കുടിയേറ്റ നടപടികള്‍ എളുപ്പമാക്കാനായി നിയമവിരുദ്ധ വിവാഹം നടത്താനുള്ള ശ്രമം പോലീസ് വിഫലമാക്കി. ലീഡ്‌സില്‍ പോലീസ് നടത്തിയ റെയ്ഡിനിടെ വിവാഹം കഴിക്കാനെത്തിയ ദമ്പതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 23 കാരനായ പാക്കിസ്ഥാന്‍കാരനും 22 വയസുള്ള സ്ലൊവാക്യന്‍ വനിതയുമാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
പോലീസും യു.കെ ബോര്‍ഡര്‍ ഏജന്‍സി ഉദ്യോഗസ്ഥരും ചേര്‍ന്നായിരുന്നു റെയ്ഡ് നടത്തിയത്. നിയമവിരുദ്ധമായി യു.കെയിലേക്ക് കടക്കാന്‍ ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. 21,23,32 വയസുള്ള മൂന്ന് പാക്കിസ്ഥാന്‍കാരെയും രണ്ട് സ്ലൊവേക്യന്‍ വനിതകളെയും ചോദ്യംചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യു.കെയില്‍ താമസിക്കാനും കുടിയേറ്റ നിയമങ്ങളില്‍ നിന്നും രക്ഷപ്പെടാനുമുള്ള പാക്കിസ്ഥാന്‍കാരന്റെ തന്ത്രമാവാം വിവാഹത്തിന് പിന്നിലെന്ന് ആക്ടിംങ് ഡിറ്റക്ടിവ് ഇന്‍സ്‌പെക്ടര്‍ പീറ്റ് ഗല്ലാഗേര്‍ പറഞ്ഞു. അറസ്റ്റുചെയ്തവരെയെല്ലാം ലീഡ്‌സ് ബ്രെഡ്വെല്‍ പോലീസ് സ്‌റ്റേഷനിലേക്ക് ചോദ്യംചെയ്യലിനായി കൊണ്ടുപോകുമെന്നും പീറ്റ് വ്യക്തമാക്കി.
കുടിയേറ്റനിയമവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് യു.കെ ബോര്‍ഡര്‍ ഏജന്‍സി റീജിയനല്‍ ഡയറക്ടര്‍ ജെറമി ഓപ്പന്‍ഹേം പറഞ്ഞു. നിയമവിരുദ്ധമായി നടക്കുന്ന ഇത്തരം വിവാഹങ്ങള്‍ നിയന്ത്രിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല