സജീഷ് ടോം (യുക്മ ദേശീയ സെക്രട്ടറി): ക്രിസ്തുമസ് ഒരു ആഗോള മഹോത്സവമാണ്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ആഘോഷിക്കുന്ന ഉത്സവവും ഒരുപക്ഷേ ക്രിസ്തുമസ് തന്നെ ആയിരിക്കും. മതപരവും സാമൂഹ്യവും ആത്മീയവും ധാര്‍മ്മീകവുമൊക്കെയായ നിരവധി മാനങ്ങളില്‍ ക്രിസ്തുമസ് ചര്‍ച്ചചെയ്യപ്പെടുന്നു.
ക്രിസ്തുമസ് ചിന്തകള്‍ എന്നും നമ്മെ കൂട്ടികൊണ്ട് പോകുന്നത് നക്ഷത്ര വിളക്കുകളും പുല്‍ക്കൂടുകളും വെളിച്ചം വിതറുന്ന കുളിരണിഞ്ഞ സന്ധ്യകളിലേക്കാണ്. മരക്കൊമ്പുകളില്‍ തൂക്കിയ നക്ഷത്രങ്ങളും മുറ്റത്ത് കെട്ടിയ പുല്‍ക്കൂടും നാട്ടുവഴികളിലൂടെ കടന്നുവരുന്ന കരോള്‍ ഗായക സംഘങ്ങളും മഞ്ഞണിഞ്ഞ ഓര്‍മ്മകളായി നമ്മുടെയെല്ലാം മനസുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടാകും.
നല്ല മനസുള്ള എല്ലാ മാലോകര്‍ക്കും ഹൃദയ സമാധാനം വാഗ്ദാനം ചെയ്യുന്ന തിരുന്നാളാണ് ക്രിസ്തുമസ്. ദൈവവും മനുഷ്യനുമായി നല്ല ബന്ധം പുലര്‍ത്തി ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന മാനവകുലത്തിന്റെ മുഴുവന്‍ ഉത്സവമാണ് ദൈവപുത്രന്റെ ഈ മനുഷ്യാവതാര മഹാദിനം. ദൈവത്തെ വിസ്മരിച്ചുകൊണ്ടുള്ള മനുഷ്യ മഹത്വവും, മനുഷ്യാന്തസിനെ ഹനിച്ചുകൊണ്ടുള്ള ആത്മീയതയും ഈ ലോകത്തില്‍ ആത്യന്തികമായ സമാധാനം സ്ഥാപിക്കുന്നവയല്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുന്നു ക്രിസ്തുമസ്.
ഉണ്ണിയേശു പിറന്നുവീണ കാലിതൊഴുത്തും, ആ കാലിതൊഴുത്തിനെ വലയം ചെയ്യുന്ന ദൈവത്തിന്റെ വലിയ കാരുണ്യവും തന്നെയാണ് എക്കാലവും ക്രിസ്തുമസ് നല്കുന്ന മഹത്തായ സന്ദേശം.
കാലിതൊഴുത്തുകള്‍ ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും പ്രതീകങ്ങളാണ്. എന്നാല്‍ തലചായ്ക്കാനൊരിടം തെരയുന്ന മനുഷ്യപുത്രര്‍ക്ക് കാലിതൊഴുത്തുകള്‍ പോലും പറുദീസാകളാകുന്നു എന്നതാണ് ജീവിത യാഥാര്‍ധ്യം.
കാലിതൊഴുത്തില്‍ പിറക്കേണ്ടിവന്ന ദൈവപുത്രനെക്കുറിച്ചോര്‍ത്ത് ലോകം പരിതപിക്കുന്നുണ്ട്. എന്നാല്‍ ഉണ്ണിയേശുവിന് പിറന്നുവീഴാന്‍ ആ പുല്‍ക്കൂട് പോലും ലഭിക്കാതെ വന്നിരുന്നുവെങ്കിലോ എന്ന് നാമാരും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവില്ല.
പെരുവഴിയില്‍ ഒരു മറ പോലുമില്ലാത്തിടത്ത് തന്റെ കുഞ്ഞിന് ജന്മം നല്‌കേണ്ടി വരികയെന്ന ഒരമ്മയുടെ മനോവേദനയുടേയും ദൈന്യതയുടേയും മുന്നില്‍ മനസലിഞ്ഞ ദൈവത്തിന്റെ വരദാനമായിരുന്നു ആ പുല്‍ക്കൂട്. തന്റെ ഭാര്യ ആ നാട്ടുവഴിയില്‍, വഴിയാത്രികര്‍ നോക്കിനില്‍ക്കേ അവഹേളിതയും സഹതാപപാത്രവുമായി പ്രസവിക്കേണ്ടിവരുമല്ലോ എന്ന നീതിമാനായ ഒരു ഭര്‍ത്താവിന്റെ അന്ത:സംഘര്‍ഷത്തിന്റേയും ആത്മനൊമ്പരത്തിന്റേയും മുന്നില്‍ കരളലിഞ്ഞ ദൈവത്തിന്റെ കനിവും കാരുണ്യവുമായിരുന്നു ആ പുല്‍ക്കൂട്. അതേ, പുല്‍ക്കൂടുകള്‍ പലപ്പോഴും ദൈവത്തിന്റെ നിലക്കാത്ത കരുണയുടേയും കരുതലിന്റേയും അടയാളങ്ങള്‍ ആയിത്തീരാറുണ്ട്. കരഞ്ഞപേക്ഷിക്കുന്ന മനുഷ്യപുത്രന് സ്വര്‍ഗം തുറന്നിറങ്ങിവരുന്ന സാന്ത്വനത്തിന്റെയും കൃപയുടെയും ശാന്തിദായകമായ വലിയ അടയാളങ്ങള്‍.
കയറിക്കിടക്കുവാന്‍ ഒരു കൂരയോ, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുവാനൊരിടമോ ഇല്ലാത്ത ലോകജനസംഖ്യയുടെ പകുതിയോളം വരുന്ന ജനസമൂഹത്തിന് കാലിതൊഴുത്തുകള്‍ പോലും വലിയൊരു ആഡംഭരവസ്തുവാണെന്ന തിരിച്ചറിവാകണം പുല്‍ക്കൂടുകള്‍ നമുക്ക് നല്കുന്ന മാനവീകതയുടെ മഹത്തായ ക്രിസ്തുമസ് സന്ദേശം.
ഈറ്റ്‌നോവെടുക്കുന്ന സ്വന്തം പെണ്ണിന്റെ സ്ത്രീത്വത്തിന്റെ മാന്യത കാക്കുവാന്‍ ഒരു മറ തേടി വെപ്രാളപ്പെട്ടോടുന്ന യൗസേപ്പുമാര്‍ ഇന്നും നമുക്കിടയില്‍ ജീവിക്കുന്നുണ്ട്. ദാരിദ്ര്യവും രോഗങ്ങളും തളര്‍ത്തിയ ശരീരവുമായി, നിദ്രാ വിഹീനങ്ങളായ കണ്ണുകളുമായി കടത്തിണ്ണകളില്‍ അന്തിഉറങ്ങാന്‍വേണ്ടി കടകളടക്കുന്നതും കാത്ത് നില്‍ക്കുന്ന ദൈന്യതയാര്‍ന്ന മനുഷ്യരൂപങ്ങളില്‍ മേരിയേയും ഉണ്ണിയേശുവിനേയും നമുക്ക് കാണുവാന്‍ കഴിഞ്ഞേക്കും.
ക്രിസ്തുമസ് നല്‍കുന്ന സാമൂഹ്യ സന്ദേശം മഹത്തരമാണ്. വിട്ടുവീഴ്ചയില്ലാത്ത സാമൂഹ്യബോധത്തിന്റെയും സാമൂഹ്യ ഉത്തരവാദിത്വത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകളാകുന്നു പുല്‍ക്കൂടുകള്‍.
ജീവിതത്തില്‍ ഒരിക്കല്‍പോലും ഒരു പുതിയ വസ്ത്രം ധരിച്ചിട്ടില്ലാത്ത, ഒരിക്കല്‍ പോലും ഒരു സമ്മാനപ്പൊതി കിട്ടിയിട്ടില്ലാത്ത, പിറന്നുവീണ കാലം മുതല്‍ ഒരു നേരം പോലും വയറുനിറച്ച് ഭക്ഷണം കഴിച്ചിട്ടില്ലാത്ത, അന്യന്റെ ഉച്ചിഷ്ട്ടങ്ങള്‍ മാത്രം കഴിച്ച് വിശപ്പടക്കാന്‍ വിധിക്കപ്പെട്ട നിരാശ്രയരായ കോടിക്കണക്കിന് മനുഷ്യമക്കളുടെ ഇടയിലാണ് നാം ജീവിക്കുന്നത്. അവരേക്കാള്‍ എല്ലാ അര്‍ഥത്തിലും യോഗ്യരും അനുഗ്രഹിക്കപ്പെട്ടവരുമായി ജീവിക്കുവാന്‍ ഭാഗ്യം ലഭിച്ചിരിക്കുന്ന നമുക്ക് ആ ജനസമൂഹത്തോടുള്ള ഉത്തരവാദിത്വം ഓര്‍മ്മപ്പെടുത്തുന്ന തിരുന്നാള്‍ കൂടിയാവണം ക്രിസ്തുമസ്.
നമ്മുടെ എല്ലാ ഉത്തരവാദിതത്വങ്ങളും ആവശ്യങ്ങളും നിറവേറ്റിയശേഷം മറ്റുള്ളവരെ സഹായിച്ചു തുടങ്ങാമെന്ന് ആരും കരുതരുത്. ഈ ചെറിയ ജീവിതം എത്ര നീളുമെന്ന് നമുക്കറിയില്ലല്ലോ. നമ്മുടെ ആവശ്യങ്ങളുടേയും അത്യാവശ്യങ്ങളുടേയും അനാവശ്യങ്ങളുടേയും ഇടയിലൂടെതന്നെ സഹായം ആവശ്യമുള്ളവരെ കണ്ടെത്തി, സാധിക്കുന്ന സഹായം എത്തിച്ചുകൊടുക്കുവാന്‍ സാദാ സന്നദ്ധരാവുകയാണ് നാം ചെയ്യേണ്ടത്. അപ്പോള്‍ മാത്രമേ മനുഷ്യ ഹൃദയങ്ങളിലും ഈ സമൂഹത്തിലും പുല്‍ക്കൂടുകള്‍ പണിതുയര്‍ത്തപ്പെടുകയുള്ളൂ.
പുല്‍ക്കൂടുകള്‍ വലിയ പ്രതീകങ്ങളാണ്. ക്രിസ്തുമസിന് മാത്രം നാണയതുട്ടുകളുമായി ‘പുല്‍ക്കൂടു’കളെ സമീപിക്കുന്നവരാകാതെ, നിരന്തരമായ ഈ ജീവിത യാത്രയില്‍ വാടകയ്ക്ക് കിട്ടിയ കാലിതൊഴുത്ത്കളില്‍ മാത്രം കഴിയുവാന്‍ വിധിക്കപ്പെട്ടവരും, തലചായിക്കാന്‍ കാലിതൊഴുത്തുകള്‍ പോലും നിഷേധിക്കപ്പെട്ടവരുമായ നിരാലംബരായ മനുഷ്യമക്കളുടെ ഇടയിലേക്ക് സാന്ത്വനമായി സമാധാനമായി കടന്നു ചെല്ലുന്ന ദൈവപുത്രരാകുവാന്‍ ഓരോ പുല്‍ക്കൂടുകളും ഓരോ ക്രിസ്തുമസ് ആഘോഷങ്ങളും നമ്മെ ഓര്‍മ്മപ്പെടുത്തികൊണ്ടേയിരിക്കുന്നു.
എല്ലാ യു.കെ. മലയാളികള്‍ക്കും പ്രിയ വായനക്കാര്‍ക്കും നന്മ നിറഞ്ഞ ക്രിസ്തുമസിന്റെയും പ്രതീക്ഷാനിര്‍ഭരമായ പുതുവര്‍ഷത്തിന്റെയും മംഗളങ്ങള്‍ ഹൃദയപൂര്‍വ്വം ആശംസിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല