ലണ്ടന്‍: ബ്രസീലിന്റെ പുത്തന്‍ ഫുട്‌ബോള്‍ വാഗ്ദാനം നെയ്മറിനായി യൂറോപ്യന്‍ ടീമുകള്‍ വലവീശിത്തുടങ്ങി. ചെല്‍സിയയും റയല്‍ മാഡ്രിഡുമടക്കം വമ്പന്‍മാരായ അഞ്ച് ക്ലബ്ബുകളാണ് നെയ്മറുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ബ്രസീല്‍ ക്ലബ്ബ് സാന്റോസിന്റെ സ്‌ട്രൈക്കറാണ് നെയ്മര്‍.
സാന്റോസിന്റെ മാനോജര്‍ അല്‍വാരോ റിവറിയാണ് 19 കാരനെ തേടി വിദേശ ക്ലബ്ബുകള്‍ സമീപിച്ച കാര്യം വ്യക്തമാക്കിയത്. ‘നെയ്മറെ വില്‍ക്കാന്‍ സാന്റോസിന് താല്‍പര്യമില്ല. താരവുമായുള്ള കരാര്‍ കാലാവധി 2015 വരെയുണ്ടെങ്കിലും ക്ലബ്ബ് നിശ്ചയിച്ചതിലും കൂടുതല്‍ തുകയ്ക്ക് കരാറൊപ്പിടാന്‍ തയ്യാറായി അഞ്ച് യൂറോപ്യന്‍ ടീമുകള്‍ രംഗത്ത് വന്നിട്ടുണ്ട്’ . അല്‍വാരോ റിവറി പറഞ്ഞു.എന്നാല്‍ ടീമുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാന്‍ റിവറി തയ്യാറായില്ല.
2004ല്‍ സാന്റോസിന്റെ യൂത്ത് ടീമിലൂടെയാണ് നെയ്മര്‍ ഫുട്‌ബോള്‍ മൈതാനത്തേയ്ക്ക് എത്തുന്നത്. 2009 മാര്‍ച്ച് 12ല്‍ പൗളിസ്ത കപ്പില്‍ പൗളിസ്ത എഫ് സിക്കെതിരെയാണ് നെയ്മറുടെ അരങ്ങേറ്റം. അസാധാരണ ഡ്രിബ്ലിംഗ് മികവും ഗോള്‍ നേടുന്നതിനുള്ള വൈഭവവും കൈമുതലായുള്ള നെയ്മര്‍ സാന്റോസിനായി നിരവധി ഗോളുകള്‍ നേടിയിട്ടിണ്ട്. കഴിഞ്ഞ വര്‍ഷം ചെല്‍സി നെയ്മറെ ചാക്കിലാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും സാന്റോസ് നിരസിക്കുകയായിരുന്നു. കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പിനുള്ള ബ്രസീല്‍ ടീമംഗമാണ് നെയ്മര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല