ലീഗിന്റെ അഞ്ചാമത്തെ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമായില്ല. മന്ത്രിസ്ഥാനം വേണമെന്ന നിലപാടില്‍ മുസ്‌ലിം ലീഗ് ഉറച്ച് നില്‍ക്കുന്നതിനാല്‍ ഇക്കാര്യം കോണ്‍ഗ്രസ് ഹൈകമാന്‍ഡ് തീരുമാനിക്കും. ഇതേസമയം,ഡെപ്യൂട്ടി സ്‌പീക്കര്‍ പദവി കോണ്‍ഗ്രസ് ഏറ്റെടുത്തു. കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ്-എമ്മിന് നല്‍കും.
മന്ത്രിസ്ഥാനമാണ് തങ്ങള്‍ ചോദിച്ചതെന്നും അത് നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ വേണ്ടെന്നുമുള്ള നിലപാടാണ് ലീഗ് സ്വീകരിച്ചത്. ഇതാണ് വഴിത്തിരിവായത്. 21-ാമതൊരു മന്ത്രിയെ പറ്റില്ലെന്ന നിലപാട് കോണ്‍ഗ്രസ്സ് ആവര്‍ത്തിച്ചു. രണ്ടുമണിക്കൂറോളം ലീഗ് നേതാക്കളായ ഇ. അഹമ്മദ്, പി. കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഉമ്മന്‍ചാണ്ടി, രമേശ്‌ചെന്നിത്തല, പി. പി. തങ്കച്ചന്‍ എന്നിവരുടെ ചര്‍ച്ച നീണ്ടു. ഭരണഘടനാപരമായി 21 മന്ത്രിമാരേ കേരളത്തില്‍ പാടുള്ളൂവെന്നതും കോണ്‍ഗ്രസ്സ് നേതാക്കള്‍ ശ്രദ്ധയില്‍പ്പെടുത്തി.
സര്‍ക്കാരിന് നേരിയ ഭൂരിപക്ഷമേയുള്ളൂവെന്നതിനാല്‍ ഒരു മന്ത്രിസ്ഥാനം ഭാവിസുരക്ഷയെന്ന നിലയില്‍ ഒഴിച്ചിടണം. സര്‍ക്കാര്‍ ഭാവിയില്‍ പ്രതിസന്ധിയില്‍ അകപ്പെട്ടാല്‍ പുതുതായി ആരെയെങ്കിലും പ്രതിപക്ഷത്തുനിന്നും ഭരണമുന്നണിയില്‍ എത്തിക്കണമെങ്കില്‍ ഒരു മന്ത്രിസ്ഥാനം ഒഴിച്ചിടണമെന്നതും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ലീഗിന് ഒരു മന്ത്രിക്കുകൂടിയുള്ള അവകാശവാദം അംഗീകരിച്ചുകൊണ്ടുതന്നെ വിട്ടുവീഴ്ച ചെയ്യാമെന്ന നിലപാട് ലീഗെടുത്തു.
പിന്നീട് തീരുമാനങ്ങള്‍ വേഗത്തിലായി. പുറത്തുകാത്തുനിന്ന കെ.എം. മാണി, പി.ജെ. ജോസഫ്, പി.സി. ജോര്‍ജ്, ജോയി എബ്രഹാം എന്നിവരെ കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ചീഫ് വിപ്പ് പദവി കേരള കോണ്‍ഗ്രസ്സിന് നല്‍കാമെന്ന വാഗ്ദാനം അവര്‍ക്ക് സ്വീകാര്യമായി. പ്രത്യേകിച്ചും ലീഗുമായി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും വെച്ചുമാറാന്‍ മാണിഗ്രൂപ്പ് ശ്രമിച്ചു വന്ന സാഹചര്യത്തില്‍. കേരളകോണ്‍ഗ്രസ്സിന് ചീഫ് വിപ്പ് പദവി നല്‍കാന്‍ ധാരണയായതോടെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കാനും ധാരണയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല