കാര്‍ വിപണിയുടെ വളര്‍ച്ച വേഗത്തിലാണെങ്കിലും ഉയരുന്ന ഇന്ധന വില സാധാരണക്കാരന്റെ ബജറ്റിനെ താളം തെറ്റിക്കുന്നു. പല കുടുംബങ്ങളും എസ്.യുവികളില്‍ നിന്നും ചെറുകാറുകളിലേക്ക് കൂട് മാറുന്നതും ഇതുകൊണ്ട് തന്നെ. ഇത് മധ്യവര്‍ഗ കുടുംബങ്ങളെക്കാളേറെ ബാധിച്ചിരിക്കുന്നത് കാര്‍ നിര്‍മാതാക്കളെയാണ്. ഇന്ധനക്ഷമത വര്‍ധിപ്പിച്ചിലെങ്കില്‍ കാറുകളുടെ വില്‍പ്പന കുത്തനെ ഇടിയുമെന്ന് ഇവര്‍ക്കറിയാം. അതുകൊണ്ട് തന്നെ ഇതിനായി എന്തിലും ഏതിലും ഗവേഷണത്തിലേര്‍പ്പെടുകയാണ് ആഗോള കാര്‍ ഭീമന്‍മാരായ ബി.എം.ഡബ്യൂവും ഫോര്‍ഡും ജനറല്‍ മോട്ടോഴ്‌സുമൊക്കെ.
അമേരിക്കയിലും യൂറോപ്പിലും ഹൈബ്രിഡ് കാറുകള്‍ക്ക് ഡിമാന്‍ഡ് ഏറുന്ന അവസരത്തില്‍ പുകയില്‍ നിന്നും വൈദ്യതി ഉത്പാദിപ്പിക്കാനാണ് ഇവരുടെ പുതിയ ശ്രമം. വൈദ്യുതി ഉത്പാദിപ്പിച്ചാല്‍ ഇന്ധന ഉപഭോഗം എങ്ങനെ കുറയുമെന്നല്ലെ? കാറിലെ വൈദ്യുതാവശ്യങ്ങള്‍ക്ക് ഇന്ധനം വേണ്ടെന്നു വന്നാല്‍ ഇന്ധന ക്ഷമത കൂടുക തന്നെ ചെയ്യും. എന്‍ജിന്റെ പ്രവര്‍ത്തിനായി കത്തുന്ന ഇന്ധനത്തിന്റെ കാല്‍ ശതമാനം മാത്രമാണ് കാര്‍ ഓടാന്‍ ഉപയോഗിക്കുന്നത് ബാക്കി ഇന്ധനം പുകയായി എക്‌സ്‌ഹോസ്റ്റിലൂടെ പാഴാവുന്നു. ഈ ഇന്ധനത്തില്‍ നിന്ന് വൈദ്യതി ഉത്പാദിപ്പിക്കാനാണ് കമ്പനികളുടെ ശ്രമം.
എന്‍ജിന്റെ ചൂടില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള ശ്രമം ഇതുവരെ കാര്യമായ ഫലം കണ്ടിട്ടിലെങ്കിലും തെര്‍മോ ഇലക്ട്രിക്ക് ഉത്പനങ്ങളുടെയും സെമികണ്ടക്ടറുകളുടെയും വരവോടെ ഈ രംഗത്തുള്ള ഗവേഷണം ശക്തിപ്രാപിച്ചിട്ടുണ്ട്. കാറുകള്‍ക്ക് ഉള്‍വശം തണുപ്പിക്കാനും ചൂടാക്കാനുമുള്ള സങ്കേതം ഇതു വഴി വികസിപ്പിക്കാനും സാധിച്ചിട്ടുണ്ട്. ഇതുപോലെ തന്നെ എന്‍ജിന്‍ പുറം തള്ളുന്ന പുകയില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കാനാണ് ബി.എം.ഡബ്യു, ഫോര്‍ഡ്, ജി.എം എന്നീ കമ്പനികള്‍ ശ്രമിക്കുന്നത്. ഇതിനായി വികസിപ്പിച്ചെടുത്ത തെര്‍മോ ഇലക്ട്രിക്ക് സങ്കേതം പരീക്ഷണ ഘട്ടത്തിലാണ്
തെര്‍മോ ഇലക്ട്രിക്ക് ജനറേറ്റര്‍ ഉപയോഗിച്ച് ഉര്‍ജ്ജം ഉത്പാദിപ്പിക്കാനായാല്‍ ഇന്ധന ക്ഷമത അഞ്ച് മുതല്‍ പത്ത് ശതമാനം വരെ വര്‍ധിപ്പിക്കാനാകുമെന്നാണ് ജെനറല്‍ മോട്ടോഴ്‌സിലെ ഗവേഷണ ഉദ്യോഗസ്ഥനായ ഗ്രഗ് മെയ്‌സ്‌നറുടെ വിലയിരുത്തല്‍. ഹൈബ്രിഡ് വാഹനങ്ങള്‍ക്കായിരിക്കും ഈ സങ്കേതം ഏറെ സാഹായപ്രദമാവുകമാവുകയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഇതിനായി കമ്പനികള്‍ വികസിപ്പിച്ചെടുത്ത സങ്കേതത്തിന് ഒരു പെട്ടിയുടെ രൂപമാണ്. പിന്നിലെ ആക്‌സിലിനോട് ചെര്‍ന്ന് ഘടിപ്പിച്ചിട്ടുള്ള ഇവ ഷെവര്‍ലെ സബര്‍ബന്‍ മോഡലിലും ഫോര്‍ഡ് ഫ്യൂഷനിലും ബി.എം.ഡബ്യു എസ് സിക്‌സിലുമാണ് പരീക്ഷിക്കുന്നത്. എന്നാല്‍ ഇതിന് ഭാരവും നിര്‍മാണ ചെലവും അല്‍പ്പം കൂടും. 25 പൗണ്ടില്‍ കുറവ് ഭാരവും 500 ഡോളറളോളം നിര്‍മാണ ചെലവുമെന്ന രീതിയില്‍ സങ്കേതം വികസിപ്പിക്കാനായാല്‍ ഒരു കിലോവാട്ടോളം ഊര്‍ജ്ജം ഉതുപയോഗിച്ച് ഉത്പാദിപ്പിക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല