റസൂൽ പൂക്കുട്ടിക്ക് ശബ്ദലേഖനത്തിനുള്ള ഗോൾഡൻ റീൽ നാമനിർദേശം. കമൽ സാധനാ സംവിധാനം ചെയ്ത റോർ: സുന്ദർബൻസിലെ കടുവകൾ എന്ന ഹിന്ദി ചിത്രത്തിനാണ് നാമനിർദേശം ലഭിച്ചിരിക്കുന്നത്.
ഇഫക്ട്സ്, ഫോളി, ഡയലോഗ് എന്നീ വിഭാഗങ്ങളിലാണ് റോർ മത്സരിക്കുക. ഇറ്റാലിയൻ ചിത്രമായ ഹ്യൂമൻ ക്യാപിറ്റൽ, വെനിസ്വേലയിൽ നിന്നുള്ള ദി ലിബറേറ്റർ, ഇന്തോനേഷ്യൻ ചിത്രമായ റെയ്ഡ് 2, ജപ്പാൻ ചിത്രമായ ഉസുമാസ ലൈ ലൈറ്റ് എന്നിവയാണ് റോറിനൊപ്പം മത്സര രംഗത്തുള്ള മറ്റു ചിത്രങ്ങൾ.
സൗണ്ട് എഞ്ചിനീയർമാരുടെ കൂട്ടായ്മയായ മോഷൻ പിക്ചർ സൗണ്ട് എഡിറ്റേർസ്( എം. പി. എസ്. ഇ) യാണ് ഗോൾഡൻ റീൽ പുരസ്കാരം നൽകുന്നത്. സൗണ്ട് എഡിറ്റർമാർക്ക് വിവിധ വിഭാഗങ്ങളിലായി ഗോൾഡൻ റീൽ പുരസ്കാരത്തിന് മത്സരിക്കാം.
പുരസ്കാരത്തിന് നാമനിർദേശം ലഭിക്കുന്ന ആദ്യ ഏഷ്യൻ ചിത്രമെന്ന പ്രത്യേകതയും റോറിനുണ്ട്. 2009 ൽ സ്ലംഡോഗ് മില്ല്യണയർ എന്ന ചിത്രത്തിലൂടെ ശബ്ദമിശ്രണത്തിനുള്ള ഓസ്കർ ഇന്ത്യയിലെത്തിച്ചയാളാണ് പൂക്കുട്ടി. ഗോൾഡൻ റീൽ ഇന്ത്യയിലെത്തുമോ എന്നറിയാൻ അവാർഡ് പ്രഖ്യാപിക്കുന്ന ഫെബ്രുവരി 15 വരെ കാത്തിരിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല