നിശാപാര്‍ട്ടിയ്ക്കിടെ പൊലീസ് നടത്തിയ റെയ്ഡില്‍ 60പെണ്‍കുട്ടികളുള്‍പ്പെടെ 300 പേര്‍ അറസ്റ്റിലായി. 20 നും 30 നും ഇടെ പ്രായമുള്ള യുവാക്കളാണ് പിടിയിലായവര്‍. മുംബൈ-പുനെ ഹൈവേയില്‍ റായ്ഗഡിലുള്ള മൗണ്ട് വ്യൂ റിസോര്‍ട്ടിലെ നിശാക്ലബ്ബിലാണ് ഞായറാഴ്ച രാത്രി പൊലീസ് റെയ്ഡ് നടത്തിയത്.
പിടിയിലായവരുടെ കൂട്ടത്തില്‍ ഒരു പൊലീസ് ഓഫീസറും ഉണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇക്കാര്യം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും സ്റ്റേഷനിലെ ഹാജര്‍പ്പട്ടിക പരിശോധിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അറസ്റ്റിലായവരില്‍ മയക്കുമരുന്ന് ഉപയോഗിച്ച ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് റായ്ഗഡ് എസ്.പി നര്‍മ്മദ പാട്ടീല്‍ പറഞ്ഞു. ഇവരില്‍ നിന്നും കൊക്കെയ്ന്‍, ഹാഷിഷ് എന്നിവ അടക്കമുള്ള മയക്കുമരുന്നുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പാര്‍ട്ടി സംഘടിപ്പിച്ചവരില്‍ ഒരാളെ പോലീസ് പിടികൂടി. ഇയാളെ ചോദ്യംചെയ്തു വരികയാണ്.
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ വഴിയാണ് സംഘാടകര്‍ യുവാക്കളെ പാര്‍ട്ടിയ്ക്ക് ക്ഷണിച്ചതെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരെല്ലാം മുംബൈയില്‍ നിന്നും പുനെയില്‍ നിന്നുമുള്ളവരാണെന്നാണ് സൂചന.
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ആഗോളതലത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടന്ന ജൂണ്‍ 26ന് തന്നെ ഇത്രയും പേരെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിന്റെ പേരില്‍ പിടികൂടിയത് വലിയ വൈരുധ്യമാണെന്ന് പൊലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല