ഇന്നലെ പുലര്‍ച്ചെ ബിര്‍മിംഗ്ഹാമില്‍ മൂന്നു പാകിസ്ഥാനി യുവാക്കളെ ഇടിച്ചിട്ടത് കൊള്ളമുതലുകളുമായി വേഗത്തില്‍ പാഞ്ഞ കാറാണെന്ന് വെളിപ്പെടുത്തല്‍.രാത്രി രണ്ടരയോടെ സിറ്റി ഹോസ്പ്പിറ്റലിന്റെ അടുത്തുള്ള വുഡ് ഗ്രീന്‍ എന്ന സ്ഥലത്ത് വച്ചാണ് അപകടം നടന്നത്.കൊള്ളക്കാരില്‍നിന്ന് തങ്ങളുടെ കുടുംബത്തേയും കൂട്ടത്തിലുള്ളവരെയും പള്ളിയും കടകളെയും സംരക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന യുവാക്കളുടെ ഇടയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.സഹോദരന്മാരായ ഷഹാദ് അലി(30),അബ്ദുല്‍ മുസാവീര്‍ (31),ഹാരൂണ്‍ ജഹാന്‍ (21)എന്നിവരാണ് കൊല്ലപ്പെട്ടത്.രണ്ടു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
ഒരു കാറ് വളരെ വേഗത്തില്‍ വരുന്ന ശബ്ദം കേട്ടിരുന്നു. എന്നാല്‍ അത് എന്റെ മകന്റെ ജീവനെടുക്കുമെന്ന് കരുതിയില്ല- ഹാരൂണിന്റെ പിതാവ് താരീഖ് ജഹാര്‍ പറഞ്ഞു. ഈ സംഭവം നടന്നതിന് നാല്‍പതടി ദൂരത്തില്‍ താരിഖ് ജഹാര്‍ ഉണ്ടായിരുന്നു. കാറിടച്ച മകനെ രക്ഷിക്കാന്‍ വന്നപ്പോഴേക്ക് ഹാരൂണ്‍ രക്തത്തില്‍ കുളിച്ച് കഴിഞ്ഞിരുന്നു. ഉടന്‍തന്നെ സിപിആര്‍ നല്‍കാന്‍ തുടങ്ങിയെങ്കിലും അപ്പോഴേക്കും അവന്‍ മരിച്ചുകഴിഞ്ഞിരുന്നു. എന്റെ മുഖവും കൈകളുമെല്ലാം രക്തത്തില്‍ കുളിച്ചിരുന്നു. ഒരു മകനെ നഷ്ടപ്പെട്ട വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല- താരീഖ് ജഹാര്‍ പറഞ്ഞു. അതേസമയം തനിക്ക് ആരോടും വൈരാഗ്യമില്ലെന്ന് താരീഖ് ജഹാര്‍ പറഞ്ഞു.എന്തായാലും മരിച്ചവരുടെ ബന്ധുക്കളുടെ പക്വമായ നിലപാട് അക്രമം വംശീയമാകുന്നതിന് തടയിടുകയായിരുന്നു.
അതിനിടെ കലാപത്തിനിടയിലെ ദാരുണ സംഭവങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കലാപം കൊള്ളയിലേക്കും കൊള്ളിവെയ്പ്പിലേക്കും തിരിഞ്ഞപ്പോള്‍ വന്‍ ദുരന്തങ്ങളാണ് ജനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത്. ഓരോ സ്ഥലത്തും നാട്ടുകാര്‍ മുന്‍കൈ എടുത്ത് കൊള്ളക്കാരെ തുരത്താന്‍ ശ്രമിക്കുന്നുണ്ട്. അത് ഒരുപരിധിവരെ കാര്യങ്ങളെ വരുതിയാല്‍ കൊണ്ടുവരാന്‍ കാരണമാകുന്നുണ്ടെങ്കിലും പോലീസിന്റെ അധികാരം ജനങ്ങള്‍ക്കില്ലാത്തത് ചിലപ്പോഴെങ്കിലും പ്രശ്നങ്ങളെ ഗുരുതരമാക്കുന്നുണ്ട്. കൊള്ളക്കാരുടെ ആക്രമണങ്ങളെ ചെറുക്കാമെന്നല്ലാതെ തിരിച്ച് ആക്രമിക്കാനോ ഗുരുതരമായ പരിക്കേല്‍പ്പിച്ച് അവരെ കീഴടക്കാനോ ജനങ്ങള്‍ക്ക് സാധിക്കില്ല. അങ്ങനെ ചെയ്താല്‍ അത് ഗുരുതരമായ നിയമപ്രശ്നമായി മാറാനിടയുണ്ട്.അതുകൊണ്ടുതന്നെ ഒരു പരിധിയില്‍ കവിഞ്ഞ ആക്രമണങ്ങള്‍ വന്നാല്‍ നാട്ടുകാരുടെ സംഘം വഴിമാറുകയല്ലാതെ വേറെ വഴിയൊന്നുമുണ്ടാകില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല