ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ വർധിച്ചു വരുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പ്രകടനം നടത്തി. ഡൽഹി അതിരൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തവർ ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ എത്രയും വേഗം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു.
ഡിസംബർ മുതൽ ക്രിസ്ത്യൻ ദേവാലയങ്ങൾ തുടർച്ചയായി ആക്രമിക്കപ്പെടുകയാണെന്ന് പ്രകടനക്കാർ പറഞ്ഞു. പോലീസും അധികാരികളും ഈ അനീതിക്കെതിരെ കണ്ണടക്കുകയാണെന്നും അവർ ആരോപിച്ചു.
അക്രമികളെ കണ്ടെത്തുക എന്നത് പോലീസിന്റെ ഉത്തരവാദിത്തമാണെന്ന് ഡൽഹി അതിരൂപതയുടെ വക്താവ് സവരിമുത്തു പറഞ്ഞു. പ്രകടനക്കാരിൽ ചിലരെ പോലീസ് തടഞ്ഞതിനെതിരേയും അദ്ദേഹം പ്രതിഷേധം പ്രകടിപ്പിച്ചു.
ആക്രമിക്കപ്പെട്ട അഞ്ചു പള്ളികളും പ്രശസ്തവും നഗര കേന്ദ്രങ്ങളിലുള്ളവയും ആണ്. എന്നിട്ടും അക്രമികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. തങ്ങൾക്ക് അവകാശപ്പെട്ട നീതി മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് സവരിമുത്തു പറഞ്ഞു.
തിങ്കളാഴ്ചയാണ് വസന്ത് കുഞ്ചിലുള്ള വിശുദ്ധ അൽഫോൻസാ ദേവാലയം ആക്രമിക്കപ്പെട്ടത്. സംഭവത്തെ തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഡൽഹി സർക്കാരിനും കേന്ദ്ര സർക്കാരിനും കാരണം കാണിക്കൽ നോട്ടീസ് നകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല