ഉസാമ ബിന്‍ ലാദന്‍ പാക്കിസ്ഥാനില്‍വെച്ച് കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ബ്രിട്ടനും ആ രാഷ്ട്രവും തമ്മിലുള്ള ബന്ധം കൂടുതല്‍ പ്രശ്‌നത്തിലേക്ക് നീങ്ങുന്നു. പാക്കിസ്ഥാന് ബ്രിട്ടിഷ് സര്‍ക്കാര്‍ നേരത്തേ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്.
650 മില്യണ്‍ പൗണ്ടിന്റെ സഹായമായിരുന്നു പാക്കിസ്ഥാന് ബ്രിട്ടന്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞമാസം ഡേവിഡ് കാമറൂണായിരുന്നു പ്രഖ്യാപനം നടത്തിയത്. അന്നുതന്നെ പ്രശ്‌നം വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. കടുത്ത നികുതികളും ചിലവുചുരുക്കലും കൊണ്ട് നട്ടംതിരിയുന്ന രാഷ്ട്രം എന്തിന് മറ്റൊരു രാഷ്ട്രത്തെ സഹായിക്കണമെന്നായിരുന്നു വിമര്‍ശകര്‍ ചോദിച്ചത്. പാക്കിസ്ഥാന്‍ സൈന്യത്തിന് സഹായം നല്‍കുമെന്നുള്ള പ്രഖ്യാപനവും നിശിതവിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ലോക തീവ്രവാദിക്ക് താവളമൊരുക്കിയ രാഷ്ട്രത്തിന് എന്തിനാണ് ഇത്രവലിയ ധനസഹായമെന്ന് ടോറി എം.പി ഫിലിപ് ഡേവിസ് ചോദിച്ചു. നികുതിദായകരുടെ പണം ഇത്തരത്തില്‍ കളയാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പാക്കിസ്ഥാനാണ് ബ്രിട്ടന്‍ ഏറ്റവുമധികം സഹായം നല്‍കുന്നത്. പാക്കിസ്ഥാനിലെ നിരാലംബരായ സ്‌കൂള്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ധനസഹായപാക്കേജ്.
അതിനിടെ പാക്കിസ്ഥാനുള്ള ധനസഹായത്തെ കാമറൂണ്‍ ന്യായീകരിച്ചിരുന്നു. പാക്കിസ്ഥാനുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കാന്‍ ധനസഹായം സഹായിക്കുമെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. കൂടാതെ പാക്കിസ്ഥാനില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയാനും ഇത് സഹായിക്കുമെന്നും കാമറൂണ്‍ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല