രാവിലെയുണ്ടാകുന്ന ഹൃദയാഘാതങ്ങള്‍ മറ്റ് സമയങ്ങളിലുണ്ടാകുന്ന ഹൃദയാഘാതത്തേക്കാള്‍ ഏറെ വേദനാജനകവും അപകടകരവുമാണെന്ന് പഠനറിപ്പോര്‍ട്ട്. രാവിലെ ആറിനു ശേഷവും ഉച്ചയ്ക്ക് മുമ്പും ഉണ്ടാകുന്ന ഹൃദയാഘാതങ്ങളാണ് കൂടുതല്‍ മാരകമാവുന്നത്.
ഈ സമയങ്ങളില്‍ ഹൃദയാഘാതമുണ്ടാകുമ്പോള്‍ മസിലുകള്‍ക്ക് കൂടുതല്‍ വേദന അനുഭവപ്പെടും. മനുഷ്യശരീരത്തിലെ രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരിക്കാം ഇതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. ഹോര്‍മോണിലെ ഏറ്റക്കുറച്ചിലുകളും ചയാപചയങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളും ഒരുപരിധിവരെ ഇതിന് കാരണമാകുന്നുണ്ട്.
ഹൃദയാഘാതം കൂടുതലും രാവിലെയാണ് ഉണ്ടാകാറുള്ളതെന്ന് നേരത്തേ തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പുലര്‍കാലത്തുണ്ടാകുന്ന ഹൃദയാഘാതം കൂടുതല്‍ വേദനയുള്ളതാണെന്ന് ഇപ്പോഴാണ് തെളിഞ്ഞത്. സ്‌പെയിനിലെ നാഷണല്‍ സെന്റര്‍ ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ റിസര്‍ച്ചിലെ ഡോക്ടര്‍മാരാണ് 811 രോഗികളെ നിരീക്ഷിച്ച് ഈ നിഗമനത്തിലെത്തിയത്.
ഹൃദയാഘാത സമയത്ത് ഹൃദയത്തിലെ മസിലുകളിലുണ്ടാകുന്ന അവസ്ഥകള്‍ പരിശോധിച്ചാണ് ഡോക്ടര്‍മാര്‍ വേദനയുടെ തോത് അളന്നത്. രാവിലെ ആറിനും ഉച്ചയ്ക്കുമിടയ്ക്ക് അറ്റാക്ക് ഉണ്ടാകുമ്പോള്‍ വേദന കൂടാനുള്ള സാധ്യത 21 ശതമാനം അധികമാണെന്നാണ് പഠനത്തില്‍ തെളിഞ്ഞിട്ടുള്ളത്. മെഡിക്കല്‍ ജേര്‍ണലായ ഹാര്‍ട്ടില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല