1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2011

പൃഥ്വിരാജ് – സന്തോഷ് ശിവന്‍ ടീമിന്റെ ഏറ്റവും പുതിയ സിനിമയായ ഉറുമി വിവിധ സൈറ്റുകള്‍ വഴി നെറ്റ് ഉപയോക്താക്കളില്‍ എത്തിയ സംഭവം പുതിയ വഴിത്തിരിവിലെത്തുന്നു. ഇന്റര്‍നെറ്റ്‌ വഴിയും സിഡികളിലൂടെയുമുള്ള സിനിമാ മോഷണം കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന സൈബര്‍ കുറ്റകൃത്യമായി പരിഗണിക്കാനാണ് സംസ്ഥാന പൊലീസിന്റെ തീരുമാനം. ഒപ്പം, ഇന്റര്‍നെറ്റിലൂടെ സിനിമ കാണുന്നവരെയും കേസില്‍ പ്രതികളാക്കും എന്നാണ് പൊലീസ് പറയുന്നത്.

വിവരസാങ്കേതികവിദ്യയുടെ നൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പുതിയ മലയാള സിനിമകളുടെ അനധികൃത വിതരണം തടയുന്നതിനായി സാങ്കേതിക വിദഗ്‌ധരും പോലീസും ഉള്‍‌പ്പെട്ട സമിതി കൊച്ചിയില്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ആന്റി പൈറസി സെല്‍ നോഡല്‍ ഓഫീസര്‍ ഡിഐജി എസ്‌ ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ ചേര്‍ന്ന യോഗത്തില്‍ സിനിമാ വിതരണ കമ്പനി പ്രതിനിധികള്‍, സാങ്കേതിക വിദഗ്‌ധര്‍, സൈബര്‍ സെല്‍ ഉദ്യോഗസ്‌ഥര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, സംവിധായകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉറുമിയെന്ന സിനിമ ഒരുപിടി സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുതിയ മലയാള സിനിമകള്‍ ഇന്റര്‍നെറ്റിലെ ഒരു ഡസനോളം സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്നതായി പൊലീസിന്റെ സൈബര്‍ സെല്‍ കണ്ടെത്തി. ഏറ്റവും പുതിയ ചിത്രമായ ‘ഉറുമി എട്ടു സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഓഗസ്റ്റ് 15, ട്രാഫിക്, മേക്കപ്പ്‌മാന്‍‍, ക്രിസ്ത്യന്‍ ബ്രദേഴ്സ്, കുടുംബശ്രീ ട്രാവല്‍സ്, ബെസ്റ്റ് ആക്‌ടര്‍, റേയ്സ് തുടങ്ങി പുതിയ ചിത്രങ്ങളെല്ലാം നെറ്റില്‍ സുലഭമാണ്.

എന്തായാലും, നെറ്റില്‍ സിനിമ കാണുന്നവരെയും അഴിക്കുള്ളിലാക്കും എന്ന ആന്റി പൈറസി സെല്ലിന്റെ പുതിയ തീരുമാനം കുറച്ച് കടന്നുപോയി എന്നാണ് നെറ്റ് ഉപയോക്താക്കളുടെ അഭിപ്രായം. ഏതൊക്കെ സിനിമകള്‍ അനധികൃതം, ഏതൊക്കെ നിയമാനുസൃതം എന്നൊന്നും സാധാരണക്കാര്‍ക്ക് അറിയാന്‍ വഴിയില്ല. ഈയവസ്ഥയില്‍ നെറ്റില്‍ സിനിമ കാണുന്നവരെയും പ്രതികളാക്കും എന്ന് പറയുന്നതിന് എന്ത് അടിസ്ഥാനമാണ് ഉള്ളതെന്ന് അവര്‍ ചോദിക്കുന്നു.

‘കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പ്രതിയാക്കുന്ന’ പഴയ ഏര്‍പ്പാട് തന്നെയാണ് ഇതെന്ന് പലര്‍ക്കും അഭിപ്രായമുണ്ട്. പുതിയ സിനിമകള്‍ ചോരുന്നതെങ്ങിനെ എന്ന് കണ്ടെത്തിയാല്‍ പ്രശ്നം തീരില്ലേ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. മില്‍‌മ പാലിന്റെ ഡ്യൂപ്ലിക്കേറ്റ് വാങ്ങി ചായ ഉണ്ടാക്കുന്നവരെ ‘ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി’ എന്നും പറഞ്ഞ് അറസ്റ്റ് ചെയ്യുമോ എന്നാണ് ഇവരുടെ ചോദ്യം. ആന്റി പൈറസി സെല്‍ കുറച്ചുകൂടി യുക്തിസഹമായ തീരുമാനം എടുക്കുമെന്നാണ് നെറ്റ് ഉപയോക്താക്കളുടെ പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.