ലണ്ടന്‍: തുടര്‍ച്ചയായ തോല്‍വികള്‍ക്ക് പിന്നാലെ പരിക്കും ഇന്ത്യന്‍ താരങ്ങളെ വലയ്ക്കുന്നു. ടെസ്റ്റ് മത്സരങ്ങളില്‍ നിന്നേറ്റ സമ്പൂര്‍ണ്ണ പരാജയത്തിന് അവശേഷിക്കുന്ന എകദിന ട്വന്റി20 മത്സരങ്ങളില്‍ തിരിച്ചടി നല്‍കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് പരിക്കേറ്റ ഓപ്പണര്‍ വീരേന്ദര്‍ സേവാഗിനെയും പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയെയും ഒഴിവാക്കി.
സേവാഗിനു പകരം മുംബൈയുടെ 23കാരനായ ഓപ്പണര്‍ അജിങ്ക്യ രഹാനെയെയും ഇഷാന്തിന് പകരം ജാര്‍ഖണ്ഡിന്റെ വരുണ്‍ ആരോണിനെയും ടീമില്‍ ഉള്‍പ്പെടുത്തി. 48 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളില്‍ നിന്നായി 4673 റണ്‍സ് നേടിയിട്ടുള്ള രഹാനെ എളുപ്പത്തില്‍ സ്‌കോര്‍ ചെയ്യാന്‍ മിടുക്കനാണ്. ആസ്‌ട്രേല്യയയില്‍ നടന്ന എമേര്‍ജിങ് പ്ലയേര്‍സ് ടൂര്‍ണ്ണമെന്റിലെ മികച്ച ഫോമാണ് ആരോണിന് ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്. 11 ഫസ്റ്റ് ക്ലാസ്സ് മത്സരത്തില്‍ നിന്നായി ഇത് വരെ 25 വിക്കറ്റുകല്‍ നേടിയിട്ടുണ്ട് ഈ 21കാരന്‍.
തോളിനേറ്റ പരിക്കിനെ തുടര്‍ന്ന ശസ്ത്രക്രിയക്ക് വിധേയനായ സെവാഗ് ആദ്യരണ്ട് ടെസ്റ്റുകള്‍ക്ക് ശേഷമാണ് ടീമിനൊപ്പം ചേര്‍ന്നത്. തോളിനേറ്റ പരിക്കില്‍നിന്നും സെവാഗ് പൂര്‍ണ്ണമായും മോചിതനായെന്നും എന്നാല്‍ ഇടത് ചെവിക്കേറ്റ പുതിയ പരിക്കാണ് പ്രശ്‌നമായതെന്നും പരിക്കില്‍ നിന്ന് മോചിതനാവാന്‍ രണ്ട് മൂന്നാഴ്ചയെടുക്കുമെന്നും ഡോക്ടറുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കുന്നതെന്നും ബിസിസി ഐ അറിയിച്ചു. ബെര്‍ഹിങ്ഹാം ടെസ്റ്റിനിടെ ഇടത് കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇഷാന്ത് ശര്‍മ്മയെ ഒഴിവാക്കുന്നത്.
ഇന്ത്യയുടെ മുന്‍ നിര താരങ്ങള്‍ ഇംഗ്ലണ്ട് പരമ്പരക്കിടെ പരിക്കേറ്റ് പിന്‍വാങ്ങുന്നത് തുടര്‍ക്കഥയാവുകയാണ് നേരത്തെ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ് എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ആഗസ്റ്റ് 31നാണ് പരമ്പരയിലെ ഏകട്വന്റി20 മത്സരം. അഞ്ചു മല്‍സരങ്ങളുള്ള ഏകദിന പരമ്പര സെപ്റ്റംബര്‍ മൂന്നിനാണ് ആരംഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല