എല്ലാവരും തങ്ങളുടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തുടര്‍ഭാഗങ്ങള്‍ എടുക്കാന്‍ പരക്കം പായുമ്പോള്‍ മോഹന്‍ലാലിന്റെ പഴയ മെഗാഹിറ്റിനു ആദ്യഭാഗം വരുകയാണ്. അതെ മോഹന്‍ലാലിനു സൂപ്പര്‍താര പരിവേഷം സമ്മാനിച്ച് 1986ല്‍ പുറത്തുവന്ന രാജാവിന്റെ മകന്‍ എന്ന ചിത്രത്തിനാണ് ആദ്യഭാഗം വരുന്നത്.
രാജാവിന്റെ മകന്‍ ഒരുക്കിയ തമ്പി കണ്ണന്താനം-ഡെന്നീസ് ജോസഫ് ടീമാണ് പുതിയ ചിത്രത്തിന്റെയും പിന്നില്‍. നായകന്‍ മോഹന്‍ലാല്‍ തന്നെ. ക്ഷോഭിക്കുന്ന ചെറുപ്പക്കാരനായി ലാല്‍ ആടിത്തിമിര്‍ത്ത വിന്‍സന്റ് ഗോമസ് എങ്ങനെ അധോലോകത്തിന്റെ രാജകുമാരനായി എന്നാണ് പുതിയ ചിത്രം പറയുന്നത്. മോഹന്‍ലാലിനെ വച്ച് രാജാവിന്റെ മകന് രണ്ടാം ഭാഗം ഒരുക്കാന്‍ പറ്റില്ല എന്ന് മനസിലാക്കിയാണ് ആദ്യ ഭാഗം എടുക്കുന്നത്. കാരണം രാജാവിന്റെ മകനില്‍ ക്ലൈമാക്സ് സീനില്‍ വിന്‍സന്റ് ഗോമസ് കൊല്ലപ്പെടുകയായിരുന്നു.
പുതിയ സിനിമയുടെ പേര് ‘രാജാവിന്റെ മകന്‍’ എന്നുതന്നെ ആയിരിക്കും. തിരക്കഥ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. തമ്പി കണ്ണന്താനവും ഡെന്നീസ് ജോസഫും ചേര്‍ന്ന് അവസാന മിനുക്ക് പണികളിലാണ്. നേരത്തെ ലാലിന് വേണ്ടി ഇവര്‍ പുതിയ കഥകള്‍ ആയിരുന്നു ആലോചിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ലാല്‍ തമ്പിയ്ക്ക് ഡേറ്റ് നല്‍കിയിരുന്നതാണ്. എന്നാല്‍ പുതിയ കഥകളൊന്നും ഫലം കാണാതെ വന്നതോടെ തങ്ങളുടെ എക്കാലത്തെയും വലിയ വിജയ ചിത്രത്തെ തന്നെ കൂട്ട് പിടിക്കാന്‍ തമ്പി കണ്ണന്താനവും ഡെന്നീസ് ജോസഫും നിശ്ചയിക്കുകയായിരുന്നു.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ‘രാജാവിന്റെ മകന്‍’ നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ഒടുവില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. പഴയ ചിത്രത്തിലെപ്പോലെ സൂപ്പര്‍ ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും ഈ സിനിമയിലും ഉള്‍പ്പെടുത്തുന്നുണ്ട്. മോഹന്‍ലാലിന്റെ വരാനിരിക്കുന്ന പ്രധാന ആക്ഷന്‍ ചിത്രവും ഇതുതന്നെയാവും. വിജയിക്കാതെപോയ ഒന്നാമന് ശേഷം ലാലും തമ്പിയും ഒന്നിക്കുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റ് തന്നെ ഇരുവര്‍ക്കും ആവശ്യമാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല