വര്‍ഗീസ് ഡാനിയേല്‍: യുക്മയുടെ ഈ മാഗസിന്‍ ‘ജ്വാല’ മാര്‍ച്ച് ലക്കം പുറത്തിറങ്ങി. യുക്മ നാഷണല്‍ കമ്മറ്റിയുടെ തീരുമാനപ്രകാരം തിരഞ്ഞെടുക്കപ്പെട്ട പുതിയ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ ആദ്യ ലക്കം എന്ന നിലയില്‍ ചില പുതുമകളോടെയാണ് ജ്വാല പുറത്തിറക്കിയിരിക്കുന്നത്. യുകെയിലെ എഴുത്തുകാരുടെ കൃതികളും ലേഖനങ്ങളും പ്രവാസിമലയാളികളില്‍ എത്തിക്കുവാനും സാഹിത്യമേഖലയിലെ പ്രശസ്തരെയും വളര്‍ന്നുവരുന്നവരെയും വായനക്കാര്‍ക്കു പരിചയപ്പെടുത്തുവാനും മണ്‍മറഞ്ഞുപോയ വാഗ്മികളുടെ ഓര്‍മ്മ വായനക്കാരില്‍ എത്തിക്കുവാനും ശ്രദ്ധിക്കുകവഴി ജ്വാല ക്ക് കൂടുതല്‍ വായനക്കാരെ നേടുവാന്‍ സാധിക്കും എന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് കരുതികൊണ്ടാണ് ഈ ലക്കം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ 32 നഗരങ്ങളിലെ പട്ടിണി മാറ്റുവാന്‍വേണ്ടി ‘ഫീഡിങ് ഇന്ത്യ’ എന്ന പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്ന അങ്കിത് കവാത്രയുടെ ഐക്യരാഷ്ട്രസഭയുടെ യംഗ് പുരസ്‌ക്കാരംനേടികൊണ്ടുള്ള പ്രസംഗത്തില്‍നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് പട്ടിണി എന്ന വിപത്തിനെ ഇല്ലാതാക്കാന്‍ ഉത്‌ബോധിപ്പിക്കുന്ന ചീഫ് എഡിറ്റര്‍ ശ്രീ റെജി നന്തിക്കാട്ടിന്റെ എഡിറ്റോറിയല്‍വിശപ്പിന്റെ വിളികള്‍ കേള്‍ക്കാതെപോകരുതെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഈ ലക്കത്തിന്റെ മുഖ ചിത്രം പ്രശസ്ത എഴുത്തുകാരന്‍ ശ്രീ വി കെ എന്നിന്റെതാണ്. ‘ഒരു ദശാബ്ദം പിന്നിടുമ്പോഴും ശൂന്യമായിരിക്കും വി കെ എന്നിന്റെ സിംഹാസനം’ എന്ന ശ്രീ രാജേന്ദ്രന്‍ പോത്തനാശ്ശേരിയുടെ ഉപന്യാസം വായനക്കാരില്‍ വി കെ എന്‍ എന്ന വടക്കേ കൂട്ടലെ നാരായണന്‍ കുട്ടി നായര്‍ എന്ന ദീര്‍ഘ വീക്ഷണമുണ്ടായിരുന്ന എഴുത്തുകാരനെ പുതു തലമുറക്കും നവവായനക്കാര്‍ക്കും പരിചയപ്പെടുത്തുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരളം സാഹിത്യ അക്കാദമിയുടെയും പുരസ്‌ക്കാര ജേതാവായ വി കെ എന്‍ കൈവെക്കാത്ത എഴുത്തിന്റെ മേഖലകള്‍ ഇല്ല എന്ന് പറയുന്നതാവും ഉചിതം എന്ന് ഉപന്യാസ കര്‍ത്താവ് പറയാതെ പറയുന്നു. ഏകദേശം ഇരുപത്തിഅഞ്ചോളം ക്ര്യതികള്‍ എഴുതിയതില്‍ ഒന്നുപോലും മാറ്റിവെക്കാന്‍പറ്റാത്തപാകത്തില്‍ എഴുതപെട്ട കൃതികള്‍ പലരുടെയും നേരെയുള്ള കൂരമ്പുകള്‍ തന്നെയായിരുന്നു എന്നും എഴുത്തുകാരന്‍ വിലയിരുത്തുന്നു.
