പഴശ്ശിരാജ എന്ന എക്കാലത്തെയും മികച്ച ചിത്രത്തിനുശേഷം എം.ടിയും ഹരിഹരനും വീണ്ടും ഒന്നിക്കുന്നു. എം.ടിയുടെ ‘രണ്ടാമൂഴം’ എന്ന നോവല്‍ സിനിമയാക്കുമ്പോള്‍ അത് അഭ്രപാളികളിലേക്ക് എത്തിക്കുന്നത് ഹരിഹരനാണ്. എം.ടിയുടെ കഥകള്‍ക്ക് ഏറ്റവുമധികം ചലച്ചിത്രഭാഷ്യം രചിയ്ക്കാന്‍ ഭാഗ്യം ലഭിച്ച സംവിധായകനും ഹരിഹരനാണ്.
മഹാഭാരതത്തിലെ ഭീമന്റെ പുനര്‍വായനയാണ് രണ്ടാമൂഴം. ഏതൊരു സംവിധായകനും വെല്ലുവിളിയാവുന്നതാണ് രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്‌കാരമെന്ന് ഒരു അഭിമുഖത്തില്‍ ഹരിഹരന്‍ പറഞ്ഞിരുന്നു.
മുപ്പത്തിരണ്ട് വര്‍ഷം മുമ്പാണ് എം.ടി ഹരിഹരന്‍ സഖ്യം ആദ്യമൊന്നിയ്ക്കുന്നത്. 1979 ല്‍ പുറത്തിറങ്ങിയ ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച എന്ന ചിത്രത്തില്‍ തുടങ്ങി 2009 ല്‍ പുറത്തിറങ്ങിയ പഴശ്ശിരാജ വരെ എത്തിനില്‍ക്കുന്നു ഇവരുടെ ജൈത്രയാത്ര. നഖക്ഷതങ്ങള്‍, പഞ്ചാഗ്നി, ഒരു വടക്കന്‍ വീരഗാഥ എന്നിങ്ങനെ ഒരുപിടി നല്ല സിനിമകളാണ് ഈ കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.
കഴിഞ്ഞകുറച്ചുദിവസങ്ങളായി ഈ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ഇരുവരും. അന്യഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള രണ്ടാമൂഴം, മലയാളത്തിനു പുറമെ ഇംഗ്ലീഷിലും പ്രമുഖ ഇന്ത്യന്‍ ഭാഷകളിലും ഒരുക്കാനാണ് ആലോചന. അന്യഭാഷയിലുള്ള അഭിനേതാക്കളെ പരിഗണിക്കുന്നുണ്ട് എന്നാണ് ലഭിച്ച സൂചന. രണ്ടാമൂഴത്തില്‍ ഭീമന്‍ ആരായിരിക്കുമെന്നറിയാന്‍ ആകാംഷാഭരിതരായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല