ന്യൂദല്‍ഹി: പ്രീമിയം ഹാച്ച് ബാക്ക് കാറായ ജാസിന്റെ പരിഷ്‌കരിച്ച മോഡല്‍ ഹോണ്ട പുറത്തിറക്കി. നിലവില്‍ വിപണിയില്‍ ലഭ്യമായ മോഡലിനെക്കാള്‍ വിലക്കുറവുമായാണ് പുതിയ മോഡല്‍ വിപണി കീഴടക്കാനെത്തിയിരിക്കുന്നത്.
5.50 മുതല്‍ 6.06 ലക്ഷം രൂപയാണു പുതിയ ജാസിന്റെ വില. രാജ്യത്ത് ലഭ്യമായ ഏറ്റവും വിലയേറിയ ചെറിയ കാറെന്ന വിശേഷണത്തോടെ 2009 ലാണു ഹോണ്ട ജാസ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 7.12 മുതല്‍ 7.56 ലക്ഷം രൂപ വരെയായിരുന്നു വില. ഇവയാണ് പരിഷ്‌കരിച്ച് വിലയില്‍ ഒരു ലക്ഷത്തിലധികം കുറവുമായി വീണ്ടും മാര്‍ക്കറ്റിലെത്തിച്ചിരിക്കുന്നത്.
മൂന്ന് മോഡലുകളാണ് വിപണിയില്‍. ജാസ്, ജാസ് മോഡ്, ജാസ് ആക്ടീവ് എന്നിവയാണ് മോഡലുകള്‍. 1.2 ലിറ്റര്‍ ഐ വിടെക് എന്‍ജിനുമായാണ് ജാസ് എത്തുന്നത്. നാലു സിലിണ്ടര്‍ പ്രോഗ്രാംഡ് ഫ്യുവല്‍ ഇന്‍ജെക്ഷന്‍ എന്‍ജിന്‍ 6,200 ആര്‍.പി.എമ്മില്‍ 90 പി.എസ് ശക്തി പകരും. ലിറ്ററിന് 16.7 ലിറ്റര്‍ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
മികച്ച സാങ്കേതിക വിദ്യയും സുരക്ഷയുമുള്ള സ്‌റ്റൈലിഷ് കാര്‍ തേടുന്നവര്‍ താരതമ്യേന കുറഞ്ഞ വിലയോടെയെത്തുന്ന പുതിയ ജാസിനെ സ്വീകരിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല