എറണാകുളം: മുന്‍ മന്ത്രിയും തൊടുപുഴയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ പി ജെ ജോസഫിനെതിരെ ആരോപണവുമായി ക്രൈം നന്ദകുമാറും സംഘവും രംഗത്ത്. ജോസഫ് ഒരു പത്രപ്രവര്‍ത്തകന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് അശ്ലീല ഭാഷണം നടത്തിയെന്ന ആരോപണവുമായാണ് നന്ദകുമാറും പത്രപ്രവര്‍ത്തകനെന്ന് പറഞ്ഞയാളും ഭാര്യയും വാര്‍ത്താ സമ്മേളനം നടത്തിയത്. എന്നാല്‍ സംശയം തോന്നിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് ഇവര്‍ പറഞ്ഞത്.
ക്രൈം വാരികയുടെ ഇടുക്കിയിലെ റിപ്പോര്‍ട്ടര്‍ ട്രെയിനി എന്നവകാശപ്പെടുന്ന പി എച്ച് ജെയ്‌മോന്‍, ഭാര്യ സുരഭി ദാസന്‍ എന്നിവരാണ് പി ജെ ജോസഫിനെതിരെ ഗുരുതരമായ ആരോപണവുമായി ടി പി നന്ദകുമാറിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയത്. പി ജെ ജോസഫിന്റെ അഭിമുഖത്തിനായി ഭാര്യയുടെ ഫോണില്‍ നിന്ന് വിളിച്ചിരുന്നുവെന്നും എന്നാല്‍ പിന്നാട് ജോസഫ് ഈ നമ്പറിലേക്ക് സ്ഥിരമായി തിരിച്ച് വിളിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു.
ജോലി ശരിയാക്കിക്കൊടുക്കാമെന്നും നേരിട്ടുവരണമെന്നും ഭാര്യയോട് ആവശ്യപ്പെട്ടുവത്രെ. ഇത് ആരോടും പറയേണ്ടെന്നും ആവശ്യപ്പെട്ടു. പിന്നീട് തുടര്‍ച്ചയായി എസ്.എം.എസുകളും അയച്ചു. ശല്യം വര്‍ധിച്ചപ്പോള്‍ സുരഭി തൊടുപുഴ എ എസ് പിക്ക് പരാതി നല്‍കി. ഇതറഞ്ഞ ജോസഫിന്റെ ഗുണ്ടകള്‍ ഫോണിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും ഇവര്‍ ആരോപിച്ചു. ഇക്കാര്യങ്ങള്‍ കാണിച്ച് ഐ ജി ശ്രീലേഖക്ക് പരാതി നല്‍കിയെന്നും ജെയ്‌മോനും ടി പി നന്ദകുമാറും പറഞ്ഞു.
എന്നാല്‍ ആരോപണത്തില്‍ സംശയം തോന്നിയ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ഇവര്‍ പരസ്പര വിരുദ്ധമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. പത്രപ്രവര്‍ത്തകനെന്ന് അവകാശപ്പെട്ട ജെയ്‌മോന്‍ മലയാള ഭാഷ ശരിയായി എഴുതാന്‍ പോലും കഴിവില്ലാത്ത ആളാണെന്ന് ഇയാളെ എഴുതിച്ച് നോക്കിയപ്പോള്‍ ബോധ്യമായി. താന്‍ റിപ്പോര്‍ട്ടറാണെന്ന് പറഞ്ഞെങ്കിലും റിപ്പോര്‍ട്ടര്‍ക്ക് എന്ത് ജോലിയാണെന്ന് ഇയാള്‍ക്ക് അറിയില്ലായിരുന്നു.
ഇങ്ങിനെയൊരു പത്രപ്രവര്‍ത്തകന്‍ ഇടുക്കിയിലുള്ള കാര്യവും ആര്‍ക്കും അറിയില്ലായിരുന്നു. ഭാര്യയും ഭര്‍ത്താവുമാണെന്ന് പറഞ്ഞ ഇവര്‍ സ്വന്തം കുട്ടിയുടെ പ്രായം പറഞ്ഞത് രണ്ട് രീതിയില്‍. വിവാഹം നടന്ന സ്ഥലത്തെക്കുറിച്ചും പരസ്പര വിരുദ്ധമായ മറുപടിയാണ് പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ തിരിഞ്ഞതോടെ മൂവരും സ്ഥലം വിടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല