1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2011

ന്യൂദല്‍ഹി: ലോകത്തെ നടുക്കിയ ഓസ്ലോ കൂട്ടക്കൊലയില്‍ പ്രതി ഉപയോഗിച്ച ചിഹ്നം ഇന്ത്യയില്‍ തയ്യാറാക്കിയതെന്ന് വെളിപ്പെടുത്തല്‍ . കൂട്ടക്കൊല നടത്തിയെന്ന്‌ കുറ്റസമ്മതം നടത്തിയ 32 കാരനായ ആന്‍ഡേഴ്‌സ് ബെഹ്‌റിങ് ബ്രെവിക് എന്ന യാഥാസ്ഥിതിക ക്രിസ്ത്യന്‍ അയാളുടെ ‘കുരിശുയുദ്ധ’ത്തിനുള്ള ബാഡ്ജുകള്‍ നിര്‍മ്മിക്കാന്‍ തിരഞ്ഞെടുത്തത് ഇന്ത്യയിലുള്ള ആര്‍ട് കമ്പനിയെ. ഉത്തര്‍പ്രദേശിലെ വാരാണസിയിലുള്ള ഇന്ത്യന്‍ ആര്‍ട് കമ്പനിയില്‍ നിന്നാണ് ‘ജസ്റ്റിസിയര്‍ നൈറ്റ്’ എന്ന് പ്രതി വിശേഷിപ്പിക്കുന്ന ബാഡ്ജ് നിര്‍മ്മിച്ചതെന്ന് ഇയാള്‍ പറയുന്നു.

അതേ സമയം പ്രസ്തുത തരത്തിലുള്ള രണ്ട് ബാഡ്ജുകള്‍ നോര്‍വേയിലുള്ള ഒരാള്‍ക്കുവേണ്ടി താന്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ കമ്പനി ആര്‍ട്ടിലെ മുഹമ്മദ് അസ്ലം അന്‍സാരി പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് താന്‍ ഈ ബാഡ്ജുകള്‍ നിര്‍മ്മിച്ചുനല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മാധ്യമങ്ങളില്‍നിന്ന് വിളിച്ചപ്പോഴാണ്‌  ബാഡ്ജുകള്‍ എന്തിനുവേണ്ടിയാണ് ഉപയോഗിച്ചതെന്ന് തനിക്ക് മനസ്സിലായതെന്നും അന്‍സാരി വ്യക്തമാക്കി. “എന്നോട് ബാഡ്ജ് നിര്‍മ്മിക്കാനാവശ്യപ്പെട്ട ആളുടെ പേരുപോലും എനിക്ക് ഓര്‍ത്തെടുക്കാനാവുന്നില്ല. ഇ-മെയില്‍വഴിയാണ് അയാള്‍ എന്നെ ബന്ധപ്പെട്ടത്”-വികൃതമായ ഹിന്ദിയിലും ഇംഗ്ലീഷിലുമായി അന്‍സാരി വ്യക്തമാക്കി.

വെളുത്ത തലയോട്ടി, നെറ്റിയിലായി കമ്മ്യൂണിസത്തിന്റെയും ഇസ്ലാമിന്റെയും നാസിസത്തിന്റെയും അടയാളങ്ങള്‍ ചേര്‍ത്ത് ഒരു കുരിശിലൂടെ കുത്തിയിറക്കിയതാണ് ജസ്റ്റിസിയര്‍ നൈറ്റിന്റെ ചിഹ്നമെന്ന് പ്രതി വ്യക്തമാക്കുന്നു.

ഏകദേശം ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ തന്നെ ഈ ആവശ്യവുമായി ബന്ധപ്പെട്ടതെന്ന് അന്‍സാരി പറയുന്നു. “ഇന്റര്‍നാഷണല്‍ ബിസിനസിന് താല്‍പര്യമുണ്ടെന്ന് കാണിച്ച് ചില വെബ്‌സൈറ്റുകളില്‍ പരസ്യം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ്  നോര്‍വെയില്‍നിന്നും ഇ-മെയില്‍ ലഭിക്കുന്നത്. അതില്‍ ആവശ്യപ്പെട്ട പ്രകാരമുള്ള ബാഡ്ജ് നിര്‍മ്മിക്കുകയും ഒരു വര്‍ഷംമുമ്പ് കൊറിയറില്‍ അയക്കുകയും ചെയ്തു. ഈ രണ്ടു സാമ്പിളുകള്‍ക്കായി വെസ്റ്റേണ്‍ യൂണിയന്‍വഴി 150 ഡോളറാണ്  ലഭിച്ചത്-”.

“ഇതിനെത്തുടര്‍ന്ന് നിറയെ ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ പ്രതീക്ഷയ്ക്കു വിപരീതമായിട്ടാണ് കാര്യങ്ങള്‍ നടന്നത്. കഴിഞ്ഞ എട്ടുമാസം എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇന്റര്‍നെറ്റിലൂടെ ജോലി ചെയ്ത് കാശുണ്ടാക്കാനുള്ള എന്റെ മോഹം അവിടെ പൊലിയുകയായിരുന്നു. വീണ്ടും ഞാന്‍ തെരുവിലേക്കിറങ്ങി. നെയ്ത്തുശാലയില്‍ ജോലി ചെയ്യുന്നു. മീറ്ററിന് ലഭിക്കുന്ന 150 രൂപയില്‍ പകുതിയും ശാലയിലെ തൊഴിലാളികള്‍ക്കുള്ളതാണ്. ദൈനംദിനാവശ്യങ്ങള്‍ക്കുള്ളതുപോലും കണ്ടെത്താന്‍ ഞങ്ങള്‍ കഷ്ടപ്പെടുകയാണ്”-അന്‍സാരി പറഞ്ഞു.

ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത പാരമ്പര്യനെയ്ത്തുകാരാണ് വാരാണസിയിലെ ഈ ഉള്‍പ്രദേശത്തുള്ളത്. മാറിവരുന്ന സാമ്പത്തിക സ്ഥിതിയില്‍ അന്നന്നത്തെ അഷ്ടിക്കുള്ള വക കണ്ടെത്താന്‍ കഷ്ടപ്പെടുന്നവരാണ് ഇവിടത്തുകാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.