട്ടിപ്പ് നടത്തുന്നവര്‍ ഉപയോഗിക്കുന്നത്. യഥാര്‍ത്ഥ രേഖകള്‍ തിരിച്ചറിയാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഭൂമാഫിയയള്‍ക്ക് ഉടമസ്ഥന്റെ വിവരങ്ങള്‍ വെച്ചുകൊണ്ട് രേഖകള്‍ നിര്‍മ്മിക്കാമെന്നായി. അങ്ങനെ നിര്‍മ്മിക്കുന്ന രേഖകള്‍ കൊണ്ടാണ് ഭൂമാഫിയ മറ്റുള്ളവരുടെ വസ്തുക്കള്‍ പണയം വെയ്ക്കുന്നത്.
ഇങ്ങനെ കോടിക്കണക്കിന് പൗണ്ടിന്റെ പണയമാണ് ഓരോ വര്‍ഷവും ഭൂമാഫിയ സ്വന്തമാക്കുന്നത്. തങ്ങളുടെ ഭൂമി മറ്റൊരാള്‍ പണയം വെച്ചെന്ന് ഉടമസ്ഥന്‍ അറിയുന്നത് ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞിട്ടായിരിക്കും. അപ്പോഴേക്കും നിങ്ങളുടെ വസ്തു വെച്ചെടുത്ത പണയം കുന്നകൂടിക്കാണും. നിങ്ങളുടെ വസ്തുക്കളുടെ കൃത്യമായ രേഖ സൂക്ഷിക്കുക, ഭൂമിയും വീട് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇന്‍ഷ്വര്‍ ചെയ്യുക, ഭൂമി രജിസ്ട്രേഷന്‍ ചെയ്യുന്ന ഡിപ്പാര്‍ട്ട്മെന്റില്‍ നിങ്ങളുടെ കൃത്യമായ മേല്‍വിലാസം നല്‍കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിനെ തടയാനായി ചെയ്യാവുന്ന കാര്യങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല