ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കൗണ്‍സല്‍ ജനറല്‍ പ്രഭുദയാലിനെതിരെ ലൈംഗികാരോപണവുമായി മുന്‍ വീട്ടുജോലിക്കാരി യുഎസ് കോടതിയെ സമീപിച്ചു. പ്രഭു തന്നെ അടിമയെപ്പോലെ പണിയെടുപ്പിക്കുകയും ലൈംഗികചൂഷണത്തിന് വിധേയയാക്കുകയും ചെയ്തുവെന്നാണ് സന്തോഷ് ഭരദ്വാജ് എന്ന സ്ത്രീ ഫെഡറല്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
മാസം 300 യു.എസ് ഡോളര്‍ ശമ്പളം നല്‍കി തന്നെ ദയാല്‍ അമിതമായി ജോലി ചെയ്യിച്ചുവെന്നും, തന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
ഉറങ്ങുന്നതിനായി സ്‌റ്റോര്‍ റൂമാണ് ഒരുക്കിയിരുന്നത്. പലതവണ ദയാല്‍ ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നു. ശരീരം തിരുമ്മി തന്നാല്‍ മാത്രം അധികം പണം നല്‍കാമെന്ന് ഒരവസരത്തില്‍ ദയാല്‍ പറഞ്ഞതായും ഇവര്‍ ആരോപിക്കുന്നു. ഈ സംഭവത്തിന് ശേഷം ദയാല്‍ വീട് ഉപേക്ഷിച്ചു പോയതായും സന്തോഷ് പറയുന്നു.
അതേസമയം ജോലിക്കാരിയുടെ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ച ദയാല്‍, ശുദ്ധ അസംബന്ധമാണെന്നാണ് ഇതിനെ കുറിച്ച് പ്രതികരിച്ചത്. മാന്‍ഹാട്ടനിലെ കോണ്‍സുലേറ്റിലെ അഞ്ചാമത്തെ നിലയില്‍ ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ സൌകര്യങ്ങളും ഉള്ള മുറിയാണ് ഇവര്‍ക്ക് നല്‍കിയിരുന്നതെന്ന് ദയാല്‍ പറഞ്ഞു.
വിസാനിയമം ലംഘിച്ച് കോണ്‍സുലേറ്റിന് പുറത്ത് ജോലി ചെയ്യാന്‍ ശ്രമിച്ച ഇവരെ താന്‍ വിലക്കിയതായും, അതിന് ശേഷം 2010 ജനുവരിയില്‍ സന്തോഷ് അവിടെ നിന്ന് പോയതായും ദയാല്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല