അനീഷ് ജോര്‍ജ് (ബോണ്‍മൗത്ത്): ജൂണ്‍ നാല് ശനിയാഴ്ച ബോണ്‍മൗത്തില്‍ നടന്ന മഴവില്‍ സംഗീതം നാലാം എഡിഷന്‍ ചരിത്ര വിജയമായി. യുകെയുടെ നാനാ ഭാഗത്ത് നിന്നുമുള്ള സംഗീത പ്രേമികള്‍ ശനിയാഴ്ച ബോണ്‍മൗത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷനിലെ കുരുന്നുകള്‍ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ നിറഞ്ഞു കവിഞ്ഞ സദസ്സിനു മുന്നില്‍ ആരംഭിച്ച സംഗീത പരിപാടിക്ക് തുടക്കമിട്ടത് ശ്രീ അനീഷ് ജോര്‍ജിന്റെ മധുരതരമായ ഗാനത്തോടെയായിരുന്നു. മലയാളികളുടെ എക്കാലത്തെയും മികച്ച ഹിറ്റ് ഗാനങ്ങള്‍ യുകെയിലെ പ്രിയ ഗായകര്‍ ആലപിച്ച് സംഗീത സാന്ദ്രമായ സദസ്സിന് മുന്നില്‍ ആറര മണിയോടെ മഴവില്‍ സംഗീതം ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടു.
അവതാരകരായിയെത്തിയ ശ്രീ പദ്മരാജ്, ശ്രീമതി സില്‍വി ജോസ്, ശ്രീമതി ജെന്‍സി ജോജി, തുടങ്ങിയവര്‍ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചു. ശ്രീമതി ടെസ്‌മോള്‍ ജോര്‍ജ് പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു. മഴവില്‍ സംഗീതത്തിന്റെ സംഘാടകനും യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ ജനറല്‍ സെക്രെട്ടറിയുമായ ശ്രീ കെ എസ് ജോണ്‍സണ്‍ വിശിഷ്ടാതിഥികള്‍ക്കും സദസ്സിനും സ്വാഗതം ആശംസിച്ചു. മഴവില്‍ സംഗീതത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച എല്ലാ മലയാളികള്‍ക്കും യോഗാധ്യക്ഷനായ ശ്രീ അനീഷ് നന്ദി പറഞ്ഞു. തുടര്‍ന്ന് മലയാളികളുടെ പ്രിയപ്പെട്ട പ്രണയ നായകന്‍ ശ്രീ ശങ്കര്‍ പണിക്കര്‍ മഴവില്‍ സംഗീതം നാലാം എഡിഷന്‍ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. സംഗീതം ഏറെ ഇഷ്ടപ്പെടുന്ന അദ്ധേഹത്തിന്റെ വാക്കുകള്‍ ആകാംക്ഷാപൂര്‍വ്വമാണ് സദസ്സ് കേട്ടിരുന്നത്. തുടര്‍ന്ന് ആശംസയര്‍പ്പിച്ച ശ്രീ രാജഗോപാല്‍ കോങ്ങാട് സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ മഴവില്‍ സംഗീതത്തിന്റെ അമരക്കാരായ ശ്രീ അനീഷിനും പത്‌നിക്കും അനുഗ്രഹാശ്ശിസുകള്‍ നേര്‍ന്നു. മുന്‍ ക്രോയ്‌ടോന്‍ മേയറും കൗണ്‍സിലറുമായ ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദും യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ശ്രീ മാമ്മന്‍ ഫിലിപ്പും മഴവില്‍ സംഗീതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു.
വിവിധ മേഖലകളില്‍ മഴവില്‍ സംഗീതത്തിന് നല്കിയ സംഭാവനകള്‍ക്ക് ശ്രീ ബിജു മൂന്നാനപ്പള്ളി, ശ്രീ ബോബി അഗസ്റ്റിന്‍, ശ്രീ സന്തോഷ് നമ്പ്യാര്‍, ശ്രീ സുജു ജോസഫ് തുടങ്ങിയവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ ശ്രീ ശങ്കര്‍ സമ്മാനിച്ചു. മഴവില്‍ സംഗീതത്തിന്റെ തുടര്‍ന്നുമുള്ള പ്രചാരണത്തിന് ശ്രീ സന്തോഷ് നമ്പ്യാര്‍ ഈണം നല്കിയ തീം മ്യൂസിക് പ്രണയ നായകന്‍ വേദിയില്‍ പ്രകാശനം ചെയ്തു. മഴവില്‍ സംഗീതത്തിനെത്തിയ എല്ലാ ഗായകര്‍ക്കും കലാകാരന്മാര്‍ക്കും വിശിഷ്ടാതിഥികള്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ശ്രീ അനീഷ് ജോര്‍ജ് , ടെസ്‌മോള്‍ ജോര്‍ജ്, ഡാന്‌ടോ പോള്‍, കെ എസ് ജോണ്‍സണ്‍ തുടങ്ങിയവര്‍ വിശിഷ്ടാതിധികള്‍ക്ക് മഴവില്‍ സംഗീതം ഉപഹാരം സമര്‍പ്പിച്ചു.
നാല് മണിക്കൂറിലധികം നീണ്ടു നിന്ന പരിപാടിക്ക് സദസ്സില്‍ വന്‍ വരവേല്‍പാണ് ലഭിച്ചത്. വളര്‍ന്നു വരുന്ന പുതു തലമുറ ഗായകര്‍ക്കും അവസരമൊരുക്കിയ പരിപാടിക്ക് നിറ ചാരുതയേകാന്‍ സാലിസ്ബറി, ആന്‍ഡോവര്‍, ഹോര്‍ഷം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികളുടെ നൃത്തങ്ങളും ഉണ്ടായിരുന്നു. നാടന്‍ വിഭവങ്ങളടങ്ങിയ ഭക്ഷണശാലയും, സിബി ഫോട്ടോ സ്റ്റുഡിയോയും മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമായിരുന്നു. കൂടാതെ ഫോട്ടോജിന്‍സ്, റോസ് ഫോട്ടോഗ്രാഫി. ബി ടി എം ഫോട്ടോഗ്രാഫി തുടങ്ങിയവരും മഴവില്‍ സംഗീതത്തിന് ഒപ്പമുണ്ടായിരുന്നു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക്,
https://picasaweb.google.com/106762119561763744492/6292775735375492913?authuser=0&feat=directlink
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല