സഖറിയ പുത്തന്‍കളം (മാഞ്ചസ്റ്റര്‍): ഷ്രൂസ്ബറി രൂപതയിലെ സെന്റ് മേരീസ് ക്‌നാനായ ചാപ്ലയന്‍സിയുടെ സ്വര്‍ഗീയ മധ്യസ്ഥ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന് രണ്ട് ദിനം മാത്രം അവശേഷിക്കെ സെന്റ് മേരീസ് ക്‌നാനായ ചാപ്ലയന്‍സി അംഗങ്ങള്‍ വിശ്വാസികളെ സ്വീകരിക്കുവാന്‍ ഒരുങ്ങിക്കഴിഞ്ഞു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ വിഥിന്‍ഷോയിലെ സെന്റ്. ആന്റണീസ് ചര്‍ച്ചിലേക്ക് ശനിയാഴ്ച രാവിലെ മുതല്‍ തീര്‍ത്ഥാടന യാത്രയായി ഒഴുകിയെത്തും.
ഇത്തവണ തിരുന്നാളിന് കഴിഞ്ഞ വര്‍ഷത്തെക്കാളും അധികം പ്രസുദേന്തിമാരാണ് തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നത്. നൂറിലധികം പ്രസുദേന്തിമാര്‍ തിരുന്നാള്‍ ഏറ്റെടുത്തു നടത്തുമ്പോള്‍ ചരിത്ര സംഭവമാക്കാനാണ് സെന്റ് മേരീസ് ക്‌നാനായ ചാപ്ലയന്‍സി അംഗങ്ങള്‍.
പുഷ്പാലംകൃതമായ ദേവാലയത്തില്‍ ഭക്തിസാന്ദ്രമാര്‍ന്ന ആഘോഷമായ ദിവ്യബലിക്ക് മുഖ്യകാര്‍മ്മികനാകുന്ന വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിന് ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
ആര്‍ച്ച് ബിഷപ്പ് ആയതിനു ശേഷം പ്രഥമ യുകെ സന്ദര്‍ശനത്തിന് എത്തുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിന് സ്വാഗതമരുളി യുകെകെസിഎയും യൂണിറ്റ് അംഗങ്ങളും ആശംസകള്‍ അറിയിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന് തിരു വചന സന്ദേശം നല്‍കുന്നത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ അധ്യക്ഷന്‍ ന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും മതബോധന വാര്‍ഷികം ഉത്ഘാടനം ചെയ്യുന്നത് യുകെ ക്‌നാനായക്കാരുടെ രണ്ടാം പത്താം പിയൂസ് മാര്‍പാപ്പ എന്ന വിശേഷണമുള്ള ഷ്രൂസ്ബറി രൂപതാധ്യക്ഷന്‍ മാര്‍ മാര്‍ക്ക് ഡേവീസുമാണ്.
കണ്ണഞ്ചിപ്പിക്കുന്നതും നയന മനോഹരവുമായ കലാപരിപാടികളാണ് തിരുന്നാളിനോടനുബന്ധിച്ച് ചാപ്ലയന്‍സി അംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പരിശുദ്ധ അമ്മയുടെ അനുഗ്രഹവര്‍ഷത്തിനായി ഏവരെയും ഭക്ത്യാദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫാ. സജി മലയില്‍ പുത്തന്‍പുര അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല