നിയമങ്ങള്‍ കൂടുതല്‍ ലളിതമാക്കിയതോടെ വിവിധ യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളില്‍ നിന്നും ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുതിക്കുമെന്ന് റിപ്പോര്‍ട്ട്. മേയ് ആദ്യവാരത്തോടെ ഈസ്‌റ്റേണ്‍ യൂറോപ്പില്‍ നിന്നും ഏകദേശം ഒരുലക്ഷത്തിലധികം കുടിയേറ്റക്കാര്‍ രാജ്യത്ത് എത്തുമെന്നാണ് വിലയിരുത്തുന്നത്.
യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ മൂലം അടുത്ത മാസം മുതല്‍ യൂറോപ്പില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടി വരും ഏതാണ്ട് 250 പൗണ്ടോളമാണ് ഓരോ ആഴ്ച്ചയും കുടിയേറ്റക്കാര്‍ക്ക് ലഭിക്കുക. അതിനിടെ കുടിയേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇതിന്റെ പ്രതിഫലനമെന്താണെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും മൈഗ്രേഷന്‍ വാച്ച് ചെയര്‍മാന്‍ ആന്‍ഡ്രൂ ഗ്രീന്‍ പറഞ്ഞു.
ബള്‍ഗേറിയയില്‍ നിന്നും റൊമാനിയയില്‍ നിന്നും രണ്ടുവര്‍ഷത്തിനുള്ളില്‍ നടന്നേക്കാവുന്ന കുടിയേറ്റത്തെയാണ് ഗ്രീന്‍ ആശങ്കയോടെ കാണുന്നത്. 2004ല്‍ യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്ന രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ ഗുണഫലം ലഭിക്കുക. തൊഴില്‍ തേടുന്നവര്‍ക്കുള്ള അലവന്‍സ്, ഭവന കൗണ്‍സില്‍ നികുതി നിരക്കുകളില്‍ ഇളവ് എന്നിവ ഇത്തരം രാഷ്ട്രങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ലഭിക്കും.
നിയന്ത്രണമില്ലാത്ത ഇത്തരം കുടിയേറ്റത്തെ ഏറെ ആശങ്കയോടെയാണ് വിദഗ്ധര്‍ കാണുന്നത്. മധ്യകിഴക്കന്‍ യൂറോപ്പില്‍ നിന്നും നിലവില്‍ നിരവധി ആളുകള്‍ ബ്രിട്ടനില്‍ ജീവിക്കുന്നുണ്ട്. അതിനിടെ നികുതിദായകര്‍ക്ക് ഏറെ ദുരിതമായേക്കാവുന്ന നീക്കമാണിതെന്ന് മറ്റുചിലര്‍ പറയുന്നു. നിലവില്‍ തന്നെ നികുതിനിരക്ക് കൂട്ടിയതും ചിലവ് കുറച്ചതും ജനങ്ങളുടെ പ്രക്ഷോഭത്തിന് ഇടയാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല