1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2012

വിഎസിന്റെ കാര്യത്തില്‍ എന്തും സംഭവിക്കാവുന്ന അവസ്ഥ ഇതോടെ ഉടലെടുത്തുകഴിഞ്ഞു. പാര്‍ട്ടിയുടെ പ്രഖ്യാപിതനിലപാടിന് വിരുദ്ധമായി നിലപാടെടുത്ത വി.എസ്സിന്റെ നടപടി അച്ചടക്കലംഘനമായിത്തന്നെയാണ് കേന്ദ്രനേതൃത്വം കരുതുന്നത്. എന്നാല്‍, കേന്ദ്രകമ്മിറ്റിയിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍മാത്രമേ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാവൂ. ഇക്കാര്യത്തില്‍ തമിഴ്‌നാട് സംസ്ഥാന ഘടകത്തിന്റെ അഭിപ്രായവും പരിശോധിക്കും. തേനിഇടുക്കി മേഖലയില്‍ അമേരിക്കന്‍ സഹായത്തോടെ ന്യൂട്രിനോ പരീക്ഷണത്തിന് ശ്രമം നടക്കുന്നുവെന്ന വി.എസ്സിന്റെ വെളിപ്പെടുത്തലിനെയും പാര്‍ട്ടി ഗൗരവമായെടുക്കുന്നില്ല.

അതേസമയം, വി.എസ്. കൂടംകുളത്ത് പോയതില്‍ തെറ്റില്ലെന്നാണ് സി.പി.ഐ. കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ആര്‍ക്കും അവിടെ പോകാവുന്നതാണ്. വി.എസ്സിനെ തടഞ്ഞ പോലീസ്‌നടപടി ശരിയല്ലെന്നും സി.പി.ഐ. ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഢി പറഞ്ഞു. വി.എസ്സിനെ സി.പി.എം. വിലക്കിയെങ്കില്‍ അത് ആ പാര്‍ട്ടിയുടെ ആഭ്യന്തരവിഷയമാണെന്നും അദ്ദേഹം പ്രതികരിച്ചു. കൂടംകുളം വിഷയത്തില്‍ കോഴിക്കോട്ടുനടന്ന പാര്‍ട്ടി കോണ്‍ഗ്രസ് വ്യക്തമായ നിലപാടെടുത്തിട്ടുണ്ടെന്ന് സി.പി.എം. കേന്ദ്രനേതാക്കള്‍ പറഞ്ഞു. റഷ്യയുടെ സഹായത്തോടെ തുടങ്ങിയ നിലയത്തെക്കുറിച്ച് പാര്‍ട്ടി രാഷ്ട്രീയപ്രമേയവും പാസാക്കിയിരുന്നു. വി.എസ്. ഉള്‍പ്പെടെ ആരും പ്രമേയത്തെ എതിര്‍ക്കുകയോ ഭേദഗതി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഏകകണ്ഠമായി പാര്‍ട്ടികോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെയാണ് ഇപ്പോള്‍ വി.എസ്.പരസ്യമായി തള്ളിയത്. പുറത്തുനിന്ന് പാര്‍ട്ടിയെ തിരുത്താന്‍ ശ്രമിച്ചാല്‍ അതിന്റെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടിവരും. ഒരു വിഷയത്തില്‍ പാര്‍ട്ടികോണ്‍ഗ്രസ് കൈക്കൊണ്ട നിലപാട് തിരുത്തണമെങ്കില്‍ അടുത്ത പാര്‍ട്ടികോണ്‍ഗ്രസ്സിനേ കഴിയൂ. കേന്ദ്രകമ്മിറ്റിക്കുപോലും ഇത് തിരുത്താനാവില്ല.

ഇന്നലെ രാവിലെ ഒന്‍പതരയോടെ കൂടംകുളത്തേക്കു തിരിച്ച വിഎസിനെ കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ തമിഴ്‌നാട് പൊലീസ് തടയുകയായിരുന്നു. കൂടംകുളത്തേക്കു പോയാല്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാകുമെന്നും അതിനാല്‍ വിഎസ് മടങ്ങണമെന്നും തമിഴ്‌നാട് പൊലീസ് ഔദ്യോഗികമായി അറിയിച്ചു. തുടര്‍ന്നു വിഎസ് യാത്ര ഉപേക്ഷിച്ചു. പൊലീസ് അഭ്യര്‍ഥന മാനിച്ചാണു താന്‍ യാത്ര ഉപേക്ഷിക്കുന്നതെന്നും തമിഴ്‌നാട്ടില്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും വിഎസ് അറിയിച്ചു. ആണവനിലയത്തിനെതിരായ സമരം 400 ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ സമര നേതാവ് എസ്.പി. ഉദയകുമാറിനും സംഘത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണു താന്‍ അവിടേക്കു പോകാന്‍ തീരുമാനിച്ചത്. അതിനു കഴിയാത്തതില്‍ നിരാശയുണ്ടെന്നും വി.എസ് പറഞ്ഞു. 10.20ന് അതിര്‍ത്തിയില്‍ ചെക്ക്‌പോസ്റ്റിലെത്തിയ വിഎസിന്റെ ഔദ്യോഗിക വാഹനം റോഡിനു കുറുകെ വടമിട്ടു തടഞ്ഞു. തുടര്‍ന്നു കാറിനടുത്ത് എത്തിയ കന്യാകുമാരി എസ്പി: പര്‍വേശ് കുമാര്‍ തമിഴ്‌നാട് പൊലീസിന്റെ നിലപാട് അറിയിച്ചു. യാത്ര ഉപേക്ഷിക്കണമെന്നു തമിഴ്‌നാട് പൊലീസ് തിങ്കളാഴ്ച വൈകിട്ടു തന്നെ കേരള പൊലീസിനോട് അഭ്യര്‍ഥിക്കുകയും ഡിജിപി: കെ.എസ്. ബാലസുബ്രഹ്മണ്യം രേഖാമൂലം ഇതു വിഎസിനെ അറിയിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ യാത്ര റദ്ദാക്കില്ലെന്ന നിലപാടായിരുന്നു വി.എസ് എടുത്തിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.