ഏകദേശം പത്തുവര്‍ഷങ്ങള്‍ക്കപ്പുറംഎഴുതിയ സച്ചിദാനന്ദന്റെ ‘നാലാമിടം ബ്ലോഗ് കവിതകളുടെ ലോകം’ എന്ന ലേഖനം ഇന്നും വായനക്കാരുടെ ഇടയില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരുലേഖനമാണ്. ബ്ലോഗ് കവിതകളില്‍ നിന്നും തിരഞ്ഞെടുത്തതുകൊണ്ടു ‘ബ്ലോഗ് കവിതകളുടെ സമാഹാരം’ പുറത്തിറക്കുകവഴി പ്രവാസി കവികളുടെ കവിതകള്‍ കവിതാ സ്‌നേഹികളുടെപുസ്തകക്കൂട്ടത്തില്‍ സ്ഥാനം പിടിക്കുകയും പല കവികളും പ്രസിദ്ധരാവുകയും ചെയ്യപ്പെട്ടു. ഒരുപക്ഷെ ബ്ലോഗ് എഴുത്തുകാര്‍ക്ക് കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കാന്‍ ഈ ലേഖനംഉപകരിച്ചു എന്നും പറയാം.
വി കെ പാറക്കടവില്‍ എഴുതിയ ‘കണ്ണാടിയില്‍ ചിത്രം മാഞ്ഞുപോകുമ്പോള്‍’ എന്ന ഓര്‍മ്മക്കുറിപ്പ്, നമ്മെ വേര്‍പിരിഞ്ഞ എഴുത്തുകാരനും ‘കണ്ണാടി’ പരിപാടിയിലൂടെ ജനശ്രദ്ധപിടിച്ചുപറ്റിയ ടെലിവിഷന്‍ അവതാരകനും ആയ ശ്രീ ടി എന്‍ ഗോപകുമാറിന്റെ മുഖം നമ്മളില്‍ പുനര്‍ജ്ജീവിപ്പിക്കുന്നു. ടി എന്‍ ജി യുടെ അവസാന നോവലായ ‘പാലും പഴവും’ ഏറെ പ്രശംസ പിടിച്ചുപറ്റിയ ക്ര്യതി ആയിരുന്നു.
വായനക്കാരില്‍ ആകാംക്ഷ ജനിപ്പിക്കുന്ന ഉപന്യാസമാണ് ശ്രീ എം എസ് മൂത്തകുന്നത്തിന്റെ ‘കാക്ക’ എന്ന ഉപന്യാസം. കാക്കകള്‍ വൃത്തിയും ഭംഗിയും ഇല്ലാത്ത പക്ഷിയാണെന്നും ശല്യക്കാരാണെന്നുമുള്ള നമ്മുടെ മനോഭാവത്തില്‍ മാറ്റം വരുത്തേണ്ടിവരും ഈ ഉപന്യാസം വായിച്ചുകഴിയുമ്പോള്‍. പഠനങ്ങളുടെ വെളിച്ചത്തില്‍ അവയുടെ ബുദ്ധിയെ പറ്റി ഒരു അവബോധംനമ്മളില്‍ ജനിപ്പിക്കുവാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട് എന്ന് പറയാതെ വയ്യ.
വി ജയദേവിന്റെ വ്യത്യസ്തമായ കവിത ‘ഉറുമ്പുകളുടെ ചാറ്റ് ബോക്‌സിന്റെ സ്‌ക്രീന്‍ ഷോട്ടില്‍ നിറമൊന്നു കാണുന്നിടത്ത്’ വര്‍ത്തമാനകാലത്തിലെ ചില മുഖം മൂടിയണിഞ്ഞ മനുഷ്യരെവരച്ചുകാട്ടുന്നു.സക്കറിയാസ് നെടുങ്കനാല്‍ എഴുതിയ ‘ഒരിളംകാറ്റ് പോലെ പോയവള്‍’ എന്ന കവിത ഒരുപക്ഷെ നിത്യജീവിതത്തില്‍ എവിടൊക്കെയോ സംഭവിക്കുന്ന വേര്‍പാടിന്റെ നേര്‍ക്കാഴ്ചകളാണ്. ഒരു ഗ്രീക്ക് സങ്കല്‍പ്പത്തിനെ ആധാരമാക്കി രചിച്ച ‘ക്രോക്കസിന്റെ നിയോഗങ്ങള്‍’ ‘ജ്വാല’എഡിറ്റോറിയല്‍ ബോര്‍ഡംഗമായ ശ്രീമതി ബീന റോയിയുടെ പ്രണയാത്മകമായ ഒരു കവിതയാണ്.
ബാബു ആലപ്പുഴയുടെ നര്‍മ്മകഥ ‘തൊഴിലൊറപ്പ്’, ഡോണ മയൂരയുടെ കവിത ‘ഉപ്പന്‍ കൊഴിച്ചിട്ട തൂവല്‍, ജ്യോതി ലക്ഷ്മി സി നമ്പ്യാര്‍ എഴുതിയ കഥ ‘പ്രണയകുപ്പിയിലെ പുതിയ വീഞ്ഞ്’, രാജ് മോഹനന്റെ കവിത ‘മഴ’ മുതലായവയാണ് ഈ ലക്കത്തിലെ മറ്റുള്ള വിഭവങ്ങള്‍. ജ്വാല മാര്‍ച്ച് ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക:
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല