പുതിയ അധ്യയന വര്‍ഷം തുടങ്ങിയതിന് പിന്നാലെ പാഠപുസ്തകത്തിലെ ഉള്ളടക്കം വിവാദത്തില്‍. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ സാമൂഹിക പാഠപുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരെ കത്തോലിക്കാ സഭ രംഗത്തെത്തിയിരിക്കുകയാണ്.
പാഠപുസ്തകത്തിന്റെ ആദ്യഗത്തുള്ള നവോത്ഥാനം എന്ന പാഠമാണ് വിവാദത്തിന് അടിസ്ഥാനം. ഇടതുസര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ തയ്യാറാക്കിയ പുസ്തകമാണിത്. മതവിരുദ്ധവും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് പാഠഭാഗമെന്നാണ് സഭയുടെ ആരോപണം.
ലോക, ഇന്ത്യ, കേരള ചരിത്രങ്ങള്‍ മാര്‍ക്‌സിയന്‍ തത്വങ്ങള്‍ക്കനുസൃതമായി വളച്ചൊടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇത് സഭാ വിരുദ്ധം മാത്രമല്ല മതവിരുദ്ധം കൂടിയാണ്- കേരള കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ എജ്യുക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ ഫിലിപ് നെല്‍പ്പുരപ്പറമ്പില്‍ പറയുന്നു.
മധ്യകാലഘട്ടത്തില്‍ കാത്തോലിക്കാസഭ യുക്തിപരമല്ലാത്ത വിശ്വാസം അടിച്ചേല്‍പ്പിച്ചു, അധികാരം ദുര്‍വിനിയോഗം ചെയ്തു. അഴിമതിയും അധാര്‍മികയും സഭയില്‍ അരങ്ങുവാണു തുടങ്ങി പാഠഭാഗത്തിലുള്ള പരാമര്‍ശങ്ങള്‍ സഭാവിരുദ്ധമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
സഭയുടെ ആരോപണം ഗൗരവത്തിലെടുത്ത യുഡിഎഫ് സര്‍ക്കാര്‍ ഒരു സമിതിയുടെ നിയോഗിച്ചിട്ടുണ്ട്. പത്തുദിവസത്തിനുള്ളില്‍ സമിതിയോട് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് അറിയിച്ചു.
എന്നാല്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി എംഎ ബേബി പറയുന്നത് ഈ വിവാദം തീര്‍ത്തും അനാവശ്യമാണെന്നാണ്. ആരോപണങ്ങള്‍ വളച്ചൊടിച്ചതാണെന്നും ഇടതുപക്ഷത്തെ താറടിക്കാനുള്ള സഭയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നുമാണ് ബേബി പറയുന്നത്.
എന്തായാലും സഭയ്‌ക്കെതിരെ മോശമായ പരാമര്‍ശമുള്ള പാഠഭാഗം ഇപ്പോള്‍ പഠിപ്പിക്കേണ്ടെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ അധ്യാപകര്‍ പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗമായ ജ്യോഗ്രഫിയും ഇകണോമിക്‌സും പഠിപ്പിച്ചാല്‍ മതിയെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യം പ്രധാനാധ്യാപകന്‍ പ്രത്യേകം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല